യോഗ്യതാ സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തൽ : സ്‌കൂൾ അധ്യാപകർക്ക് ചിലവേറും


മനാമ : രാജ്യത്തെ സ്‌കൂളുകളിൽ അധ്യാപകരുടെ യോഗ്യത സർട്ടിഫിക്കറ്റുകൾ വിദേശകാര്യ മന്ത്രാലയം സാക്ഷ്യപ്പെടുത്തിയിരിക്കണമെന്ന നിബന്ധന അധ്യാപക ജോലിയിലേർപ്പെട്ടിട്ടുള്ളവർക്കു സാമ്പത്തിക ബാധ്യതയാകും. ബഹ്റൈന് പുറത്തു നിന്നുള്ള സർവ്വകലാശാലകളുടെ ഡിഗ്രി സർട്ടിഫിക്കറ്റുകൾ ഓരോന്നും ഇന്ത്യയിലെയും ബഹ്റൈനിലേയും വിദേശ കാര്യ മന്ത്രാലയം സാക്ഷ്യപ്പെടുത്തിരിക്കണമെന്നാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പുതിയ നിബന്ധന. പല സ്‌കൂളുകളിലും അധികൃതർ ഈ നിർദേശം അധ്യാപകർക്കും നൽകിക്കഴിഞ്ഞു.

അസ്സൽ സർട്ടിഫിക്കറ്റുകൾ ഓരോന്നിലും പ്രത്യേകം പ്രത്യേകം അറ്റസ്റ്റേഷൻ നിർബന്ധമാണെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്. അധ്യാപകർ അതാത് രാജ്യങ്ങളിലെ വിദേശ കാര്യ മന്ത്രാലയത്തിൽ സർട്ടിഫിക്കറ്റുകൾ സാക്ഷ്യപ്പെടുത്തിയ ശേഷം ബഹ്‌റൈൻ ഇന്ത്യൻ എംബസ്സി, ബഹ്‌റൈൻ വിദേശ കാര്യ മന്ത്രാലയം തുടങ്ങിയവയുടെയും സ്റ്റാമ്പുകൾ പതിച്ചിരിക്കണം എന്ന് നിര്ദേശിച്ചിട്ടുണ്ടെങ്കിലും ഇന്ത്യക്കാർക്ക് നോട്ടറിയുടെയും ഇന്ത്യൻ വിദേശ കാര്യ മന്ത്രാലയത്തിന്റെയും സാക്ഷ്യപ്പെടുത്തലുകൾ മാത്രം ഉണ്ടെങ്കിൽ തന്നെ സാക്ഷ്യപ്പെടുത്തൽ അംഗീകരിക്കപ്പെടും. ബഹ്‌റൈൻ,ഒമാൻ എന്നീ ജി സി സി രാജ്യങ്ങൾ ഇന്ത്യയുമായി അപ്പോസ്റ്റൽ കൺവെൻഷൻ ഉടമ്പടി ഉള്ളതിനാൽ (Law No. 56 of 2012, which entered into force in the Kingdom of Bahrain on 31st December 2013 G.)ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ സാക്ഷ്യപ്പെടുത്തൽ മാത്രമേ ഇക്കാര്യത്തിൽ ആവശ്യമുള്ളൂ എന്ന്നാണ് നിയമ വിദഗ്ധർ പറയുന്നത്.

പ്രീ പ്രൈമറി അധ്യാപകർ അവസാനവർഷ അക്കാദമി സർട്ടിഫിക്കറ്റും മോണ്ടിസറി ട്രെയിനിംഗ് സർട്ടിഫിക്കറ്റ്, മറ്റു അധ്യാപകർ അവരുടെ പി ജി സർട്ടിഫിക്കറ്റും, ബി എഡ് സർട്ടിഫിക്കറ്റുമാണ് ഇത്തരത്തിൽ സാക്ഷ്യപ്പെടുത്തേണ്ടത്. ഓരോരുത്തരും നാട്ടിൽ നിന്ന് നേരിട്ട് നോട്ടറിയിലും തുടർന്ന് ഡൽഹിയിലും നേരിട്ടോ, പോസ്റ്റൽ മുഖേനയോ അയച്ചു സാക്ഷ്യപ്പെടുത്തുകയോ അല്ലെങ്കിൽ ബഹ്‌റൈനിലെ ഏജൻസി മുഖേന സാക്ഷ്യപ്പെടുത്തുകയോ ചെയ്യാവുന്നതാണ്. ഏജൻസികൾ സർട്ടിഫിക്കറ്റ് ഒന്നിന് 30 ദിനാർ മുതൽ 50 ദിനാർ വരെ ഫീസ് ഈടാക്കുന്നുണ്ട്. ഇത് കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യുന്ന അധ്യാപകർക്ക് വലിയ ബാധ്യതയാണ് വരുത്തിവെക്കുന്നത്.

നാട്ടിൽ ചെന്ന് ഡൽഹിയിലോ മറ്റോ ബന്ധുക്കൾ ഉള്ളവർക്ക് ചുരുങ്ങിയ ചിലവിൽ ഈ സർട്ടിഫിക്കറ്റുകൾ സാക്ഷ്യപ്പെടുത്താമെങ്കിലും അതിനുള്ള സമയക്കുറവും ഇതിനു പിറകെയുള്ള മിനക്കെടലും ഒഴിവാക്കാൻ പരമാവധി ഏജൻസി മുഖേന യാണ് സാക്ഷ്യപ്പെടുത്തുന്നത്. അവസാന വർഷ സർട്ടിഫിക്കറ്റും ബി എഡ് സർട്ടിഫിക്കറ്റും മാത്രമേ ഇത്തരത്തിൽ സാക്ഷ്യപ്പെടുത്തേണ്ടതുള്ളൂ എന്ന് നിഷ്കര്ഷിച്ചിട്ടുണ്ടെങ്കിലും പലരും ഭാവിയിലൈക്ക്‌ വേണ്ടി മുഴുവൻ സർട്ടിഫിക്കറ്റുകളും ഇത്തരത്തിൽ അറ്റസ്റ്റേഷൻ ചെയ്തു വെക്കുന്നുണ്ട്.

നിലവിൽ ബഹ്‌റൈനിലെ വിദ്യാലയങ്ങളിൽ പുതുതായി പ്രവേശനം നേടുന്ന വിദ്യാർഥികൾ, നഴ്‌സുമാർ തുടങ്ങിയവരുടെയും അസ്സൽ സർട്ടിഫിക്കറ്റുകൾ സമാനമായ രീതീയിൽ സാക്ഷ്യപ്പെടുത്തിയിരിക്കണമെന്നാണ് നിയമം.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed