ചിരന്തന മാധ്യമ പുരസ്കാരങ്ങള്‍ സമ്മാനിച്ചു; അതിവിശിഷ്ട മാധ്യമ വ്യക്തിത്വ പുരസ്കാരം തോമസ് ജേക്കബിന്


മനാമ: പ്രമുഖ ധനവിനിമയ സ്ഥാപനമായ യു.എ.ഇ എക്സ്ചേഞ്ചും യു.എ.ഇയിലെ പ്രശസ്ത സാംസ്കാരിക സംഘടനയായ ചിരന്തന കലാസാംസ്കാരിക വേദിയും ചേർന്ന് യശഃശരീരനായ മാധ്യമപ്രവർത്തകർ പി.വി.വിവേകാനന്ദൻ, വി.എം. സതീഷ്, രാജീവ് ചെറായി എന്നിവരുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ മാധ്യമപുരസ്കാരങ്ങളുടെ സമർപ്പണവും അനുസ്മരണവും ഷാർജയില്‍ നടന്നു. ചടങ്ങില്‍ യശഃശരീരനായ പത്രപ്രവർത്തകൻ പി.വി വിവേകാനന്ദന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ അതിവിശിഷ്ട മാധ്യമ വ്യക്തിത്വ പുരസ്കാരം മലയാള പത്രപ്രവർത്തകരിലെ കുലപതിയും കേരള പ്രസ് അക്കാദമി മുൻ അദ്ധ്യക്ഷനുമായ തോമസ് ജേക്കബിന് സമ്മാനിച്ചു.
ഷാർജ അൽ വഹ്ദാ മെഗാ മാളിന് സമീപമുള്ള റയാൻ ഹോട്ടലിൽ നടന്ന പരിപാടിയിൽ യു.എ.ഇയിലെ കലാ സാംസ്കാരിക സാഹിത്യ പൊതുപ്രവർത്തന മാധ്യമരംഗത്തെ പ്രമുഖർ പങ്കെടുത്തു. കേരള പ്രസ് അക്കാദമി മുൻ അദ്ധ്യക്ഷൻ തോമസ് ജേക്കബ്, പി.പി ശശീന്ദ്രൻ, ബിൻസാൽ അബ്ദുൽ ഖാദർ, ജസിത സഞ്ജിത്ത്, നിസാർ സെയ്ദ്, ഷിനോജ് ഷംസുദ്ദീൻ, കമാൽ കാസിം, അലക്സ് തോമസ് എന്നിവർ പുരസ്കാരങ്ങളും ഏറ്റുവാങ്ങിയ ചടങ്ങില്‍ , യു.എ.ഇ എക്സ്ചേഞ്ച് പ്രസിഡണ്ട് വൈ. സുധീർ കുമാർ ഷെട്ടി മുഖ്യാതിഥിയായിരുന്നു.
ബഹ്റൈനിൽ മലയാള മാധ്യമങ്ങളുടെ സ്ഥാപനത്തിനും വിജയത്തിനും നേതൃത്വം നല്കിയ ഫോർ പി.എം ന്യൂസ്, ദി ഡെയ്ലി ട്രിബ്യൂൺ, വീക്കെൻഡർ എന്നിവയുടെ ചെയർമാൻ ഉണ്ണികൃഷ്ണൻ പുറവങ്കരയെ ചടങ്ങില്‍ ആദരിച്ചു. എം.കെ അബ്ദുറഹ്മാൻ, മുഷ്താഖ് അഹ്മദും ആദരവും ഏറ്റുവാങ്ങി.
