'മാപ്പ്' ഏറ്റില്ല. ദീപ നിഷാന്ത് കേരളീയ സമാജം പുസ്തകോത്സവത്തിൽ ഉണ്ടാകില്ല
മനാമ: കവിതാ മോഷണ വിവാദവുമായി ബന്ധപ്പെട്ട് അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിഷാന്ത് പൊതു സമൂഹത്തോട് മാപ്പ് ചോദിച്ചുവെങ്കിലും ബഹ്‌റൈൻ കേരളീയ സമാജം ഡി സി ബുക്സ്മായി സഹകരിച്ചു ഡിസംബർ 13 മുതൽ ആരംഭിക്കാനിരിക്കുന്ന പുസ്തകോത്സവത്തിൽ അവരുടെ സാന്നിധ്യം ഉണ്ടാകില്ലെന്ന് ഉറപ്പായി. നേരത്തെ അവരെ വിശിഷ്ടാതിഥികളുടെ പട്ടികയിൽ ഉൾപ്പെടുത്തി പുസ്തകോത്സവത്തിൽ സംബന്ധിക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും സാഹിത്യ ലോകത്ത് അവരുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുകയും അവർക്കെതിരെ പൊതു സമൂഹത്തിൽ നിന്നും പ്രതിഷേധം ഉയരുകയും ചെയ്ത സാഹചര്യത്തിൽ അതിഥിപ്പട്ടികയിൽ നിന്നും ദീപയെ ഒഴിവാക്കുകയായിരുന്നു.
അതേസമയം മീശ എന്ന നോവൽ പ്രസിദ്ധീകരിച്ചതിന് തുടർന്ന് വലിയൊരു വിഭാഗത്തിന്റെ എതിർപ്പ് നേരിടേണ്ടി വന്ന എഴുത്തുകാരൻ ഹരീഷ് അതിഥി ആയി എത്തുവാനാണ് സാധ്യത. ഇത് സംബന്ധിച്ചും പ്രതിഷേധങ്ങൾ ഉണ്ടെങ്കിലും ഇക്കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ലെന്ന് സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള പറഞ്ഞു.
മീശ എന്ന നോവൽ മാതൃഭൂമി പ്രസിദ്ധീകരിക്കുകയും വലിയ എതിർപ്പുകൾ ഉണ്ടായപ്പോൾ പിൻവലിക്കുകയും ചെയ്തപ്പോൾ മീശ വെറും ഒരു സാഹിത്യ സൃഷ്ടി എന്ന നിലയ്ക്ക് ഏറ്റടുത്തു സധൈര്യം പ്രസിദ്ധീകരിച്ചത് ഡി സി ബുസ്കാണ്. അവരുടെ പുസ്തക വിൽപ്പനയിൽ തന്നെ റെക്കോർഡ് നേട്ടം ഉണ്ടാക്കിയ പുസ്തകത്തിന്റെ രചയിതാവിനെ ബഹ്‌റൈൻ പുസ്തകമേളയിൽ കൊണ്ടുവരുന്നതിന് ഡി.സി ബുക്‌സീനും താല്പര്യമുണ്ടാകുമെന്നുള്ളമെന്നുള്ള കാര്യം ഉറപ്പാണ്. ദീപയുടെയും ഹരീഷിന്റെയും കാര്യത്തിൽ രണ്ടു സമീപനമാണ് കൈക്കൊള്ളേണ്ടത് എന്നാണ് ഇക്കാര്യത്തിൽ പൊതു സമൂഹം സോഷ്യൽമീഡിയയിൽ കൂടി ആവശ്യപ്പെടുന്നത്.
