പവിഴ ദ്വീപിലെ  'പൂർണ്ണ ചന്ദ്രൻ  ' പുസ്തക പ്രകാശനവും യാത്രയയപ്പും  ഒക്ടോബർ 26 ന്


മനാമ:നീണ്ട മുപ്പത്തിയേഴു വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് യാത്രയാകുന്ന കോഴിക്കോട് സ്വദേശി  ചന്ദ്രൻ തിക്കോടി എന്ന യഥാർത്ഥ മനുഷ്യ സ്നേഹിക്ക് ഹൃദയമായ ഒരു യാത്രയയപ്പ് നൽകാനൊരുങ്ങുകയാണ് ബഹ്‌റൈൻ പ്രവാസി സമൂഹം. തന്റെ ജോലി സമയത്തിന് ശേഷം, ദിവസവുമുള്ള സൽമാനിയ ഹോസ്‌പിറ്റൽ സന്ദർശനത്തിലൂടെ ആരോരും സഹായത്തിനില്ലാത്ത ഒട്ടനവധി രോഗികൾക്കാണ് ഇതിനോടകം 'ചന്ദ്രേട്ടൻ' ആശ്രയമായത്. ഹോപ്പ് ബഹ്‌റൈന്‍റെ  നേതൃത്വത്തിൽ, 'പവിഴ ദ്വീപിന്റെ ആദരവ്' ഈ വരുന്ന ശനിയാഴ്ച്ച, ഒക്ടോബർ 26 ന് ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ബാബുരാജ് ഹാളിൽ വച്ച്  നടക്കുമെന്ന് സംഘാടകർ അറിയിച്ചു. വൈകിട്ട് 7 ന് ആരംഭിക്കുന്ന പൊതുസമ്മേളനം, ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡണ്ട്  ശ്രീ. പി.വി രാധാകൃഷ്‌ണപിള്ള ഉൽഘാടനം ചെയ്യും. വരും തലമുറയ്ക്ക് പ്രചോദനവും, മാതൃകയുമാക്കുക എന്ന ഉദ്ദേശത്തോടെ സഹപ്രവർത്തകരും, മറ്റു സംഘടനാ പ്രതിനിധികളും  ചന്ദ്രേട്ടനോടൊപ്പമുള്ള അനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന 'പവിഴ ദ്വീപിലെ പൂർണ്ണ ചന്ദ്രൻ' എന്ന പേരിട്ടിരിക്കുന്ന ഒരു ചെറു പുസ്‌തകവും പരിപാടിയുടെ ഭാഗമായി  പ്രകാശനം ചെയ്യുന്നു. ബഹ്റൈനിലെ വിവിധ സംഘടനപ്രവര്‍ത്തകരും സാമൂഹിക പ്രവര്‍ത്തകരും ചടങ്ങില്‍ സംബന്ധിക്കും.   ചന്ദ്രേട്ടനെന്ന മഹത്‌വ്യക്തിയോടുള്ള സ്നേഹവും ആദരവും പ്രകടിപ്പിക്കുവാനുമായി ഈ അവസരം വിനിയോഗിക്കണമെന്ന് ബഹ്‌റൈൻ പ്രവാസി സമൂഹത്തോട് പ്രോഗ്രാം കൺവീനർ നിസ്സാർ കൊല്ലം അഭ്യർഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 33057631 എന്ന നമ്പരില്‍ ബന്ധപ്പെടുക.

You might also like

  • Lulu Exchange
  • Straight Forward

Most Viewed