വാളയാര്‍ കേസില്‍ നാളെ പെണ്‍കുട്ടികളുടെ കുടുംബം ഹൈക്കോടതിയെ സമീപിക്കും; സി.ബി.ഐ അന്വേഷണം ആവശ്യപ്പെടും


പാലക്കാട്: കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് വാളയാർ ആക്ഷൻ കൗൺസിൽ നടത്തുന്ന റിലേ നിരാഹാര സമരം തുടരുന്നതിനിടയില്‍ വാളയാർ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പെൺകുട്ടികളുടെ കുടുംബം നാളെ ഹൈക്കോടതിയെ സമീപിക്കും. പ്രതികളെ വെറുതെ വിട്ട പാലക്കാട് പോക്സോ കോടതി വിധി റദ്ദാക്കണമെന്നും കേസ് സി.ബി.ഐ അന്വേഷിക്കണം എന്നുമാണ് മാതാപിതാക്കളുടെ ആവശ്യം.

കേസിലെ അഞ്ച് പ്രതികളിൽ നാലുപേരെയും വെറുതെ വിട്ട പാലക്കാട് പോക്സോ കോടതി നടപടി റദ്ദാക്കണമെന്നും പെൺകുട്ടികളുടെ മരണം സി.ബി.ഐ അന്വേഷിക്കണമെന്നുമാണ് ആവശ്യം. കേസിൽ അന്വേഷണം അട്ടിമറിച്ചെന്നും കൊലപാതക സാധ്യത അന്വേഷിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് രക്ഷിതാക്കൾ ഹൈക്കോടതിയെ സമീപിക്കുന്നത്. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് രക്ഷിതാക്കൾ കോടതിയെ സമീപിച്ചാൽ എല്ലാ സഹായവും നൽകുമെന്ന് നേരത്തേ നടത്തിയ കൂടിക്കാഴ്ചയില്‍ കുടുംബാംഗങ്ങള്‍ക്ക് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. വിധിപകർപ്പ് കിട്ടാൻ വൈകിയതിനാലാണ് കോടതിയിലെത്താൻ സമയമെടുത്തതെന്നാണ് കുടുംബാംഗങ്ങളുടെ വിശദീകരണം. 
അതേ സമയം, പോക്സോ കോടതി വിധിയ്ക്കെതിരെ സർക്കാർ അപ്പീൽ പോകുന്ന കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല. കേസ് സി.ബി.ഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതു താല്പര്യ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. എന്നാൽ, ഇക്കാര്യം ഉന്നയിച്ച് ബന്ധുക്കൾക്കോ അന്വേഷണ ഉദ്യോഗസ്ഥർക്കോ സമീപിയ്ക്കാമെന്ന് പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് പെൺകുട്ടികളുടെ അമ്മ ഹൈക്കോടതിയെ സമീപിക്കുന്നത്.

You might also like

Most Viewed