"ജയൻ മരിക്കുമ്പോഴും ഞാൻ ബഹ്‌റൈനിൽ തന്നെ ആയിരുന്നു" 38 വർഷത്തെ അവസാനിപ്പിച്ചു പ്രവാസി മടങ്ങുന്നു


മനാമ: 38 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിയിലേയ്ക്ക് മടങ്ങാനൊരുങ്ങുകയാണ് ബഹ്‌റൈൻ മനാമയിലെ അയക്കൂറ പാർക്കിനു സമീപത്തെ റഫീദ കഫ്റ്റീരിയയിലെ കണ്ണൂർ ചെറുകുന്ന് സ്വദേശി മനോഹരൻ പൂക്കോട്ടി. തന്റെ പ്രവാസ ജീവിതത്തിന്റെ ഓരോ വർഷങ്ങളും മനോഹരൻ  ഓർക്കുന്നത് ഓരോ സംഭവങ്ങളുമായി കൂട്ടി യോജിപ്പിച്ചാണ്.
പ്രശസ്ത  ചലച്ചിത്രനടനായിരുന്ന ജയൻ മരിച്ചത്  അറിയുന്നത് ബഹ്‌റൈനിൽ എത്തിയ കാലഘട്ടത്തിലാണ് എന്ന് അദ്ദേഹം ഓർക്കുന്നു . മനാമയിലെ കടയിൽ വൈകീട്ട് 5 മണിക്ക് ലഭ്യമാകുന്ന ആകാശവാണി ദൽഹി റിലേ മലയാളം വാർത്തയിൽ നിന്നാണ് ആ വാർത്ത കേട്ടത്. അതായിരുന്നു അന്ന് നാട്ടിൽ നിന്നുള്ള വിവരങ്ങൾ ലഭ്യമാക്കാനുള്ള ഏക മാർഗ്ഗം.
റേഡിയോ ഒരു പ്രത്യേക ദിശയിലേക്ക് ഒരാൾ പിടിച്ചു നിന്ന് ആന്റിന ഉയരത്തിലേക്ക് തിരിച്ചാണ്  ആ വാർത്തകൾ കേട്ടിരുന്നത്. അധികം  വ്യക്തമൊന്നുമല്ലെങ്കിലും മാതൃഭാഷയിൽ ,മാതൃ രാജ്യത്തു നിന്നു കേൾക്കുന്ന ആ വാർത്ത തന്നെയാണ് അന്നുണ്ടായിരുന്ന മലയാളികളെ സംബന്ധിച്ച ഏറ്റവും വലിയ   'ഉത്സവം '.
നിരവധി പേരെ ഗൾഫിലേക്ക് പ്രത്യേകിച്ച് ബഹ്റൈനിലേയ്ക്ക് എത്തിക്കുകയും ജീവിതമാർഗ്ഗം കാണിച്ചു കൊടുക്കുകയും ചെയ്ത ഇപ്പോൾ കണ്ണൂരിലേക്ക്  മടങ്ങി ബിസിനസ് രംഗത്തുള്ള കാദർ ഹാജി (പഴയ അൽ മുംതാസ് റസ്റ്റൊറന്റ് , ബഹ്‌റൈൻ) വഴിയാണ് താൻ ബഹ്റൈനില്‍ എത്തിയതെന്ന് മനോഹരൻ ഓർക്കുന്നു.
തന്റെ നാട്ടിലെ പഞ്ചായത്തിലെയും പരിസരത്തെയും നിരവധി ചെറുപ്പക്കാരെ ബഹ്‌റൈനിൽ എത്തിച്ചതും  അദ്ദേഹമാണെന്ന് മനോഹരൻ പറഞ്ഞു. മനാമയിൽ ഏറെ പ്രശസ്തമായി വര്ഷങ്ങളായി നിലനിന്നിരുന്ന അൽ മുംതാസ് റസ്റ്റോറന്റിൽ ജീവനക്കാരനായാണ് ജോലിയിൽ പ്രവേശിച്ചത്.
അതിനും മുൻപ് തന്നെ മുംബയിൽ രണ്ടു വര്ഷത്തെ പ്രവാസ ജീവിതം നയിച്ചാണ് ബഹ്റൈനിലേയ്ക്ക് വിമാനം കയറിയത്. 15 വർഷത്തോളം  ആദ്യത്തെ ജോലിസ്‌ഥലത്തു തന്നെ തുടർന്ന്. പിന്നീട് റസ്റ്റോറന്റ് അടച്ചപ്പോൾ റഫീദ കഫ്‌റ്റേരിയയിൽ ജ്യൂസ് മേക്കറായി ജോലി തുടർന്നു. നല്ലവരായ സ്‌ഥാപന ഉടമകളുടെ കീഴിൽ ഇപ്പോഴും ജോലി തുടർന്നും ചെയ്യാൻ താൽപ്പര്യം ഉണ്ടെങ്കിലും  വിസ അടിക്കാനുള്ള പ്രായപരിധി അവസാനിച്ചതുകൊണ്ട് മടങ്ങാൻ തീരുമാനിക്കുകയായിരുന്നു.
നീണ്ട കാലത്തെ പ്രവാസ ജോലിക്കിടയിൽ നാട്ടിലേയ്ക്ക് പോകാൻ എടുക്കുന്ന അവധി ഒഴിച്ചാൽ ഒരിക്കൽ പോലും ജോലിയിൽ അവധി എടുത്തിട്ടില്ലെന്നു മനോഹരൻ പറഞ്ഞു. കുടുംബത്തെ ബഹ്റൈനിലേയ്ക്ക് കൊണ്ടുവരാൻ കഴിഞ്ഞില്ലെങ്കിലും മക്കളുടെ വിദ്യാഭ്യാസം നല്ല നിലയിൽ മുന്നോട്ടു കൊണ്ട് പോകാനും  അധിക ബാധ്യതകൾ ഇല്ലാതെ ജീവിതം കുരുപ്പിടിപ്പിക്കാനും കഴിഞ്ഞു എന്നുള്ളതാണ് തന്നെ സംബന്ധിച്ച് പ്രവാസം നൽകിയ ഏറ്റവും വലിയ നേട്ടമെന്നും മനോഹരൻ ഉറച്ചു വിശ്വസിക്കുന്നു. മൂത്തമകൾ ശർമ്മിള കണ്ണൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ എച്ച് ആർ വിഭാഗത്തിൽ ജോലി ചെയ്യുന്നു. രണ്ടാമത്തെ മകൾ ഗോപിക സർസെയ്‌ദ് കോളേജിൽ മൈക്രോ ബയോളജി ഡിഗ്രി വിദ്യാർഥിനിയാണ്. ഭാര്യ അജിത.

You might also like

  • Lulu Exchange
  • Straight Forward

Most Viewed