ബാഗില്‍ യുവതിയുടെ രണ്ട് കൈകള്‍; റഷ്യന്‍ ചരിത്രഗവേഷകന്‍ ഒലെഗ് സൊകോലോവ് കൊലപാതകക്കേസില്‍ അറസ്റ്റില്‍


സെന്റ് പീറ്റേഴ്സ്ബർഗ്: റഷ്യയിലെ ചരിത്ര ഗവേഷകൻ ഒലെഗ് സൊകോലോവ് കൊലപാതകക്കേസിൽ അറസ്റ്റിലായി. ഒലെഗിന്റെ പക്കലുണ്ടായിരുന്ന ബാഗിൽനിന്ന് യുവതിയുടെ മുറിച്ചു മാറ്റിയ കൈകൾ കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്. നദിയിൽ വീണ ഒലെഗിനെ രക്ഷപ്പെടുത്തി കരയിലെത്തിക്കുന്നതിനിടെയാണ് ഇദ്ദേഹത്തിന്റെ പക്കലുണ്ടായിരുന്ന ബാഗ് കണ്ടെത്തിയത്. ബാഗുപേക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മദ്യലഹരിയിൽ ഒലെഗ് നദിയിൽ വീണതാവാമെന്നാണ് പോലീസ് നിഗമനം.
പോലീസ് തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാളുടെ ഫ്ളാറ്റിൽ നിന്ന് വേർപെട്ട നിലയിൽ തലയും ശരീരവും കണ്ടെത്തിയിട്ടുണ്ട്. കൊലചെയ്യപ്പെട്ടത് ഒലെഗിന്റെ കാമുകി അനസ്തേസ്യ യെഷെങ്കോയാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇരുപത്തിനാലുകാരിയായ അനസ്തേസ്യ അറുപത്തിമുന്നുകാരനായ ഒലെഗുമായി കുറച്ചു നാളായി പ്രണയത്തിലായിരുന്നു. ഇരുവർക്കുമിടയിലുണ്ടായ കലഹമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ഒലെഗ് മൊഴി നൽകിയതായി പോലീസ് അറിയിച്ചു.
ഒലെഗിന്റെ ബന്ധുവായ യുവതിയാണ് കൊല്ലപ്പെട്ടതെന്ന് ആദ്യം റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പിന്നീട് പോലീസിന്റെ ചോദ്യം ചെയ്യലിനിടെയാണ് അനസ്തേസ്യയെ കൊല ചെയ്തതായി ഇദ്ദേഹം വെളിപ്പെടുത്തിയത്. നദിയിലെ തണുത്ത വെള്ളത്തിൽ ദീർഘനേരം കിടക്കേണ്ടി വന്നതിനെ തുടർന്ന് ഹൈപ്പോതെർമിയ എന്ന അവസ്ഥയിലായ ഒലെഗ് ഇപ്പോൾ ചികിത്സയിലാണ്.
നിരവധി ആരാധകരുണ്ടായിരുന്ന ഒലെഗ് നടത്തിയ കൊലപാതകത്തെ കുറിച്ച് വിവിധ രീതിയിലാണ് ആളുകൾ പ്രതികരിച്ചത്.

You might also like

Most Viewed