കടൽ കടക്കാൻ കടമ്പ : ബഹ്‌റൈൻ അടക്കം 18 രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാർക്ക് ഓൺലൈൻ രജിസ്ട്രേഷൻ നിർബന്ധം
മനാമ: ബഹ്‌റൈൻ അടക്കമുള്ള വിദേശ രാജ്യങ്ങളിൽ ജോലിക്ക് പോകുന്നവർക്ക് കർശന നിർദ്ദേശവുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. ജനുവരി ഒന്നുമുതൽ 18 വിദേശ രാജ്യങ്ങളിൽ ജോലിക്ക് പോകുന്നവർ ഓൺലൈൻ വഴി എമിഗ്രേഷൻ രജിസ്ട്രേഷൻ പൂർത്തിയാക്കിയാൽ മാത്രമേ രാജ്യം വിടാൻ സാധിക്കൂ എന്നാണ് മന്ത്രാലയത്തിന്റെ ഉത്തരവ്. മുൻപ് എമിഗ്രേഷൻ ചെക്ക് ആവശ്യമുള്ളവർക്ക് മാത്രം ബാധകമായിരുന്ന ഈ നിയമം ഇനി മുതൽ ഇ.സി.എൻ.ആർ പാസ്പോർട്ട് കൈവശം ഉള്ളവർക്ക് കൂടി ബാധകമായിരിക്കുകയാണ്.
ഇതോടുകൂടി ജനുവരി ഒന്ന് മുതൽ ഇന്ത്യയിൽ നിന്നും ബഹ്‌റൈൻ ഉൾപ്പെടെയുള്ള 18 രാജ്യങ്ങളിൽ ജോലി ചെയ്യണം എങ്കിൽ എമിഗ്രേഷൻ രജിസ്ട്രേഷൻ നിർബന്ധമായിരിക്കുകയാണ്. ഈ രാജ്യങ്ങളിൽ നിലവിൽ ജോലി ചെയ്യുന്നവരും ഈ നടപടി ക്രമങ്ങൾ പൂർത്തീകരിക്കണം. ഇത്തരക്കാർക്ക് നാട്ടിൽ പോയി തിരിച്ചു വരുന്ന സമയത്തു www.emigrate.gov.in എന്ന വെബ്സൈറ്റ് വഴി തിരിച്ചു വരുന്നതിനു 21 ദിവസം മുൻപ് മുതൽ 24 മണിക്കൂർ മുൻപ് വരെ രജിസ്ട്രേഷന് സമയമുണ്ട്.
രജിസ്ട്രേഷൻ പൂർത്തിയാക്കാത്ത ആളുകളെ വിമാനത്താവളത്തിൽ നിന്നും മടക്കി അയക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. രജിസ്‌ട്രേഷൻ പൂർത്തിയാകുമ്പോൾ അറിയിപ്പായി അപേക്ഷകന് എസ്.എം.എസ്., ഇ-മെയിൽ സന്ദേശങ്ങൾ ലഭിക്കും. ഇത് വിമാനത്താവളത്തിൽ കാണിച്ചാൽ മാത്രമേ വിമാനത്തിൽ കയറാൻ സാധിക്കുകയുള്ളൂ. അപേക്ഷകന്റെ വ്യക്തിപരമായ വിവരങ്ങൾ, തൊഴിലുടമയുടെ വിവരങ്ങൾ, വിസ സംബന്ധിച്ച വിശദാംശങ്ങൾ, വിദേശത്തെ വിലാസം എന്നിവയെല്ലാം രജിസ്‌ട്രേഷൻ സമയത്ത് നൽകണം. വിസ പുതുക്കുമ്പോൾ രജിസ്‌ട്രേഷൻ പുതുക്കണ്ടതില്ല എന്നും, എന്നാൽ തൊഴിൽവിസ മാറുമ്പോൾ രജിസ്‌ട്രേഷൻ പുതുക്കണം എന്നും അധികൃതർ അറിയിച്ചു.
രജിസ്ട്രേഷൻ നടപടികൾ കൂടുതൽ ശക്തമാക്കുന്നതോടെ വിദേശത്ത് തൊഴിൽതേടുന്ന ഇന്ത്യക്കാർ തട്ടിപ്പിനിരയാകുന്നത് തടയാനും അവർക്ക് അനുയോജ്യമായ തൊഴിൽസാഹചര്യങ്ങൾ ഉറപ്പുവരുത്താനും സഹായമാകുമെന്ന് അധികൃതർ പറഞ്ഞു.
ബഹ്റൈന് പുറമേ യു എ ഈ, കുവൈത്ത്, സൗദി, ഒമാൻ, ഖത്തർ, മലേഷ്യ, ഇറാഖ്, ജോർദാൻ, തായ്‌ലൻഡ്, യെമെൻ, ലിബിയ, ഇൻഡൊനീഷ്യ, സുഡാൻ തുടങ്ങിയ രാജ്യങ്ങളിലേക്ക് തൊഴിൽവിസയിൽ പോകുമ്പോഴും ഇതു ബാധകമാണ്. രജിസ്‌ട്രേഷൻ സംബന്ധിച്ച സംശയങ്ങൾ ഉള്ളവർക്ക് കൂടുതൽ വിവരങ്ങൾക്ക് പ്രവാസി ഭാരതീയ സഹായതാ കേന്ദ്രത്തിന്റെ 1800113090 എന്ന ടോൾഫ്രീ നമ്പറിലോ helpline@mea.gov.in എന്ന ഇ-മെയിൽ വിലാസത്തിലോ ബന്ധപ്പെടാം.
എന്താണ് ഇ.സി.എൻ.ആർ കാറ്റഗറി?
നിലവിൽ ഇന്ത്യയിൽ പത്താം ക്ലാസ് പാസ്സ് ആകാത്ത ആളുകൾക്ക് ഈ സി ആർ കാറ്റഗറി പാസ്പോർട്ട് ആണ് നൽകുന്നത്. ഇവർക്ക് വിദേശത്തേക്ക് പോകണമെങ്കിൽ എമിഗ്രേഷൻ ക്ലീയറൻസ് നിർബന്ധം ആണ്. പത്താം ക്ലാസ്സ് പാസ്സ് ആയവരും അതിനു മുകളിൽ യോഗ്യത ഉള്ളവരെയും ഇ.സി.എൻ.ആർ കാറ്റഗറിയിൽ ആണ്. തൊഴിൽസുരക്ഷ എല്ലാ വിഭാഗങ്ങളിലേക്കും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇ.സി.എൻ.ആർ. പാസ്പോർട്ടുകൾ ഉള്ളവർക്കും രജിസ്‌ട്രേഷൻ നിർബന്ധമാക്കുന്നത്.



