ബഹ്‌റൈനിൽ പൊലീസ് ഉദ്യോഗസ്ഥരുടെ പേരിൽ വ്യാജ സന്ദേശം
മനാമ : കുറ്റവാളികൾ കുട്ടികളെ ഉപയോഗിച്ച് പ്രദേശവാസികളെ അപായപ്പെടുത്താൻ ശ്രമിക്കുന്നതായി പോലീസ് ഉദ്യോഗസ്ഥരുടെ പേരിൽ വ്യാജ സന്ദേശം. കുട്ടികളുടെ സഹായത്തിനായി എത്തുന്നവരെ അപായപ്പെടുത്തുകയോ പീഡിപ്പിക്കുകയോ കൊല്ലപ്പെടുത്തുകയോ ചെയ്യുമെന്നാണ് സന്ദേശം.
പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുക എന്ന പേരിലാണ് ഒരു ശബ്ദ സന്ദേശം ആഭ്യന്തര മന്ത്രാലയത്തിന്റെ പേരിൽ ഓൺലൈനിൽ പ്രചരിപ്പിക്കുന്നത്. എന്നാൽ മന്ത്രാലയം ഇത്തരത്തിലുള്ള സർക്കുലർ പുറപ്പെടുവിച്ചിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് പറഞ്ഞു. ബഹ്‌റൈനിൽ ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ഓഡിയോ സന്ദേശത്തിൽ, സ്ത്രീ അറബിയിൽ ഒരു നോട്ടീസിനെപ്പറ്റിയാണ് സംസാരിക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തിൽ നിന്നും ലഭിച്ച സന്ദേശം എന്ന് അവർ അവകാശപ്പെടുന്നു.
ഒറ്റപ്പെട്ട നിലയിൽ നിങ്ങൾ ഏതെങ്കിലും കുട്ടികളെ കാണുകയും അവർ നൽകുന്ന വിലാസത്തിൽ നിങ്ങളുടെ കാറിൽ അവരെ എത്തിക്കാൻ ആവശ്യപ്പെടുകയും ചെയ്‌താൽ അനുസരിക്കരുത്. കാരണം അവർ ആവശ്യപ്പെടുന്ന സ്ഥലം ഒരു കെണിയായിരിക്കാം.
അവിടെ നിങ്ങൾക്കായി കാത്തിരിക്കുന്ന ആളുകൾ ഉണ്ടാകും. അവർ നിങ്ങളെ കൊല്ലാം, നിങ്ങളെ മോഷണത്തിന് ഇരയാക്കുകയോ മാനഭംഗപ്പെടുത്തുകയോ ചെയ്തേക്കാം. ഇത്തരത്തിലുള്ള കുട്ടികൾക്കൊപ്പം എവിടെയും പോകരുതെന്നും പോലീസ് അറിയിച്ചതായി സന്ദേശത്തിലുണ്ട്. അല്ലെങ്കിൽ കുട്ടികളെ പോലീസ് േസ്റ്റഷനിൽ എത്തിക്കാമെന്നും ബഹ്‌റൈനിൽ നടക്കുന്ന പുതിയ തട്ടിപ്പാണിതെന്നും ഓഡിയോ സന്ദേശത്തിൽ സ്ത്രീ പറയുന്നു.

