ഒടിയനു 'ഒടി 'വച്ച് ഹർത്താൽ; ബി ജെ പിക്ക് മോഹൻലാൽ ആരാധകരുടെ പൊങ്കാല


ഒടിയൻ എന്ന ചിത്രത്തിന്റെ റിലീസിംഗ് നാളെ രാവിലെ നടക്കാനിരിക്കെ ബി ജെ പി നാളെ രാവിലെ മുതൽ ആഹ്വാനം ചെയ്ത ഹർത്താലിനെതിരെ മോഹൻലാൽ ആരാധകർ പ്രതിഷേധിച്ചുതുടങ്ങി. ബി ജെ പി കേരളം പേജിൽ നേതാക്കളെ പുലഭ്യം പറഞ്ഞു പൊങ്കാലയിട്ടാണ് അവർ തങ്ങളുടെ പ്രതിഷേധം അറിയിച്ചത്. ഹർത്താൽ പ്രഖാപിച്ചു മിനിറ്റുകൾക്കുള്ളിൽ തന്നെ ആയിരക്കണക്കിന് ആരാധകരാണ് സോഷ്യൽ മീഡിയ വഴി ബിജെ പിയുടെ ഹർത്താലിനെതിരെ കലാപക്കൊടി ഉയർത്തിയത്. ബി ജെ പി അനുയായികൾ ആയ മോഹൻലാൽ ആരാധകർ തന്നെ ചിലർ പാർട്ടിയുടെ തീരുമാനത്തെ എതിർത്ത് രംഗത്തു വന്നുവെന്നുള്ളത് നേതാക്കളെ അലോസരപ്പെടുത്തുന്നുണ്ട്.ഒരാളുടെ ജീവന് ഹാനി സംഭവിച്ചെങ്കിൽ, അതിനെ ഏറ്റവും വ്യസനത്തോടെ തന്നെ കാണുന്നുവെന്നും എന്നാൽ ഹർത്താൽ നടത്തി ജനജീവിതം സ്തംഭിപ്പിക്കുന്ന നടപടി ന്യായീകരിക്കാനാവില്ലെന്നും മോഹൻലാൽ ഫാൻസുകാർ പറയുന്നു.എന്നാൽ ദേശീയ രാഷ്ട്രീയ പാർട്ടിയുടെ ഹർത്താലിൽ മോഹൻലാൽ ഫാൻസിനെ ഭയന്ന് സിനിമാ തീയറ്ററുകൾ തുറന്നാൽ  ഹർത്താലിനെ അനുകൂലിക്കുന്നവർ തങ്ങൾക്കു വല്ല നാശ നഷ്ടവും വരുത്തിയാൽ ഉണ്ടാകുന്ന നഷ്ടങ്ങൾ ഫാൻസ്‌  ഏറ്റെടുക്കുമോ എന്നു ചില തീയറ്റർ ഉടമകളും ഭയക്കുന്നു. ഏതായാലും ഒരു കാര്യം ഉറപ്പ്. ഒടിയന്റെ റിലീസ് നാളെ നടന്നാലും ഇല്ലെങ്കിലും ഒടിയന്റെ ആരാധകരെക്കൊണ്ട്  ബി ജെ പിക്ക് നാളത്തെ ദിവസം തലവേദനയാകും എന്നുള്ള കാര്യം ഉറപ്പ് .

You might also like

  • Lulu Exchange
  • Straight Forward

Most Viewed