ട്രാഫിക് ജങ്ഷനുകളിൽ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാൻ നിർദ്ദേശം
മനാമ : റോഡ് അപകടങ്ങൾ നടക്കുന്ന സമയത്തോ, സിഗ്നൽ പ്രവർത്തന രഹിതമായ ഇടങ്ങളിൽ ട്രാഫിക് നിയന്ത്രിക്കാൻ ശ്രമിക്കുന്നതിന് വേണ്ടിയോ, ജംഗ്ഷനുകളിൽ വണ്ടി നിർത്തിയിടുന്നത് അപകടകരമാണെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
തലസ്ഥാന നഗരിയിലെ തിരക്കേറിയ ജംഗ്ഷനിൽ ട്രാഫിക്കിന്റെ ഒഴുക്ക് നിയന്ത്രിക്കുന്ന ഒരു സ്ത്രീയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിനു പിന്നാലെയാണ് ഡയറക്ടറേറ്റ് ഇങ്ങനെയൊരു മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. ഒമാൻ അവന്യൂവിനും ഹൈവേ 35നും ഇടയിലുള്ള ഏറ്റവും തിരക്കേറിയ ജംഗ്ഷനിൽ നിന്നായിരുന്നു അവർ ട്രാഫിക് നിയന്ത്രിച്ചത്. വീഡിയോയിലെ ദൃശ്യത്തിൽ ട്രാഫിക് സിഗ്നൽ പ്രവർത്തന രഹിതമായിരുന്നു. ട്രാഫിക് സുരക്ഷ ഉറപ്പുവരുത്തുന്നതിനായുള്ള പൗരന്റെ ഉദ്യമങ്ങൾക്ക് ട്രാഫിക് ജനറൽ ഡയറക്ടറേറ്റ് നന്ദി പ്രകടിപ്പിച്ചുവെങ്കിലും ഇത്തരത്തിലുള്ള പ്രവണതകൾ അപകടങ്ങൾ ക്ഷണിച്ചുവരുത്തുമെന്ന് മുന്നറിയിപ്പും നൽകുന്നു.
ട്രാഫിക് സിഗ്നൽ തകരാറിലായ ഇടങ്ങൾ ശ്രദ്ധയിൽ പെടുമ്പോൾ ഓപ്പറേഷൻ റൂമിലേക്ക് വിളിച്ച് റിപ്പോർട്ടു ചെയ്യാൻ ഡയറക്ടറേറ്റ് നിർദ്ദേശിക്കുന്നു. ട്രാഫിക് നിയന്ത്രിക്കുന്നതിന് ട്രാഫിക് ജീവനക്കാർ പിന്തുടരുന്ന നിയമങ്ങളുണ്ട്, കൂടാതെ ഉചിതമായ പരിശീലനം നൽകാതെ അത്തരം പ്രവർത്തികൾ കൈകാര്യം ചെയ്യാൻ സാധിക്കില്ലെന്നും ഡയറക്ടറേറ്റ് വ്യക്തമാക്കി.

