ഇന്ത്യൻ ക്ലബ്ബിൽ ശനിയാഴ്ച ബ്രസ്റ്റ് കാൻസർ ബോധവൽക്കരണ ക്ലാസ്.
മനാമ: ഇന്ത്യൻ ക്ലബ് വനിതാവിഭാഗവും കാൻസർ കെയർ ഗ്രൂപ്പും ആസ്റ്റർ ക്ലിനിക്കിന്റെ സഹകരണത്തോടെ ബ്രസ്റ്റ് കാൻസർ ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു . ലോക ബ്രസ്റ്റ് കാൻസർ ബോധവൽക്കരണ മാസാചരണത്തിന്റെ ഭാഗമായി ഒക്ടോബർ 19 ശനിയാഴ്ച വൈകീട്ട് 7:30 മുതൽ 9:30 വരെ ഇന്ത്യൻ ക്ലബ്ബിൽ നടക്കുന്ന സെമിനാറിൽ ബഹ്‌റൈൻ കാൻസർ സൊസൈറ്റി, സൽമാനിയ കാൻസർ വിഭാഗം പ്രതിനിധികൾ സംസാരിക്കുമെന്ന് കാൻസർ കെയർ ഗ്രൂപ്പ് പ്രെസിഡന്റ് ഡോ: പി.വി. ചെറിയാൻ അറിയിച്ചു. തുടർന്ന് ആസ്റ്റർ ക്ലിനിക്കിലെ വനിതാ ഡോക്ടർ സ്ത്രീകൾക്ക് മാത്രമായി ബ്രസ്റ്റ് കാൻസർ നേരത്തെ കണ്ടുപിടിക്കുന്നതിനുള്ള പരിശീലനം, പ്രതിരോധ ചികിത്സാ രീതികൾ എന്നിവ വിശദീകരിക്കും.
പ്രസ്തുത പരിപാടിയിലേക്ക് ഏവരെയും കുടുംബ സമേതം ക്ഷണിക്കുന്നതായി ഇന്ത്യൻ ക്ലബ് പ്രെസിഡന്റ് സ്റ്റാലിൻ ജോസഫ്, ജനറൽ സെക്രട്ടറി ജോബ് എം. ജെ., കാൻസർ കെയർ ഗ്രൂപ്പ് ജനറൽ സെക്രട്ടറി കെ.ടി. സലിം എന്നിവർ അറിയിച്ചു.