ദീപ ചെയ്ത കുറ്റം സംശയാതീതമായി തെളിയുകയും അവർ തന്നെ മാപ്പ് ചോദിക്കുകയും ചെയ്താണ്. അത് അവർ എടുക്കുന്ന നിലപാടുകളെയോ അവരുടെ മുൻ രചനകളെയോ റദ്ദ് ചെയ്യുന്നില്ലെങ്കിലും അവരുടെവിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടു കഴിഞ്ഞു. സാഹിത്യം പഠിക്കുകയും, പുസ്തകങ്ങൾ വായിക്കുകയും, എഴുത്തുകാരെ സാംസ്കാരിക നായകന്മാരായി കണക്കാക്കുകയും ചെയ്യുന്ന ഒരു വലിയ കൂട്ടം മനുഷ്യർക്ക് മുന്നിൽ ദീപ ഒരു തെറ്റായ മാതൃകയാണ്.
എന്നാൽ ഹരീഷിന്റെ പുസ്തകം വായിച്ചിട്ടു പോലുമില്ലാത്ത ചെറിയ ഒരു കൂട്ടം രാഷ്ട്രീയ ലക്ഷ്യങ്ങളോടെ ഇത്തരം ഒരു നീക്കം നടത്തുമ്പോൾ അത് ചേർന്ന് നിന്ന് പ്രതിരോധിക്കേണ്ടത് പുസ്തകങ്ങളെയും സ്വതന്ത്ര അഭിപ്രായങ്ങളെയും ഇഷ്ടപ്പെടുന്ന ഏതൊരാളുടെയും കടമയാണെന്നാണ് സോഷ്യൽ മീഡിയയിലൂടെ ചിലർ അഭിപ്രായപ്പെടുന്നത്.
ഹരീഷിനെ ഒഴിവാക്കിയാൽ അതൊരു തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്നും തീർത്തും അപ്രധാനമായ ഒരു കഥാപാത്രത്തിന്റെ പ്രസ്താവനയിൽ പിടിച്ചുള്ള ഒരുതരത്തിലുള്ള അവഹേളനവും ഇല്ലെന്നും ചിലർ അഭിപ്രായപ്പെടുന്നു. ചിലർക്ക് ഭിന്നാഭിപ്രായം ഉണ്ടെങ്കിലും ബഹ്‌റൈൻ മലയാളികളുടെ ഒരു പൊതുവേദി എന്ന നിലയിൽ സമാജത്തിൽ എല്ലാ അഭിപ്രായക്കാരും വരണം എന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്.
എന്തായാലും പുസ്തകോത്സവം ബഹ്‌റൈൻ മലയാളി സമൂഹത്തിന്റെ സാംസ്കാരികോത്സവമായി മാറുമെന്ന് സംഘാടകർ അറിയിച്ചു . ഡിസംബർ 13 മുതൽ 22 വരെ യുള്ള ദിവസങ്ങളിലാണ് സമാജത്തിൽ വച്ച് അന്താരാഷ്ട്ര പുസ്തകോത്സവം നടക്കുക. ഡിസംബർ 13 രാത്രി 8 മണിക്കുനടക്കുന്ന പ്രൗഢ ഗംഭീരമായ സദസ്സിൽ വച്ച് ചലച്ചിത്ര നടനും സംവിധായകനുമായ പ്രകാശ് രാജാണ് മേളയുടെ ഉൽഘാടനം നിർവ്വഹിക്കുന്നത്.കഥ,കഥേതര വിഭാഗം,നോവൽ,ചെറുകഥകൾ,കവിതകൾ,ചെറുകഥകൾ,ഉപന്യാസങ്ങൾ,കൂടാതെ പ്രമുഖരുടെ പാചക പുസ്തകങ്ങൾ,കുട്ടികൾക്കുള്ള വലിയൊരു വിഭാഗം,വിദ്യാർഥികൾക്കുള്ള ഡിക്ഷ്ണറികൾ,സർവകലാശാലാ പുസ്തകങ്ങൾ തുടങ്ങി വലിയൊരു പുസ്തക ശേഖരമാണ് പുസ്തകോത്സവത്തിൽ ഒരുക്കുന്നത്
