2017ൽ വൻ വളർ­ച്ച കൈ­വരി­ച്ച് ബഹ്‌റൈൻ സാ­ന്പത്തി­ക വി­കസന ബോ­ർ­ഡ്


മനാമ : രാജ്യത്തിന്റെ സന്പദ് വ്യവസ്ഥ വൈവിധ്യവത്കരിക്കുന്നതിന് സാന്പത്തിക വികസന ബോർഡ് (ഇ.ഡി.ബി) നടത്തുന്ന ശ്രമങ്ങളുടെ ഫലമായി ബഹ്‌റൈനിലെ സ്വകാര്യമേഖല കൂടുതൽ വളർച്ച കൈവരിക്കുന്നു. പുതിയ പദ്ധതികൾ നടപ്പിലാക്കൽ, തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ, നിക്ഷേപം സ്വീകരിക്കൽ എന്നിവയിലൂടെ 2017ൽ 733 ദശലക്ഷം യു.എസ് ഡോളറാണ് ഇ.ഡി.ബി നേടിയത്. കിരീടാവകാശിയും ഡെപ്യൂട്ടി സുപ്രീം കമാൻഡറും ഇക്കണോമിക് ഡവലപ്മെന്റ് ബോർഡ് ചെയർമാനുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ഇന്നലെ നടന്ന ഇ.ഡി.ബി ബോർഡ് മീറ്റിംഗിൽ അദ്ധ്യക്ഷത വഹിച്ചു.

2017ൽ സ്വകാര്യ മേഖലയിൽ 2831 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടെന്ന് ബഹ്‌റൈൻ ഇ.ഡി.ബി ചീഫ് എക്സിക്യൂട്ടീവ് ഖാലിദ് അൽ റുമായ്ഹി പറഞ്ഞു. രാജ്യത്തെ എണ്ണ− ഇതര മേഖലയിൽ 4.8 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. രാജ്യത്തിന്റെ ജി.ഡി.പി.യുടെ 80 ശതമാനത്തിലധികവും ഈ മേഖലയിൽനിന്നുമാണെന്നും അദ്ദേഹം പറഞ്ഞു. 2001ൽ ഇ.ഡി.ബി രൂപീകരണത്തിന് ശേഷം, രാജ്യത്തെ എണ്ണ −ഇതര മേഖലയിൽ ശരാശരി
7.5 ശതമാനം വാർഷിക വളർച്ച കൈവരിച്ചിട്ടുണ്ട്. ബഹ്‌റൈൻ സന്പദ് വ്യവസ്ഥയെ വളർത്തുന്നതിലും ആധുനികവും വൈവിധ്യപൂർണ്ണവുമായ സന്പദ്ഘടന രൂപീകരിക്കുന്നതിലും ഹമദ് ബിൻ ഇസ അൽ ഖലീഫ രാജാവിന്റെ പങ്കിനെയും അദ്ദേഹം പ്രശംസിച്ചു. ബഹ്‌റൈന്റെ സുപ്രധാന സാന്പത്തിക മേഖലകളുടെ വളർച്ചയ്ക്ക് വേണ്ടി പൊതു−സ്വകാര്യമേഖലകൾ ഒരുമിച്ചു പ്രവർത്തിക്കുന്നതിന് ഇ.ഡി.ബി വഹിക്കുന്ന പങ്കിനെ പ്രിൻസ് സൽമാനും പ്രശംസിച്ചു. ഉയർന്ന തലത്തിലുള്ള പുതിയ നിക്ഷേപങ്ങൾ ആകർഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

പുതിയ ഇ.ഡി.ബി ബോർഡ് അംഗങ്ങളെ സ്വാഗതം ചെയ്ത പ്രിൻസ് സൽമാൻ, അവർക്ക് എല്ലാ ഭാവുകങ്ങളും നേർന്നു. ലക്ഷ്യങ്ങൾ വിജയകരമായി നേടിയെടുക്കാൻ മുഖ്യ പങ്കുവഹിച്ച ഇ.ഡി.ബി ബോർഡ് മുൻ അംഗങ്ങൾക്ക് അദ്ദേഹം നന്ദി പറഞ്ഞു. ഡിജിറ്റൽ സന്പദ് വ്യവസ്ഥയുടെ പരിവർത്തനങ്ങൾ, ബിസിനസ് ലൈസൻസിങ് പ്രക്രിയകൾ മെച്ചപ്പെടുത്തൽ, എസ്.എം.ഇ പരിസ്ഥിതി വ്യവസ്ഥ, ലോജിസ്റ്റിക്സ്, മാനുഫാക്ചറിംഗ് മേഖലകൾ മെച്ചപ്പെടുത്തുന്നതിനുള്ള പുതിയ സംരംഭങ്ങൾ എന്നിവയും മീറ്റിംഗിൽ ചർച്ച ചെയ്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed