ഫ്രണ്ട്സ് റിഫ ഏരിയ കുടുംബ സംഗമം സംഘടിപ്പിച്ചു
മനാമ : ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ റിഫ ഏരിയ കുടുംബ സംഗമം സംഘടിപ്പിച്ചു. വൈസ് പ്രസിഡണ്ട് സഈദ് റമദാൻ നദ്−വി സംഗമം ഉദ്ഘാടനം ചെയ്തു. വിഭാഗീയതയുടെ മതിൽക്കെട്ടുകൾ തകർക്കാനും ജാതി−മത വ്യത്യാസമില്ലാതെ സമൂഹത്തൽ സൗഹാർദ്ദവും സഹവർത്തിത്വവും ഊട്ടിയുറപ്പിക്കാനുമുള്ള ശ്രമങ്ങളിൽ മുന്നേറണമെന്ന് അദ്ദേഹം ഉണർത്തി. ശാന്തിയും സമാധാനവും നിലനിൽക്കുന്ന സാമൂഹികാവസ്ഥയിൽ മാത്രമേ മനുഷ്യനെ തിരിച്ചറിയാനും സ്നേഹിക്കാനും സാധിക്കൂ.
തിന്മയെ നന്മ കൊണ്ട് പ്രതിരോധിക്കാനും നീതി നിഷേധിക്കപ്പെടുന്നവർക്കൊപ്പം നിൽക്കാനും പ്രവാസി സമുഹത്തിന്റെ പ്രയാസങ്ങളിൽ ആശ്വാസമായി നിലകൊള്ളാനും അസോസിയേഷൻ അംഗങ്ങൾക്ക് സാധിക്കേണ്ടതുണ്ട്. അസോസിയേഷന്റെ അടുത്ത രണ്ട് വർഷത്തെ പ്രവർത്തന പരിപാടികളും അദ്ദേഹം വിശദീകരിച്ചു. ഏരിയ പ്രസിഡണ്ട് സാജിദ് നരിക്കുനി അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ സി.എം മുഹമ്മദലി, അഹ്−മദ് റഫീഖ് എന്നിവർ സംസാരിച്ചു. മൂസ കെ. ഹസൻ സ്വാഗതമാശംസിക്കുകയും സുഹൈൽ ഖിറാഅത്ത് നിർവ്‍വഹിക്കുകയും ചെയ്തു.