കഴിഞ്ഞ വർഷം അന്തരിച്ച മാധ്യമപ്രവർത്തകൻ വി.എം സതീഷിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തുന്ന ഗൾഫിലെ ഇംഗ്ലീഷ് മാധ്യമങ്ങളിലെ മികച്ച ഇന്ത്യൻ പത്രപ്രവർത്തകനുള്ള പുരസ്കാരം ‘ഗൾഫ് ന്യൂസ്’ സിനിയർ റിപ്പോർട്ടർ ബിൻസാൽ അബ്ദുൾ ഖാദറിന് സമ്മാനിച്ചു. മികച്ച റേഡിയോ ജേർണലിസ്റ്റിനുള്ള രാജീവ് ചെറായി പുരസ്കാരം ‘ഏഷ്യാനെറ്റ് റേഡിയോ’യിലെ സിനീയർ ബ്രോഡ് കാസ്റ്റ് ജേർണലിസ്റ്റ് ജസിത സംജിത്തിന് സമ്മാനിച്ചു. ഗൾഫിലെ മികച്ച മാധ്യപ്രവ‍ത്തനത്തിനുള്ള പതിനേഴാമത് യു.എ.ഇ എക്സ്ചേഞ്ച് ചിരന്തന മാധ്യമ പുരസ്കാരങ്ങളിൽ അച്ചടി മാധ്യമരംഗത്തെ മികവിന് ‘മാതൃഭൂമി’യിൽ 32 വർഷത്തെ സേവന പാരന്പര്യമുള്ള ഇപ്പോൾ ഗൾഫിലെ മാതൃഭൂമി മാധ്യമങ്ങളുടെ വാർത്താവിഭാഗം തലവനായി പ്രവർത്തിക്കുന്ന പി.പി ശശീന്ദ്രനും ടെലിവിഷൻ ജേർണലിസത്തിൽ ‘മീഡിയ വൺ’ ചീഫ് ബ്രോഡ് കാസ്റ്റ് ജേർണലിസ്റ്റ് ഷിനോജ് ഷംസുദ്ദീനും ഓൺലൈൻ ജേണലിസത്തിൽ ഏഷ്യാവിഷൻ പോർട്ടലുകളുടെ ദുബായ് വാർത്താ ഡോട്ട് കോം. ഒമാൻ മലയാളം ഓൺലൈൻ റേഡിയോ, ബഹ്റൈൻ വാ‍ർത്താ ഡോട്ട് കോം എന്നിവയുടെ ചീഫ് എഡിറ്റർ നിസാർ സെയ്ദിദിനും പുരസ്കാരങ്ങൾ സമ്മാനിച്ചു. മികച്ച ഫോട്ടോ ജേർണലിസ്റ്റിനുള്ള പുരസ്കാരം ‘ഗൾഫ് ടുഡേ’ പത്രത്തിലെ ഫോട്ടോഗ്രാഫർ കമാൽ കാസിമിനും മികച്ച വീഡിയോ ജേർണലിസ്റ്റിനുള്ള പുരസ്കാരം എൻ.ടി.വിയിലെ ക്യാമറമാൻ അലക്സ് തോമസിനുമാണ് സമ്മാനിച്ചത്. ഗൾഫ് ന്യൂസിൽ 36 വർഷം പൂർത്തിയാക്കിയ സീനിയർ ഫോട്ടോഗ്രാഫർ എം.കെ അബ്ദുറഹ്മാൻ എന്നിവരെയും ചടങ്ങിൽ ആദരിച്ചു. ഗൾഫിലെ മാധ്യമരംഗത്ത് മലയാളത്തിന്റെ യശസുയർത്തി അകാലത്തിൽ പൊലിഞ്ഞുപോയ വി.എം സതീഷിനെ അനുസ്്മരിച്ച് സാദിഖ് കാവിലും രാജീവ് ചെറായിയെ അനുസ്മരിച്ച് ഹിഷാം അബ്ദുൽ സലാമും സംസാരിച്ചു.
പി.വി വിവേകാനന്ദ് അതിവിശിഷ്ട മാധ്യമ വ്യക്തിത്വ പുരസ്കാര ജേതാവിന് ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഉപഹാരവും പൊന്നാടയും മറ്റു അവാർ‍ഡ് ജേതാക്കൾക്ക് കാൽ ലക്ഷം രൂപ വീതം യു.എ,ഇ എക്സ്ചേഞ്ച് ക്യാഷ് അവാർഡും പ്രശസ്തി പത്രവും ഉപഹാരവും പൊന്നാടയുമാണ് സമ്മാനിച്ചത്. ചടങ്ങിൽ ഫിറോസ് തമന്ന സ്വാഗതം ആശംസിച്ചു. ചിരന്തന പ്രസിഡണ്ട് പുന്നക്കൽ മുഹമ്മദലി അദ്ധ്യക്ഷനായിരുന്നു. യു.എ,ഇ എക്സ്ചേഞ്ച് പ്രസിഡണ്ട് വൈ. സുധീർകുമാർ ഷെട്ടി, മൊയ്തീൻ കോയ, സലാം പാപ്പിനിശ്ശേരി, ചിരന്തന ട്രഷറർ ടി.പി അഷ്റഫ്, വൈസ് പ്രസിഡണ്ട് സി.പി ജലീൽ എന്നിവരുൾപ്പെടെ നിരവധി പ്രമുഖർ പങ്കെടുത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed