പ്രവാസി തൊഴിലാളികൾ പാസ്പോർട്ട് തിരികെ ലഭിക്കാതെ വലയുന്നു
മനാമ : സ്പോൺസർമാർ പാസ്പോർട്ടുകൾ നിയമവിരുദ്ധമായി കൈവശം വെക്കുന്നു എന്നുള്ള പ്രവാസി തൊഴിലാളികളുടെ പരാതികൾ വർധിച്ചുവരുകയാണ്. ഫിലിപ്പൈൻസ് സ്വദേശിയായ ജെനി അഗ്ബുലിഗ്, തന്റെ പാസ്പോർട്ട് സ്പോൺസറിന്റെ കെയിൽ നിന്ന് തിരികെ ലഭിക്കാതെ ബഹ്റൈനിൽ കുടുങ്ങിക്കിടക്കുകയാണ്, ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന ജെനി ഇപ്പോഴും ആകാംക്ഷയോടെ പാസ്സ്പോർട്ടിനായി കാത്തിരിക്കുകയാണ്. കഴിഞ്ഞ മെയ് മാസം മുതലുള്ള കാത്തിരിപ്പാണ് പാസ്സ്പോർട്ടിനായി, ഉദ്യോഗസ്ഥരോ എംബസിയോ ഇതുവരെ ഇക്കാര്യത്തിൽ സഹായിച്ചിട്ടില്ല, സുഹൃത്തക്കളുടെ സഹായത്താലാണ് ഇപ്പോൾ കഴിയുന്നത്, ഇനിയും ഇവിടെ തുടരാൻ ആവില്ലെന്നും ജെനി പറഞ്ഞു.
സമാനമായ അവസ്ഥയാണ് ഇന്ത്യയിൽ നിന്നും ബഹ്റൈനിൽ എത്തിയ രാജേഷിന്റേതും. രാജേഷിന്റെ പിതാവ് കഴിഞ്ഞ ഡിസംബർ 24 ന് മരണപ്പെട്ടതാണ്. പാസ്പോർട്ട് കൈമാറാൻ സ്പോൺസർ തയ്യാറാവാത്തതിനാൽ നാട്ടിൽ തിരിച്ചെത്താൻ ഇതുവരെ ഇയാൾക്ക് കഴിഞ്ഞിട്ടില്ല. അച്ഛന്റെ മരണശേഷം അമ്മ അസുഖാവസ്ഥയിലാണ്, പാസ്സ്പോർട്ടിന്റെ പ്രശ്നം പരിഹരിക്കപ്പെടുമെന്നും തനിക്ക് എത്രയും പെട്ടെന്ന് നാട്ടിൽ തിരിച്ചെത്താൻ കഴിയുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്ന് രാജേഷ് പറഞ്ഞു.

