സൗദിയിൽ തൊഴിൽ കരാറുകളുടെ രജിസ്ട്രേഷൻ ഓൺലൈന്‍ വഴിയാക്കുന്നു


റിയാദ്: സൗദിയിൽ തൊഴിൽ കരാറുകളുടെ രജിസ്ട്രേഷൻ ഓൺലൈന്‍ വഴിയാക്കുന്ന പദ്ധതി അടുത്ത വർഷം മുതൽ പ്രാബല്യത്തിൽ വരും. സ്വകാര്യ മേഖലയിലെ മുഴുവൻ തൊഴിലാളികളുടെയും തൊഴിൽ കരാർ രജിസ്‌ട്രേഷൻ അടുത്ത വർഷാവസാനത്തോടെ പൂർത്തിയാകുമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു.
സ്വകാര്യ മേഖലയിൽ ജോലിചെയ്യുന്ന മുഴുവൻ തൊഴിലാളികളുടെയും തൊഴിൽ കരാറുകൾ ഓൺലൈൻ വഴി രജിസ്റ്റർ ചെയ്യുന്നതിന് സ്വകാര്യ സ്ഥാപനങ്ങളെ ഘട്ടം ഘട്ടമായി നിർബന്ധിക്കുമെന്ന് തൊഴിൽ മന്ത്രി അഹ്മദ് അൽ രാജ്‌ഹി പറഞ്ഞു. മുഴുവൻ തൊഴിലാളികളുടെയും തൊഴിൽ കരാർ രജിസ്‌ട്രേഷൻ അടുത്ത വർഷാവസാനത്തോടെ പൂർത്തിയാകും. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
തൊഴിലാളികൾ തൊഴിൽ കരാറിലെ വിവരങ്ങൾ പരിശോധിക്കുന്നതും അംഗീകരിക്കുന്നതും ഉറപ്പുവരുത്തും. തൊഴിൽ കേസുകളും തർക്കങ്ങളും കുറയ്ക്കുന്നതിനും പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുണ്ട്. ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ് പോർട്ടൽ വഴിയാണ് തൊഴിൽ കരാറുകൾ രജിസ്റ്റർ ചെയ്യുക. ഇത് പാലിക്കുന്നുണ്ടെന്ന് തൊഴിൽ മന്ത്രാലയം ഉറപ്പു വരുത്തുമെന്നും തൊഴിൽ മന്ത്രി പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed