ഇന്ധന വില വർദ്ധന : കോടതി നാളെ വാദം കേൾക്കും
മനാമ : നിയമവിരുദ്ധമായി ഇന്ധന വില വർദ്ധിപ്പിച്ചെന്നാരോപിച്ച് പെട്രോളിയം മന്ത്രാലയത്തിനെതിരെ ബഹ്‌റൈനിലെ ഒരുവിഭാഗം അഭിഭാഷകർ സമർപ്പിച്ച പരാതിയിൽ സുപ്രീം കോടതി നാളെ വാദം കേൾക്കും. വിജ്ഞാപനം പുറപ്പെടുവിക്കാതെ ജനുവരി 8ന് മന്ത്രാലയം ഇന്ധന വില വർദ്ധന നടപ്പാക്കിയെന്നും ഇത് ഭരണഘടനയുടെ ലംഘനമാണെന്നുമാണ് ഈ അഭിഭാഷകരുടെ വാദം.
അൽ അയാം ദിനപത്രത്തിന്റെ റിപ്പോർട്ട് പ്രകാരം എണ്ണ മന്ത്രിയും നാഷണൽ ഓയിൽ ആന്റ് ഗ്യാസ് അതോറിറ്റി ചെയർമാനുമാണ് കേസിലെ ആദ്യ രണ്ട് പ്രതികൾ. രാജ്യത്തെ നിയമ വ്യവസ്ഥകളും ഭരണഘടന വ്യവസ്ഥകളും വ്യക്തമാണെന്ന് വാദികളിൽ ഒരാളായ മുഹമ്മദ് അൽ തവാദി വ്യക്തമാക്കി. നിയമ നടപടികൾ സ്വീകരിച്ചതിന് ശേഷം ആവശ്യമായ നടപടികൾ എടുക്കണം. ഇത് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുകയും അത് പ്രസിദ്ധീകരിക്കപ്പെട്ട്, ഒരു മാസത്തിന് ശേഷം നടപ്പാക്കുകയും ചെയ്യണമെന്നും അൽ തവാദി ആവശ്യപ്പെട്ടു.
പെട്രോൾ വിലവർദ്ധന റദ്ദാക്കണമെന്നും കേസിന്റെ ചിലവുകൾ വഹിക്കാൻ മന്ത്രാലയത്തോട് ആവശ്യപ്പെടണമെന്നും അഭിഭാഷകർ കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഭരണഘടനാപരമായ നടപടികളില്ലാതെ തീരുമാനങ്ങൾ എടുക്കേണ്ടതില്ല എന്നതാണ് അഭിഭാഷകരുടെ പക്ഷം. ദേശീയ സാന്പത്തിക നയങ്ങൾക്കെതിരെയല്ല പരാതി ഉന്നയിക്കുന്നതെന്നും, എന്നാൽ ഭാവിയിൽ നിയമ നടപടിക്രമങ്ങൾ പിന്തുടരാതെ നിയമങ്ങൾ നടപ്പാക്കുന്നത് തടയുകയാണ് ലക്ഷ്യമെന്നും അഭിഭാഷകർ വ്യക്തമാക്കി.
നാഷണൽ ഓയിൽ ആന്റ് ഗ്യാസ് അതോറിറ്റി ജനുവരി 9ന് എടുത്ത തീരുമാനമനുസരിച്ച് ജായിദ് പെട്രോളിന്റെ വില ലിറ്ററിന് 125 ഫിൽസിൽ നിന്നും 140 ഫിൽസായും മുംതാസ് പെട്രോളിന്റെ വില ലിറ്ററിന് 160 ഫിൽസിൽ നിന്നും 200 ഫിൽസായും വർദ്ധിപ്പിച്ചിരുന്നു. 2016 ജനുവരിയിൽ സമാനമായ തീരുമാനം നടപ്പാക്കിയതിനുശേഷം രണ്ട് വർഷത്തിനുള്ളിൽ ഇത് രണ്ടാം തവണയാണ് പെട്രോളിയം വില വർദ്ധിപ്പിക്കുന്നത്.




