മുഹറഖിൽ കൂടുതൽ ബീച്ചുകൾ തുറക്കും

മനാമ : ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ മുഹറഖിൽ മൂന്ന് പുതിയ ബീച്ചുകൾ തുറന്നുകൊടുക്കുമെന്ന് മന്ത്രാലയത്തിലെ ഉന്നതോദ്യോഗസ്ഥൻ പറഞ്ഞു. ബഹ്റൈൻ ടൂറിസം ആന്റ് എക്സിബിഷൻസ് അതോറിറ്റിയുമായി സഹകരിച്ച് നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങൾ ഈ വർഷം അവസാനത്തോടെയോ അടുത്ത വർഷം ആരംഭത്തിലോ തുടങ്ങുമെന്ന് മുഹറഖ് മുനിസിപ്പൽ കൗൺസിൽ ചെയർമാൻ മുഹമ്മദ് അൽ സിനാൻ പറഞ്ഞു. ഗലാലി, അൽ ഹലാ, അൽ ഖോസ്സ് എന്നിവിടങ്ങളിലാണ് പുതിയ ബീച്ചുകൾ നിർമ്മിക്കുകയെന്ന് അദ്ദേഹം പറഞ്ഞു. പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുന്ന ബീച്ചിൽ ചില സ്വകാര്യ ഭാഗങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ ബീച്ചുകളുടെയും പ്രവർത്തനങ്ങൾ ഒരേ സമയം തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ഈ വർഷം അവസാനത്തോടെ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങാനാണ് ശ്രെമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നാല് വർഷത്തിനിടെ മുഹറഖിൽ വളരെ ശ്രദ്ധേയമായ പദ്ധതികളാണ് നടപ്പാക്കിയതെന്ന് അദ്ദേഹത്തിന്റെ കാലഘട്ടത്തിലെ ചില പ്രധാന പ്രോജക്ടുകളെക്കുറിച്ച് പറയുന്നതിനിടെ മുനിസിപ്പൽ കൗൺസിൽ ചെയർമാൻ മുഹമ്മദ് അൽ സിനാൻ പറഞ്ഞു. ബുസൈറ്റിൻ, മുഹറഖ് സെൻട്രൽ മാർക്കറ്റ്, ദയർ, ഗലാലി എന്നിവിടങ്ങളിലെ ജോഗിങ്ങ് പാതകൾ, നാല് ഗാർഡനുകൾ എന്നിവയും മൂന്ന് മാളുകളുടെ നിർമാണ കരാറുകളും അവയിൽ പ്രധാനപ്പെട്ടവയാണ്. അവയിൽ ചിലത് പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞുവെന്നും മറ്റുള്ളവ പുരോഗമിക്കുന്നതായും അദ്ദേഹം പറഞ്ഞു.
തന്റെ കാലഘട്ടത്തിലെ നേട്ടങ്ങളിൽ ഞാൻ സന്തുഷ്ടനാണെന്നും വികസന പ്രവർത്തനങ്ങളെ ജനങ്ങൾ അഭിനന്ദിക്കുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ കൗൺസിൽ തങ്ങളുടെ സത്പ്രവൃത്തികൾ തുടരുമെന്ന് വിശ്വസിക്കുന്നതായും മുഹമ്മദ് അൽ സിനാൻ പറഞ്ഞു.