മലേഷ്യൻ എയർലൈൻസ് വിമാനത്തിന്റെ ഏതാനും അവശിഷ്ടങ്ങൾ കൂടി കണ്ടെത്തി


ക്വാലലംപുർ : കാണാതായ മലേഷ്യൻ എയർലൈൻസ് വിമാനത്തിന്റെ ഏതാനും അവശിഷ്ടങ്ങൾ കൂടി കണ്ടെത്തിയതായി റിപ്പോർട്ട്. മഡഗാസ്കർ ദ്വീപിനോടു ചേർന്നുള്ള ഭാഗങ്ങളിൽ നിന്ന് മത്സ്യത്തൊഴിലാളികളാണ് നാലു വർഷം മുൻപ് ദുരൂഹ സാഹചര്യത്തിൽ കാണാതായ മലേഷ്യൻ വിമാനമായ എംഎച്ച് 370യുടേതെന്നു കരുതുന്ന അവശിഷ്ടങ്ങൾ കണ്ടെത്തിയത്. വിമാനത്തിന്റെ അഞ്ചു ഭാഗങ്ങളാണു കണ്ടെത്തിയത്. ഇതിൽ ഒരെണ്ണത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന അക്ഷരങ്ങൾ കൃത്യമായി വായിക്കാവുന്ന വിധത്തിലാണ്.

വിമാനത്തോടൊപ്പം കാണാതായവരുടെ ബന്ധുക്കളാണ് ഈ അവശിഷ്ടങ്ങൾ ശേഖരിച്ച് മലേഷ്യൻ സർക്കാരിനു കൈമാറിയത്. ലഭിച്ച അവശിഷ്ടങ്ങളിലൊന്ന് ബോയിങ് വിമാനത്തിന്റെ ‘ഫ്ലോർ പാനലാ’ണെന്നു വിദഗ്ധർ വ്യക്തമാക്കി. എന്നാൽ ഇത് എംഎച്ച് 370യുടേതാണോയെന്നറിയാൻ കൂടുതൽ പരിശോധനകൾ വേണ്ടിവരും.

ബോയിങ് 777 വിമാനം കാണാതായ സംഭവത്തിൽ നാലു വർഷത്തോളം അന്വേഷണം നടത്തിയശേഷം കഴിഞ്ഞ ജൂലൈയിൽ മലേഷ്യൻ സർക്കാർ അന്തിമ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ക്വാലലംപുരിൽ നിന്ന് ബെയ്ജിങ്ങിലേക്കു പറന്ന വിമാനത്തെപ്പറ്റി യാതൊരു അറിവും ഇല്ലെന്നായിരുന്നു 495 പേജുള്ള റിപ്പോർട്ടിലെ കണ്ടെത്തൽ. ഇതേത്തുടർന്ന് അന്വേഷണം അവസാനിപ്പിക്കുന്നതായും സർക്കാർ പ്രഖ്യാപിച്ചു. എന്നാൽ പുതിയ തെളിവുകൾ അനുസരിച്ച് മഡഗാസ്കറിന്റെ തീരമേഖലയിൽ ഉൾപ്പെടെ അന്വേഷണം ശക്തമാക്കണം, വിമാനത്തിന്റേതെന്നു കരുതുന്ന പരമാവധി ഭാഗങ്ങൾ ശേഖരിച്ച് ഒരു ‘ജിഗ്സോ പസിൽ’ പോലെ ദുരൂഹതയ്ക്കു പരിഹാരം കാണണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു. മലേഷ്യൻ ഗതാഗത മന്ത്രി ആന്തണി ലോകുമായും ബന്ധുക്കൾ ഇന്നലെ ചർച്ച നടത്തി.

2014 മാർച്ച് എട്ടിനാണ് 239 യാത്രക്കാരുമായി മലേഷ്യൻ എയർലൈന്‍സിന്റെ വിമാനം അപ്രത്യക്ഷമായത്. ഇന്നും ലോകത്തെ ഏറ്റവും വലിയ വ്യോമയാന ദുരൂഹതയായി തുടരുകയാണ് ഈ തിരോധാനം. 2016 ഡിസംബറിനും 2018 ഓഗസ്റ്റിനും ഇടയിൽ പലപ്പോഴായാണു മത്സ്യത്തൊഴിലാളികൾക്കു വിമാനത്തിന്റേതെന്നു കരുതുന്ന ഭാഗങ്ങൾ ലഭിച്ചത്. മഡഗാസ്കറിലെ മൂന്നു വ്യത്യസ്ത ഭാഗങ്ങളിൽ നിന്നായിരുന്നു കണ്ടെത്തൽ. എംഎച്ച് 370യുടേതെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ച മൂന്ന് അവശിഷ്ടങ്ങളാണ് ഇതു വരെ ലഭിച്ചിട്ടുള്ളത്. ഇവയെല്ലാം ഇന്ത്യൻ മഹാസമുദ്രത്തിന്റെ പടിഞ്ഞാറൻ തീരത്തു നിന്നായിരുന്നു.

You might also like

Most Viewed