ബഹ്‌റൈനിലെ വടക്കേമലബാറുകാർ ചോദിക്കുന്നു: "ഞാക്ക് കണ്ണൂരേക്ക് ബീമാനം എപ്പോ തൊടങ്ങും ?"
രാജീവ് വെള്ളിക്കോത്ത്
മനാമ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം ഡിസംബർ 9നു പ്രവർത്തനമാരംഭിക്കുമ്പോൾ ബഹ്‌റൈനിലെ കണ്ണൂരുകാർക്ക് ആശങ്ക "ഞാക്ക് കണ്ണൂരേക്ക് ബീമാനം എപ്പോ തൊടങ്ങും എന്നാണ്. മറ്റ് ഗൾഫ് നാടുകളിൽ നിന്ന് കണ്ണൂരിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ്സ് അടക്കമുള്ള വിമാനക്കമ്പനികൾ നേരിട്ടുള്ള സർവീസിന് ബുക്കിംഗ് ആരംഭിച്ചുവെങ്കിലും ഏറ്റവും കൂടുതൽ വടക്കേ മലബാറുകാർ ഉള്ള ബഹ്‌റൈനിൽ നിന്നും കണ്ണൂരിലേക്കു നേരിട്ടുള്ള വിമാനം എന്ന് തുടങ്ങുമെന്നുള്ളതാണ് വടകര മുതൽ കാസർഗോഡ് വരെയുള്ള പ്രവാസികൾ ചോദിക്കുന്നത്.
സ്വന്തം നാട്ടിൽ വിമാനം ഇറങ്ങാനുള്ള കണ്ണൂരുകാരുടെ ഊഴവും കാത്ത് പലരും യാത്ര തീയ്യതി തന്നെ മാറ്റിവച്ചു കൊണ്ടിരിക്കുകയാണ്. ഇത്തവണ അവധിക്കു പോകുമ്പോൾ കണ്ണൂരിലേക്ക് നേരിട്ട് പോകണമെന്നാണ് ഇവരുടെ ആഗ്രഹം. ആഗ്രഹ പൂർത്തീകരണത്തിന് വേണ്ടി ഒന്നോ രണ്ടോ മാസം യാത്ര നീട്ടിവച്ചാലും തരക്കേടില്ല എന്നാണ് ഇക്കാര്യത്തെപ്പറ്റി കണ്ണൂർ അഴീക്കോട് സ്വദേശിയായ ബഹ്‌റൈൻ പ്രവാസി അഭിപ്രായപ്പെട്ടത്.
അതെ സമയം എയർ ഇന്ത്യ എക്സ്പ്രസ്സ് ആയിരിക്കും കണ്ണൂർ സെക്റ്ററിലേയ്ക്ക് ആദ്യമായി നേരിട്ടുള്ള വിമാനം പറത്തുക എന്നാണ് വിവരം. അതിനാൽ കോഴിക്കോടേക്കും കണ്ണൂരിലേക്കും ആഴ്ചയിൽ നാല്, മൂന്ന് സർവീസ് എന്ന രീതിയിൽ ഷെഡ്യൂൾ തയ്യാറാക്കാനാണ് എയർ ഇന്ത്യ എക്സ്പ്രസ്സ് അധികൃതർ ആലോചിക്കുന്നതെന്നാണ് വിവരം. അടുത്തടുത്ത ജില്ലയായ കോഴിക്കോടേയ്ക്കും കണ്ണൂരിലേയ്ക്കും ദിവസവും സർവീസ് നടത്തിയാൽ യാത്രക്കാരെ കിട്ടുമോ എന്നുള്ള സംശയമാണ് അധികൃതരെ ഇത്തരത്തിൽ ചിന്തിപ്പിക്കുന്നതും.
അതേസമയം കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നുള്ള അബുദാബി, റിയാദ്, മസ്കറ്റ്, ഷാര്‍ജ, ദോഹ എന്നിവടങ്ങളിലേക്കുള്ള സര്‍വീസുകളുടെ ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. കണ്ണൂരില്‍ നിന്നും സര്‍വീസ് നടത്താന്‍ തത്കാലം ഒരു വിമാനമാണ് എയര്‍ ഇന്ത്യ എത്തിക്കുക. ഡിസംബര്‍ എട്ടിന് തിരുവനന്തപുരത്തു നിന്നും ഈ വിമാനം എത്തും. ഡിസംബര്‍ ഒന്‍പതിന് രാവിലെ പത്തിന് അബുദാബിയിലേക്ക് പറന്നാണ് എയര്‍ ഇന്ത്യ സര്‍വീസ് തുടങ്ങുന്നത്. ഈ വിമാനം തന്നെ വൈകിട്ട് ഏഴിന് തിരിച്ചെത്തി.
9.05ന് റിയാദിലേക്ക് സര്‍വീസ് നടത്തും. പിന്നാലെ പുലര്‍ച്ചെ തിരിച്ചെത്തുകയും ചെയ്യും. കണ്ണൂർ സെക്റ്ററിൽ വിമാന സർവീസ് ആരംഭിക്കുന്നതോടെ കോഴിക്കോടിന് വടക്കുള്ള ഭൂരിഭാഗം പേരും ഇപ്പോൾ മംഗലാപുരത്തെ വിമാനത്താവളത്തെ ആശ്രയിച്ചു കഴിയുന്ന കണ്ണൂരിന്റെ അതിർത്തി പ്രദേശമായ കർണ്ണാടകയിൽ ഉൾപ്പെടുന്ന കുടക്,വീരാജ് പേട്ട ,കാസര്കോടിന്റെ കിഴക്കൻ മേഖല തുടങ്ങിയ പ്രദേശങ്ങളിലെ പ്രവാസികളും കണ്ണൂർ വിമാനത്താവളത്തെ ഉപയോഗപ്പെടുത്തും. വിമാനത്താവളം സജീവമാകുന്നത് കണ്ണൂർ കാസർഗോഡ് ജില്ലകളുടെ പുരോഗതിക്കും കാരണമാകും.
നോട്ടു നിരോധനം നിലവിൽ വന്നതോടെ ഭൂമി വിലയിൽ ഉണ്ടായ ഇടിവ് വിമാനത്താവളം സജീവമാകുന്നതോടെ മാറിക്കിട്ടുമെന്നും ബേക്കൽ ,റാണിപുരം എന്നിവിടങ്ങളിലേക്ക് കൂടുതൽ ടൂറിസ്റ്റുകളെ എത്തിക്കാൻ സാധിക്കുമെന്നും അത് വഴി ജില്ലയുടെ ടൂറിസത്തിലും വലിയ പുരോഗതി കൈവരിക്കാൻ സാധ്യത ഉണ്ടെന്നും ഈ രംഗത്തുള്ളവർ കരുതുന്നുണ്ട്.


