ബഹ്‌റൈന്റെ വികസന ശ്രമങ്ങളുടെ ഫലമാണ് ഫിക്രയെന്ന് കിരീടാവകാശി

മനാമ : വികസനം മുൻനിർത്തിയുള്ള പരിപാടിയായ ഫിക്കറയുടെ വിജയത്തിന് കിരീടാവകാശിയുടെ പ്രശംസ. പൗരന്മാരുടെ ക്ഷേമം ലക്ഷ്യമിട്ടുകൊണ്ടുള്ള ബഹ്‌റൈന്റെ വികസന ശ്രമങ്ങളുടെ ഫലമാണ് ഫിക്രയുടെ വിജയമെന്ന് കിരീടാവകാശിയും ഡെപ്യൂട്ടി സുപ്രീം കമാൻഡറും ഉപപ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ പറഞ്ഞു. വിവിധ മേഖലകളിൽ മത്സരാധിഷ്ഠിതമായ വികസന പ്രവർത്തനങ്ങൾ നടത്താൻ ഫിക്രയ്ക്ക് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഫിക്രയിൽ മത്സരിക്കുന്ന 12 പ്രോജക്ട് ഉടമകളുമായി ഗുദൈബിയ പാലസിൽ കൂടിക്കാഴ്ച്ച നടത്തുകയായിരുന്നു പ്രിൻസ് സൽമാൻ. വിജയിച്ച നാല് പ്രൊജക്ടുകളുടെ ഉടമകൾക്ക് അവരുടെ ആശയങ്ങൾ ഗവണ്മെന്റ് എക്സിക്യൂട്ടീവ് കമ്മറ്റിക്ക് മുൻപിൽ അവതരിപ്പിക്കുന്നതിനുള്ള അവസരം നൽകി. ഹമദ് രാജാവിന്റെ അഭിലാഷങ്ങൾക്കനുസൃതമായിട്ടാണ് സർക്കാർ എല്ലാ പുരോഗമന പ്രവർത്തനങ്ങളും മുന്നോട്ട് കൊണ്ടുപോകുന്നത്. ഫിക്രയുടെ ഭാഗമായി ലഭിച്ച 565 അപേക്ഷകൾ മന്ത്രിസഭാ സമിതി വിലയിരുത്തുന്നതിനു മുന്പായി വിവിധ കമ്മിറ്റികൾ പരിശോധിച്ചിരുന്നു. ഈ ആശയങ്ങൾ തിരഞ്ഞെടുക്കുന്നതിനുള്ള അവലോകന പ്രക്രിയയിൽ പൊതുജനങ്ങളും പങ്കെടുത്തു.
"ഹോസ്പിറ്റാലിറ്റി"യുമായി ബന്ധപ്പെട്ട് വിദേശ കാര്യ മന്ത്രാലയത്തിൽ പ്രവർത്തിക്കുന്ന അഹമ്മദ് അൽ തുരിയാഫി മിന്നോട്ട് വെച്ച പദ്ധതി, ആഭ്യന്തര മന്ത്രാലയത്തിലെ ഷെയ്ഖ് സൽമാൻ ബിൻ അഹമദ് അൽ ഖലീഫ, മുബാറക് അൽ തമീം, മായ് സലാഹ അബ്ദുള്ള, ഹിഷാം മുബാറക് അൽബുലാസ എന്നിവർ മുന്നോട്ട് വെച്ച "ഇ-വോളന്റിയർ പ്ലാറ്റ്ഫോം" പദ്ധതി, ഇസ്ലാമിക് അഫേഴ്സ് ആൻഡ് എൻഡോവ്മെൻറ് മന്ത്രാലയത്തിൽ പ്രവർത്തിക്കുന്ന അഡൽ അൽ ഖല്ലാഫിന്റെ "നാഷണൽ സിസ്റ്റം ഫോർ അപ്പോയിന്മെൻറ്സ്" പദ്ധതി എന്നിവയാണ് മന്ത്രിസഭാ സമിതി തിരഞ്ഞെടുത്ത മൂന്നു പദ്ധതികൾ. വിദേശകാര്യ മന്ത്രാലയത്തിലെ അബ്ദുള്ള മുഹമ്മദ് അൽ അഹ്മദിന്റെ 'വർക്ക് ഫ്രം ഹോം' എന്ന പ്രോജക്ടാണ് ജനങ്ങൾ തിരഞ്ഞെടുത്ത പദ്ധതി.