സോഷ്യൽ മീഡിയ പറയുന്നത് അതേ പടി വിശ്വസിക്കാൻ കഴിയില്ല :ബാലചന്ദ്രമേനോൻ

മനാമ :താൽക്കാലിക ലാഭത്തിനും ആളുകളുടെ ശ്രദ്ധ നേടാനും വേണ്ടി സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടുകയാണെന്നും സോഷ്യൽ മീഡിയ പറയുന്നത് അങ്ങനെ തന്നെ വിശ്വസിക്കാൻ കഴിയില്ലെന്നും ബാല ചന്ദ്ര മേനോൻ പറഞ്ഞു. ബഹ്‌റൈനിൽ 'ഡെത്ത് ഓഫ് സൊ ആൻഡ് സൊ 'എന്ന ഹ്രസ്വ ചിത്രത്തിന്റെ പ്രി വ്യൂ പ്രദർശനത്തിൽ വിശിഷ്ടാതിഥിയായി എത്തിയ അദ്ദേഹം കഴിഞ്ഞ ദിവസം മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് ഇപ്രകാരം പറഞ്ഞത്. സംവിധായകൻ രാധാകൃഷ്ണമേനോനും നടൻ ബാസ്റ്റിനു മായുള്ള വിഷയത്തിൽ രാധാകൃഷ്ണമേനോൻ എന്ത് പറഞ്ഞു എന്നുള്ള കാര്യം തനിക്കറിയില്ലെന്നും അത് കൊണ്ട് തന്നെ ഒരാളുടെ ഭാഗം മാത്രം കണ്ടിട്ട് ബഹ്‌റൈനിലുള്ള താൻ അഭിപ്രായം പറയുന്നില്ലെന്നും ആദ്ദേഹം വ്യക്തമാക്കി.ജാതി പറഞ്ഞുള്ള പരിഗണനയോ താഴ്ത്തിക്കെട്ടലോ നടന്നിട്ടുണ്ടെങ്കിൽ അത് തീർച്ചയായും തെറ്റാണ്. എന്നാൽ മതേതരത്വ രാജ്യം എന്ന് കൊട്ടിഘോഷിക്കുന്ന ഇന്ത്യയിൽ തെരെഞ്ഞെടുപ്പ് പോലും നടക്കുന്നത് ജാതിയുടെ പേരിലാണ്.ഇവിടെ പേരിനോടൊപ്പമുള്ള മേനോൻ എന്നുള്ളതും വിഷയമായി വന്നു. ബാസ്റ്റിൻ പല തവണ അത് ആവർത്തിക്കുന്നുണ്ട്. അത് കൊണ്ട് തന്നെ അദ്ദേഹവും ജാതി പറഞ്ഞാണ് ശ്രദ്ധ നേടാൻ ശ്രമിക്കുന്നത്. അത് ശരിയല്ല. പണ്ട് മദ്രാസിൽ ഉണ്ടായിരുന്നപ്പോൾ കുറെയധികം പട്ടിണി കിടന്നിട്ടുണ്ട്. എന്നാൽ ഇക്കാര്യം എല്ലായിടത്തും പറഞ്ഞു ശ്രദ്ധ നേടിയിട്ട് എന്താണ് കാര്യം,പട്ടിണി കിടന്നതിന് സിനിമയുമായിട്ട് എന്താണ് ബന്ധം എന്നും അദ്ദേഹം ചോദിച്ചു.സിനിമയിൽ പ്രവർത്തിച്ച കാലം ഇതുവരെയും തനിക്ക് ജാതിയുടെ പേരിൽ പ്രത്യേക പരിഗണനലഭിക്കുകയോ ലഭിക്കാതിരിക്കുകയോ ചെയ്തിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.വളയാറിലെ പെൺകുട്ടികളുടെ കൊലപാതകം പോലുള്ള ഗൗരവ തരമായ വിഷയങ്ങളാണ് നമുക്ക് മുന്നിൽ ഉള്ളത്. അതിനു പകരം ജാതിയും മതവുമൊക്കെ പറഞ്ഞുള്ള ചർച്ചകൾ ആണ് ഇവിടെ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സിനിമയിൽ ന്യൂ ജനറേഷൻ എന്ന ഒന്ന് ഇല്ലെന്നും എല്ലാ കാലത്തും അതാത് കാലഘട്ടങ്ങൾക്കനുശ്രുതമായി സിനിമ ഇറങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.ക്യാമ്പസുകൾ പഴയ കാലഘട്ടത്തിൽ നിന്നും ഏറെ മാറിയെങ്കിലും ക്യാംപസ് ജീവിതം ഇന്നും അതെ പടി നിലനിൽക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. മയക്കു മരുന്നിന്റെ ഉപയോഗം ക്യാംപസുകളിൽ സജീവമായത് സർഗ്ഗ സൃഷ്ടിപരമായ വാസനകളെ സ്വാധീനിക്കുന്നുണ്ട്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ ഇടിമുറി ഉണ്ടെന്നുള്ള വാർത്ത പോലും തന്നെ അതിശയപ്പെടുത്തിയതായും മുൻ കോളേജ് യൂണിയൻ ചെയർമാൻ കൂടിയായ ബാലചന്ദ്രമേനോൻ പറഞ്ഞു.