ഐ സി ആർ എഫ് സ്പെക്ട്ര- കാർണിവൽ ഒരുക്കങ്ങളായി

മനാമ: ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐസിആർഎഫ്) സംഘടിപ്പിക്കുന്ന ഈ വർഷത്തെ ആർട്ട് കാർണിവൽ ‘സ്പെക്ട്ര 2018’നുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വിദ്യാർത്ഥികളുടെ കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനു ലക്ഷ്യമിട്ടാണ് ഈ പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. ബഹ്റൈനിലെ ഇന്നുവരെ സംഘടിപ്പിച്ചതിൽ ഏറ്റവും വലിയ ആർട്ട്കാർണിവലാണ് ഫാർബർ കാസ്റ്റലിന്റെ ‘സ്പെക്ട്ര 2018’ കാർണിവൽ’. ഡിസംബർ 14 വെള്ളിയാഴ്ച ബഹ്റൈൻ ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ വെച്ചാണ് പരിപാടി. ഐ.സി.ആർ.എഫിന്റെ പത്താമത്തെ ആർട്ട് കാർണിവലാണ് ഇത്. 2009ൽ തുടങ്ങിയപ്പോൾ 700 പേർ പങ്കെടുത്തു. ഇത്തവണ ബഹ്റൈനിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള ഏകദേശം 5000 കുട്ടികൾ പ്രാഥമിക റൗണ്ടുകളിൽ മത്സരിച്ചതിനുശേഷം ഈ മത്സരത്തിൽ പങ്കെടുക്കുന്നുണ്ടെന്ന് സംഘാടകർ പറഞ്ഞു.
എട്ട് വയസ്സ് മുതൽ പതിനൊന്നുവയസ്സ് വരെ, പതിനൊന്ന് മുതൽ പതിനാല് വയസ്സു വരെ, പതിനാലു മുതൽ പതിനെട്ട് വയസ്സു പ്രായമുള്ളവരെ നാല് ഗ്രൂപ്പായിട്ട് തരം തിരിച്ചാണ് മത്സരം നടക്കുക. ഈ വർഷം 18 വയസിന് മുകളിൽ പ്രായമായവരെ പങ്കെടുപ്പിക്കുന്നതിനായി മുതിർന്നവർക്കായുള്ള ഒരു മത്സരവും സംഘടപ്പിക്കുന്നുണ്ട്. സ്പെക്ട്രയുടെ തുടക്കം മുതൽ ടൈറ്റിൽ സ്പോൺസർ ആയ ഫേബർകാസ്റ്റൽ ആണ് ഈ പരിപാടിക്ക് എല്ലാ വസ്തുക്കളും സ്പോൺസർ ചെയ്യുന്നത്.
രാവിലെ 7.30 ന് ആരംഭിക്കുന്ന പരിപാടി 4.30 ന് പൂർത്തിയാകും. വിജയിക്കുന്ന കുട്ടികളുടെ സൃഷ്ടികളും മറ്റു ശ്രദ്ധേയമായ സൃഷ്ടികളും 2019ലെ വാൾ കലണ്ടറുകളിലും ഡെസ്ക് ടോപ്പ് കലണ്ടറുകളിലുമാക്കി ഈ ഡിസംബറിൽ നടത്തുന്ന ഫിനാലെയിൽ ഇന്ത്യൻ അംബാസിഡർ അലോക് കുമാർ സിൻഹ ലോഞ്ച് ചെയ്യുന്നതാണ്. ഈ ഓരോ കലണ്ടറുകളും ഓരോ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ക്ലബ്ബുകൾക്കും അസോസിയേഷനുകൾക്കും ബിസിനസുകാർക്കും നൽക്കുന്നതാണ്. ഇത്തവണ ‘ട്രിബ്യുട് ടു ബഹ്റൈൻ -ഇൻഡ്യൻ ഹെറിറ്റേജ് കാർണിവലും’ ഇതോടൊപ്പം നടക്കും. ഇന്ത്യയിലെ വൈവിധ്യമാർന്ന സംസ്കാരവും ഭക്ഷണരീതിയും പ്രദർശിപ്പിക്കുന്നതിന് ഡിസംബർ 14ന് ഈ വേദി സാക്ഷിയാകും.
ഇന്ത്യയിലെ 29 സംസ്ഥാനങ്ങളിൽ നിന്നുള്ള പരന്പരാഗത നൃത്തങ്ങളും, കൂടാതെ വസ്ത്രങ്ങൾ, വിവിധ ആഭരണങ്ങൾ എന്നിവയും പ്രദർശിപ്പിക്കുന്നതാണ്. അതുകൂടാതെ വിവിധ കലാ പരിപാടികൾ വൈകുന്നേരം 5 മണി മുതൽ വൈകിട്ട് 8 വരെ ഈ വേദിയിൽ ഉണ്ടായിരിക്കുന്നതാണ്. ബഹ്റൈനിലെ ഇന്ത്യൻ തൊഴിലാളികളെ സഹായിക്കുന്നതിനായിട്ടുള്ള ഫണ്ട് ശേഖരണം കൂടിയാണ് കാർണിവൽ.
2009ൽ ആരംഭിച്ച കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ഐ.സി.ആർ.എഫ് ഫാമിലി വെൽഫെയർ ഫണ്ട് ഇന്ത്യയിൽ 500 ദാരിദ്ര്യ കുടുംബങ്ങൾക്ക് സഹായം നൽകി, ഏകദേശം 5 കോടി രൂപ (ബി.ഡി. 300,000), നേരിട്ട് മരണപ്പെട്ട തൊഴിലാളികളുടെ ബന്ധുക്കളുടെ ബാങ്ക് അക്കൌണ്ടിലേക്ക് വിതരണം ചെയ്തതായി ഐ സി ആർ എഫ് ഭാരവാഹികൾ അറിയിച്ചു.
പരിപാടിയുടെ സുഗമമായ പ്രവർത്തനത്തിന്, ജനറൽ കൺവീനറായി റോസലിൻ റോയ് ചാർളിയെയും ജോയിന്റ് കൺവീനറായി അനീഷിനെയും തെരെഞ്ഞെടുത്തു. ഇവരുടെ നേതൃത്വത്തിൽ സജീവ സംഘാടക സമിതി രൂപീകരിച്ചു.
മറ്റു ഭാരവാഹികളായി നിഷ രംഗരാജൻ- (കൺവീനർ ഇന്ത്യൻ ഹെറിറ്റേജ് കാർണിവൽ), ബാലപാല സുബ്രഹ്മണ്യൺ (സ്പോൺസർഷിപ്പ് കമ്മിറ്റി ചെയർമാൻ), നിതിൻ ജേക്കബ് (രജിസ്ട്രേഷൻ ചുമതല), സുനിൽ കുമാർ (പെയിന്റിംഗ് മെറ്റീരിയൽ ഒരുക്കന്നതിന്റെ ചുമതല), മുരളി കൃഷ്ണൻ (ട്രോഫി, അവാർഡുകൾ ഒരുക്കുന്നതിന്റെ ചുമതല), സുധീർ തിരുനിലത്തിന് (ഹാൾ/ഇവന്റ് ഒരുക്കുന്നതിന്റെ ചുമതല), നാസർ (വോളണ്ടിയേഴ്സ് ക്യാപ്റ്റൻ), സുബൈർ (ഫുഡ് ഇൻചാർജ്) ജോൺ ഫിലിപ്പ് (മെഡിക്കൽ) എന്നിവരെയും തിരഞ്ഞെടുത്തു.