സൗത്തേൺ ഗവർണറേറ്റിൽ 14 പുതിയ പദ്ധതികൾ നടപ്പാക്കാൻ പ്രധാനമന്ത്രിയുടെ നിർദ്ദേശം
മനാമ : സൗത്തേൺ ഗവർണറേറ്റിൽ 14 പുതിയ പ്രോജക്ടുകൾ നടപ്പാക്കുന്നതിന് പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ നിർദ്ദേശങ്ങൾ നൽകി. വികസനം, സേവന മേഖല, ടൂറിസം മേഖല എന്നിങ്ങനെ വിവിധ മേഖലകളിൽ ഉൾപ്പെടുന്നതാണ് പദ്ധതികൾ.
ഇന്നലെ ഗുദൈബിയ കൊട്ടാരത്തിൽ നടന്ന ക്യാബിനറ്റ് സെഷനിലാണ് തീരുമാനം. കിരീടാവകാശിയും ഡെപ്യൂട്ടി സുപ്രീം കമാൻഡറും ഉപപ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫയും ക്യാബിനറ്റ് സെഷനിൽ പങ്കെടുത്തു. ഗവർണറേറ്റിൽ നിലവിൽ നടപ്പാക്കിവരുന്ന 11 പ്രോജക്ടുകളെപ്പറ്റി നഗരവികസന−അടിസ്ഥാന സൗകര്യവികസന കമ്മറ്റിയോട് ആരാഞ്ഞു. ഇതിൽ മൂന്ന് പ്രോജക്ടുകളുടെ നടപടികൾ വേഗത്തിലാക്കാനും ക്യാബിനറ്റ് നിർദ്ദേശം നൽകി.
പ്രൈമറി, ഇന്റർമീഡിയറ്റ്, സെക്കണ്ടറി ഗേൾസ് സ്കൂൾ നിർമ്മിക്കുക, സല്ലാക്കിലെ യൂത്ത് സെന്റർ നിർമ്മിക്കുക, ഇസാടൗൺ സൂക് നവീകരണം, ഖലീഫ ടൗണിൽ പുതിയ ആരോഗ്യകേന്ദ്രം സ്ഥാപിക്കുന്നതിനെക്കുറിച്ചുള്ള പഠനം, റിഫ മാർക്കറ്റ് നവീകരണം, ഐൻ ഹുനൈനിയ പാർക്ക് നവീകരണം, അവന്യൂ 96 നവീകരണം, അസ്കാർ േസ്റ്റഡിയം നവീകരണം, റിഫ മാർക്കറ്റിൽ സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കുക, ബൂ കവാര ഗാർഡൻ നവീകരണം, അൽ−ദൗറിൽ മജ്ലിസ് സ്ഥാപിക്കുക എന്നിവയാണ് പദ്ധതികൾ.

