ബ്രിട്ടന്റെ പുതിയ നാവിക പിന്തുണ സംവിധാനത്തെ പ്രശംസിച്ച് കിരീടാവകാശി

മനാമ: ബഹ്‌റൈൻ കിരീടാവകാശി ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ, ബഹ്റൈനിൽ സ്ഥാപിച്ച ബ്രിട്ടന്റെ പുതിയ നാവിക പിന്തുണ സംവിധാനത്തെ പ്രശംസിച്ചു. റോയൽ നേവിയുമായുള്ള 200 വർഷത്തിലേറെ പഴക്കമുള്ള ദീർഘകാലത്തെ ബന്ധത്തിന്റെ തെളിവ് കൂടിയാണിതെന്ന് അദ്ദേഹം പറഞ്ഞു. ഏതൊരു രാജ്യത്തിന്റെയും സുരക്ഷാ സംവിധാനത്തിന് നാവികസേവന ഒരു അവശ്യഘടകമാണ്. അവരുടെ നിരീക്ഷണത്തിലൂടെ ഭീഷണികൾ നേരിട്ട് തിരിച്ചറിയാനും നിഷ്ക്രിയമാക്കാനും കഴിയും. ഒപ്പം സുരക്ഷിതമായ വ്യാപാര മാർഗ്ഗം ഇതിലൂടെ ഉറപ്പാക്കാൻ കഴിയും.
ബ്രിട്ടാനിയ റോയൽ നേവൽ കോളേജിൽ നടന്ന ലോഡ് ഹൈ അഡ്മിറലുകളുടെ പരേഡിൽ പങ്കെടുക്കവെ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ 152 ഓഫിസർ കേഡറ്റുകളെ കമ്മീഷൻ ചെയ്തു. ബഹ്റൈൻ, ഇംഗ്ലണ്ട്, സൗദി അറേബ്യ, അൽബേനിയ, ഈജിപ്ത്, ഇറാഖ്, ലെബനൻ, സിംഗപ്പൂർ, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നുള്ള ഓഫീസർ കേഡറ്റ്മാർ പരേഡിൽ പങ്കെടുത്തു.