മന്നം ഫെസ്റ്റും അവാർഡ് ദാനവും നാളെ


മനാമ: ബഹ്റൈനിലെ കേരള സോഷ്യൽ ആന്‍റ് കൾച്ചറൽ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മന്നം ഫെസ്റ്റും അവാർഡ് ദാന ചടങ്ങും നാളെ വൈകീട്ട് അഞ്ച് മണി മുതൽ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ വെച്ചു നടക്കും. ചലച്ചിത്ര സംവിധായകനും മുൻ പട്ടാള ഉദ്യോഗസ്ഥനുമായ മേജർ രവി പുരസ്കാര ദാന ചടങ്ങിൽ മുഖ്യാതിഥിയായി എത്തിച്ചേരും.

 വിദ്യാഭ്യാസ മേഖലയിൽ മികച്ച സംഭാവനകൾ നൽകുകയും, അമേരിക്കയിൽ മൂന്ന് സർവ്വകലാശാലകൾ സ്ഥാപിക്കുകയും ചെയ്ത കെ.ജി മന്മഥൻ നായർക്കാണ് ഈ വർഷത്തെ മന്നം അവാർഡ് സമ്മാനിക്കുന്നത്. മുൻവർഷങ്ങളിൽ‍ ഡോ. ഗോപാലകൃഷ്ണൻ, പ്രൊഫ. വി.എൻ രാജശേഖരൻ പിള്ള, സുരേഷ് ഗോപി, ബാലകൃഷ്ണപിള്ള എന്നിവർ‍ക്കാണ് ഈ അവാർഡ് ലഭിച്ചത്. 

ഇന്റർ‍നാഷണൽ അമേരിക്കൻ‍ യൂണിവേഴ്സിറ്റി, അമേരിക്കൻ‍ യൂണിവേഴ്സിറ്റി ഓഫ് സെയിന്‍റ് വിൻ‍സന്‍റ്, സൗത്ത് വെസ്റ്റ്‌ കിംഗ്സ്റ്റൺ യൂണിവേഴ്സിറ്റി എന്നിവയുടെ പ്രസിഡണ്ടും സി.ഇ.ഒയുമായ കെ.ജി മന്മഥൻ നായർ വ്യവസായ മേഖലയിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. കെ.ജി.എം ഗ്രൂപ്പ് ഓഫ് കന്പനീസ് എന്ന പേരിൽ വ്യാപിച്ചു കിടക്കുന്ന അമേരിക്കയിലെ നിരവധി വ്യവസായ സ്ഥാപനങ്ങളുടെ ഉടമയാണ് അദ്ദേഹം. ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ്്‌ ഓഫ് നോർ‍ത്ത് അമേരിക്കയുടെ (ഫോക്കാന) പ്രസിഡണ്ട്, നാഷണൽ ഫെഡറേഷൻ‍ ഓഫ് ഇന്ത്യൻ അസോസിയേഷൻ, ഗ്രേറ്റർ ഡള്ളാസ് ഇൻഡോ അമേരിക്കൻ ചേംബർ ഓഫ് കൊമേഴ്സ്‌ എന്നിവയുടെ ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ അലങ്കരിച്ചിട്ടുണ്ട്. 

ഇതുകൂടാതെ കേരളത്തിന് പുറത്ത് ബിസിനസ് മേഖലയിൽ കഴിവ് തെളിയിച്ച സാമൂഹിക പ്രതിബദ്ധതയുള്ള വ്യക്തികളെ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി മറ്റ് മൂന്ന് അവാർഡുകൾ കൂടി നൽകും. ഡോ. കെ.എസ് മേനോൻ (ഗൾഫ് ബിസിനസ് ഐക്കൺ), വി.കെ രാജശേഖര പിള്ള (പ്രവാസി രത്ന), കല്ലയിൽ രാധാകൃഷ്ണൻ (ഇന്റർനാഷണൽ ബിസിനസ് ഐക്കൺ)എന്നിവർക്കാണ് ഈ പുരസ്കാരങ്ങൾ സമ്മാനിക്കുന്നത്. 

ബാലചന്ദ്രൻ കൊന്നക്കാട് ജൂറി ചെയർമാനായും പ്രവീൺ, രതീഷ്‌, ശ്രീജൻ‍ എന്നിവർ അംഗങ്ങളായുമുള്ള ജൂറിയാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്ത്. അവാർഡ്ദാന ചടങ്ങുകളോട് അനുബന്ധിച്ച് പ്രശസ്ത പിന്നണി ഗായകരായ രതീഷ് കുമാർ, ജാനകി നായർ എന്നിവർ അവതരിപ്പിക്കുന്ന സംഗീത നിശയും അരങ്ങേറും. 

You might also like

  • NEC

Most Viewed