ഭാര്യാസഹോദരനും പിതാവും അപകടത്തിൽ മരിച്ചു; വേദനയിലും താളം ഇടറാതെ രാജീവ് വേദിയിൽ

മനാമ:ബഹ്‌റൈനിൽ കഴിഞ്ഞ ദിവസം സോപാനം വാദ്യ സംഗമത്തോടനുബന്ധിച്ച് ആയിരക്കണക്കിന് ആസ്വാദക വൃന്ദം അണിനിരന്ന രാജേഷ് ചേർത്തലയുടെ ഓടക്കുഴൽ ഫ്യൂഷൻ അരങ്ങു തകർക്കുപോൾ അതിന് പിന്നണി വായിച്ച ബഹ്‌റൈനിലെ റിഥം കമ്പോസർ കലാകാരനായ രാജീവ് കല്ലട, തന്റെ ഭാര്യയുടെ പിതാവും സഹോദരനും നാട്ടിലുണ്ടായ വാഹന അപകടത്തിൽ മരിച്ചുവെന്ന ദുരന്ത വാർത്ത ഭാര്യയോട് എങ്ങനെ അറിയിക്കും എന്ന ആശങ്കയിൽ മനസ്സിനെ പാകപ്പെടുത്തുകയായിരുന്നു. പരിപാടിയുടെ രണ്ടാം ദിനമായ ഇന്നലെ ആയിരുന്നു രാജേഷ് ചേർത്തലയുടെ ഫ്യൂഷൻ അരങ്ങിലെത്തിയത് . പിന്നണിയിൽ വടകര റഫീഖിന്റെ ഓർക്കസട്രയ്‌ക്കൊപ്പം ആണ് റിഥം കമ്പോസർ വായിക്കാൻ രാജീവ് കല്ലട ഉണ്ടായിരുന്നത് . റിഹേഴ്‌സൽ പൂർത്തിയാക്കി പരിപാടി വേദിയിൽ കയറാൻ തയ്യാറെടുക്കുന്നതി തൊട്ടു മുൻപാണ് രാജീവിന്റെ മൊബൈൽ ഫോണിലേക്ക് നാട്ടിൽ നിന്നും ആ ദുരന്തവാർത്ത എത്തിയത്. രാജീവിന്റെ ഭാര്യ അശ്വതിയുടെ പിതാവ് കൊല്ലം ഓച്ചിറ ചങ്ങൻ കുളങ്ങര ഇടശ്ശേരി വീട്ടിൽ റാവു(73) സഹോദരൻ അനുരാഗ് (35) എന്നിവർ ആറ്റിങ്ങൽ ദേശീയ പാതയിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ചുവെന്നായിരുന്നു സന്ദേശം. വാർത്തയുടെ നടുക്കത്തിൽ കുറച്ച് നിമിഷം സ്തബ്ധനായ രാജീവിന് ഭാര്യയെ ഇക്കാര്യം അറിയിക്കാനുള്ള ധൈര്യം ഉണ്ടായില്ല . വേദിക്കു പിറകിൽ സഹപ്രവർത്തകരോട് ഇക്കാര്യം സൂചിപ്പിച്ചുവെങ്കിലും നാട്ടിൽ നിന്നുള്ള ഫോൺ കോളുകൾ തുരുതുരാ രാജീവിന്റെ ഫോണിലേക്കു വന്നുകൊണ്ടിരിക്കുകയായിരുന്നു. അപ്പോഴേയ്ക്കും ഫ്യൂഷൻ ആരംഭിക്കാനുള്ള സമയവും അടുത്തിരുന്നു.എങ്കിലും മനോധൈര്യം കൈവിടാതെ രാജീവ് വേദിയിൽ കയറി പരിപാടി പൂർത്തിയാക്കുകയായിരുന്നു. തുടർന്ന് വീട്ടിലെത്തിയാണ് ഭാര്യ യോട് ദുരന്ത വാർത്ത അറിയിച്ചത്.അശ്വതിയുടെ ഏക സഹോദരനാണ് അനുരാഗ്. അപകടത്തിൽ ഇവരെക്കൂടാതെ ചെട്ടികുളങ്ങര മെനോമ്പള്ളി ആശ്രമം മഠാധിപതി ഹരിഹര ചൈതന്യ(83)ഭാഗവത പാരായണാചാര്യൻ മാവേലിക്കര രാജൻ ബാബു (63) എന്നിവരും അപകട സ്‌ഥലത്ത് മരിച്ചു . ഇന്ന് രാവിലത്തെ വിമാനത്തിൽ രാജീവും കുടുംബവും നാട്ടിലേയ്ക്ക് തിരിച്ചു.