ബി.കെ.എസ് ഭവന പദ്ധതി : പ്രതിഭയുടെ താക്കോൽ ദാനം നാളെ
മനാമ : ബഹ്റൈൻ കേരളീയ സമാജം ആവിഷ്കരിച്ച അശരണർക്ക് ഒരു ആശ്രയം എന്ന പദ്ധതിയുടെ ഭാഗമായി ബഹ്റൈൻ പ്രതിഭ അന്പലപ്പുഴയിൽ നിർമ്മിച്ച വീടിന്റെ താക്കോൽ കൈമാറൽ ചടങ്ങ് നാളെ രാവിലെ പത്ത് മണിക്ക് നടക്കും. ആലപ്പുഴ നാഷണൽ ഹൈവേയിൽ കളർകോട് മാതൃഭൂമി പ്രസിന് സമീപമാണ് വീട് നിർമ്മിച്ചത്.
ബഹ്റൈൻ കേരളീയ സമാജം സന്ദർശിച്ച മന്ത്രി ജി. സുധാകരൻ ഈ ഭവന പദ്ധതിയെ കുറിച്ച് മനസ്സിലാക്കി, തികച്ചും അർഹതയുള്ള ഒരു ഗുണഭോക്താവിനെ തന്റെ നിയോജക മണ്ധലത്തിൽ നിന്നും തിരഞ്ഞെടുത്ത് നൽകുകയായിരുന്നു. തുടർന്ന് ഈ പ്രൊജക്റ്റ് ഏറ്റെടുക്കുവാൻ ബഹ്റൈൻ പ്രതിഭ മുന്നോട്ടുവരികയായിരുന്നു. പ്രസിദ്ധ വാസ്തു ശിൽപി ശങ്കറിന്റെ നേതൃത്വത്തിലുള്ള ഹാബിറ്റാറ്റ് ഗ്രൂപ്പ് ആണ് നിർമ്മാണത്തിന് മേൽനോട്ടം വഹിച്ചത്.
ബഹ്റൈൻ പ്രതിഭയുടെ അംഗങ്ങളും അഭ്യുദയ കാംക്ഷികളും ഒരു ദിനാർ മുതൽ ഒരു ദിവസത്തെ വേതനം വരെയുള്ള തുക ഇതിലേയ്ക്ക് സംഭാവന ചെയ്തു. കഴിഞ്ഞ ഡിസംബർ 22ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരനാണ് വീടിന് തറക്കല്ലിട്ടത്. തദ്ദവസരത്തിൽ സമാജം പ്രസിഡണ്ട് പി.വി രാധാകൃഷ്ണപിള്ള, മനോജ് കുമാർ, പ്രതിഭ നേതാക്കളായ നജീബ് കോട്ടയം, വർഗ്ഗീസ് ജോർജ്, വിപിൻ ദേവസ്യ എന്നവരും സന്നിഹിതരായിരുന്നു. ജി. സുധാകരന്റെ സഹധർമ്മിണി ഡോ. ജൂബിലി നവപ്രഭയുടെ പ്രത്യേക മേൽനോട്ടത്തിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്.
ഈ സംരംഭത്തിൽ സഹകരിച്ച എല്ലാ സു മനസുകൾക്കും, ഇങ്ങനെ ഒരു സംരംഭത്തിന് അവസരം ഒരുക്കിയ ബഹ്റൈൻ കേരളീയ സമാജത്തിനും നന്ദി രേഖപെടുത്തുന്നതായി ബഹ്റൈൻ പ്രതിഭ പ്രസിഡണ്ട് മഹേഷ്, സെക്രട്ടറി ഷെരിഫ് കോഴിക്കോട്, പി ശ്രീജിത്ത് എന്നിവർ അറിയിച്ചു.

