ആഗോള കേരളീയ മാധ്യമ സംഗമത്തിൽ സത്യംവരയും
മനാമ: നടക്കാനിരിക്കുന്ന ലോക കേരളസഭയുടെ മുന്നോടിയായി ആഗോള കേരളീയ മാധ്യമ സംഗമത്തിൽ 4 പി.എമ്മിലെ പ്രാവാസ്യൂട്ടൻ എന്ന കാർട്ടൂണിന്റെ സൃഷ്ടാവ് കൂടിയായ പ്രമുഖ കാർട്ടൂണിസ്റ്റ് വി.ആർ സത്യദേവിന്റെ കാർട്ടൂണും ഇടം പിടിച്ചു. കൊല്ലത്ത് നടക്കുന്ന മാധ്യമ സംഗമത്തിന് മുന്നോടിയായി ഇന്നാരംഭിച്ച ത്രിദിന പ്രവാസി കാർട്ടൂണിസ്റ്റുകളുടെ കാർട്ടൂണുകളുടെ പ്രദർശനത്തിലാണ് സത്യദേവിന്റെ ‘സത്യം വര’ കാർട്ടൂൺ പംക്തിയിലെ കാർട്ടൂണും പ്രദശിപ്പിക്കപ്പെടുന്നത്. കേരള മീഡിയ അക്കാദമിയുടെ നേതൃത്വത്തിൽ നോർക്ക, ഇൻഫർമേഷൻ പബ്ലിക്ക് റിലേഷൻസ് വകുപ്പ്, കൊല്ലം പ്രസ് ക്ലബ്ബ് എന്നിവരുടെ സഹകരണത്തിലാണ് പരിപാടി നടക്കുന്നത്. കേരള കാർട്ടൂൺ അക്കാദമി മുൻ ഉപാദ്ധ്യക്ഷനും സൂര്യ ന്യൂസ് മുൻ ന്യൂസ് ചീഫുമായിരുന്നു സത്യദേവ്.
മലയാള കാർട്ടൂൺ ശതാബ്ദി ആഘോഷിക്കുന്ന അവസരത്തിലാണ് പ്രവാസികളായ മലയാള കാർട്ടൂണിസ്റ്റുകളുടെ കാർട്ടൂൺ പ്രദർശനം നടക്കുന്നത്. നൂറ് വർഷം മുൻപ് കൊല്ലം പരവൂരിൽ നിന്ന് പ്രസിദ്ധീകരിച്ച വിദൂഷകൻ മാസികയിൽ പി.എസ് ഗോവിന്ദപിള്ളയാണ് മഹാ ക്ഷാമദേവത എന്ന കാർട്ടൂൺ വരച്ചത്. ഇന്ത്യൻ കാർട്ടൂണിന്റെ പിതാവും മലയാളിയുമായ കാർട്ടൂണിസ്റ്റ് ശങ്കർ, ഇന്ത്യയിലെ ആദ്യ പോക്കറ്റ് കാർട്ടൂൺ രചയിതാവ് സാമുവൽ, ലോക കാർട്ടൂണിൽ വേറിട്ട രേഖകൾ തീർത്ത അബു, ഒ.വി വിജയൻ, കുട്ടി തുടങ്ങി അൻപത് പ്രവാസി കാർട്ടൂണിസ്റ്റുകളുടെ കാർട്ടൂണുകളാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

