ഇന്ത്യൻ സ്‌കൂൾ സംസ്‌കൃത ദിനം ആഘോഷിച്ചു

മനാമ: ഇന്ത്യൻ സ്‌കൂളിൽ സംസ്കൃത ഭാഷാ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. സംസ്കൃതം വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജഷന്മാൾ ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷം സംസ്കൃത ഭാരതി ബഹ്‌റൈൻ കോർഡിനേറ്റർ ഹരീഷ് ശങ്കരൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പ്രിൻസിപ്പൽ വി.ആർ.പളനിസ്വാമി, വൈസ് പ്രിൻസിപ്പൽമാർ, പ്രധാനാദ്ധ്യാപകർ, വകുപ്പ് മേധാവി, ഭാഷാ അദ്ധ്യാപകർ എന്നിവർ സന്നിഹിതരായിരുന്നു.
സംസ്‌കൃത്തെ അടുത്തറിയുന്ന വിദ്യാർത്ഥികൾക്ക് അവരുടെ സംസ്കാരവുമായി ആഴത്തിൽ മനസിലാക്കാനും മികച്ച വൈജ്ഞാനിക വികസനം ഉറപ്പാക്കാനും ഉതകുമെന്നതിനാൽ സംസ്‌കൃതം പഠിക്കുന്നത് വളരെ പ്രധാനമാണെന്ന് മുഖ്യാതിഥി ഹരീഷ് ശങ്കരൻ തന്റെ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. സംസ്കൃത ഭാഷ എത്ര ലളിതമാണെന്ന് ചെറിയ കഥകളിലൂടെ അദ്ദേഹം വിശദീകരിച്ചു.
പത്താം ക്ലാസ് വിദ്യാർത്ഥി പ്രണവ് അയ്യർ സ്വാഗതം പറഞ്ഞു. ചടങ്ങിൽ വിജയികൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും നൽകി. വിദ്യാർത്ഥി സ്നേഹ മുരളീധരൻ നന്ദി പറഞ്ഞു. വിദ്യാർത്ഥികളുടെ പൂർണ്ണ പങ്കാളിത്തവും അദ്ധ്യാപകരുടെ ആത്മാർത്ഥമായ പരിശ്രമവും മാനേജ്മെന്റിന്റെ മികച്ച പിന്തുണയും സംസ്കൃത ദിനാഘോഷം ശ്രദ്ധേയമാക്കി.