ക്രിസ്തുമസ് ശുശ്രൂഷകൾക്ക് ഒരുങ്ങി ബഹ്റൈനിലെ ക്രൈസ്തവ ദേവാലയങ്ങൾ
മനാമ : ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ബഹ്റൈനിലെ വിവിധ ക്രൈസ്തവ ദേവാലയങ്ങൾ ദൈവപുത്രന്റെ ജനനത്തെ വരവേൽക്കാൻ ഒരുങ്ങി കഴിഞ്ഞു. ഇന്നും നാളെയുമായി വിവധ ശ്രുശൂഷകളും, ചടങ്ങുകളും ഇതിന്റെ ഭാഗമായി നടക്കുന്നുണ്ട്.
ബഹ്‌റൈൻ സീറോ മലങ്കര കത്തോലിക്ക സമൂഹത്തിന്റെ ക്രിസ്തുമസ് ശുശ്രൂഷയും വിശുദ്ധ കുർബാനയും വൈകീട്ട് ആറ് മണി മുതൽ സെക്രട്ട് ഹാർട്ട് കത്തോലിക്കാ ദേവാലയം സോഷ്യൽ ഹാളിൽ വെച്ച് റവ. ഫാദർ ജോസഫ് പൂവണാലിന്റെ നേതൃത്വത്തിൽ നടക്കും. പുതുവർഷ ശുശ്രൂഷയും വിശുദ്ധ കുർബാനയും ഡിസംബർ 31ന് വൈകീട്ട് ഏഴ് മണിക്കാണ് നടക്കുന്നത്. സേക്രട്ട് ഹാർട്ട് ചർച്ചിൽ വെച്ച് തന്നെ ഇന്ന് രാത്രി എട്ട് മണിക്ക് മലയാളത്തിൽ ക്രിസ്തുമസ് ശ്രൂശൂഷകൾ അസി. വികാരി സജി തോമസിന്റെ നേതൃത്വത്തിൽ നടക്കും. കൂടാതെ നാളെ പുലർച്ചെ 5:30 മുതൽക്കും, വൈകുന്നേരം 8:30 മുതൽക്കും ശ്രുശൂഷകൾ തുടരും.
ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിൽ ഈ വർഷത്തെ ശുശ്രൂഷകൾക്ക് നേതൃത്വം കൊടുക്കുന്നത് മലങ്കര ഓർത്തഡോക്സ് സഭയുടെ കൽക്കട്ട ഭദ്രാസനാധിപൻ ഡോ. ജോസഫ് മാർ ദിവനാസിയോസ് മെത്രാപ്പോലീത്തയാണ്. ബഹ്റൈൻ കേരളീയ സമാജത്തിൽ വെച്ച് വൈകുന്നേരം 6 മണി മുതൽ ശുശ്രൂഷകൾ ആരംഭിക്കും. ഇടവക വികാരി റവ. ഫാദർ ജോഷ്വാ എബ്രഹാം സഹവികാരി റവ. ഫാ. ഷാജി ചാക്കോ എന്നിവർ സഹ കാർമ്മികത്വം വഹിക്കും. ഡിസംബർ 29ന് (വെള്ളിയാഴ്ച്ച) വൈകുന്നേരം ആറ് മണി മുതൽ ഇന്ത്യൻ ക്ലബ്ബിൽ വെച്ച് ഇടവക ദിനവും ക്രിസ്തുമസ്-പുതുവത്സര ആഘോഷങ്ങളും നടക്കും. ഡിസംബർ 31ന് വൈകുന്നേരം കത്തീഡ്രലിൽ െവച്ച് വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം 2018ലെ ഭരണസമതിയുടെ സ്ഥാനാരോഹണ ശുശ്രൂഷയും നടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
ബഹ്റൈൻ സെന്റ് പീറ്റേഴ്സ് ദേവാലയത്തിലെ ശുശ്രൂഷ വൈകുന്നേരം 6 മണിക്ക് യാക്കോബായ പള്ളിയിൽ െവച്ച് ഇടവക വികാരി റവ. ഫാദർ എൽദോസ് സ്കറിയായുടെ കാർമികത്വത്തിൽ നടക്കും. ബഹ്റൈൻ മാർത്തോമ്മ പാരീഷിന്റെ ക്രിസ്തുമസ് ശുശ്രൂഷകൾ വൈകുന്നേരം സനദിലെ മാർത്തോമ്മ സെന്ററിൽ െവച്ച് വെരി. റവ. ജോർജ്ജ് സഖറിയ മല്ലപ്പള്ളിയുടെ മുഖ്യ കാർമികത്വത്തിലും, വികാരി സാം മാത്യു സഹ വികാരി റെജി പി. എബ്രഹാം എന്നിവരുടെ സഹ കാർമികത്വത്തിലും നടക്കും. ബഹ്റൈൻ സെന്റ് പോൾസ് മർത്തോമ്മ പാരീഷിൽ വികാരി റവ. ജോർജ്ജ് യോഹന്നാന്റെ കാർമികത്വത്തിൽ വൈകുന്നേരം 7:30നായിരിക്കും ശുശ്രൂഷകൾ ആരംഭിക്കുക. വൈകുന്നേരം ആറരയോടെ ബഹ്റൈൻ സെന്റ് ഗ്രിഗോറിയോസ് ക്നാനായ പള്ളിയിൽ നടക്കുന്ന ശുശ്രൂഷകൾ വികാരി റവ. ഫാ. ടിനോ തോമസിന്റെ കാർമികത്വത്തിൽ ആരംഭിക്കും.
ബഹ്റൈൻ മലയാളി സി.എസ്.ഐ ദേവാലയത്തിൽ വൈകുന്നേരം 7 മണി മുതൽ വികാരി റവ. ജെയിംസ് ജോസഫിന്റെ കാർമികത്വത്തിൽ ശുശ്രൂഷകൾ ആരംഭിക്കും. ബഹ്റൈൻ മലയാളി സി.എസ്.ഐ സൗത്ത് കേരളാ ഡയോസിസ് ദേവാലയത്തിലെ ശുശ്രൂഷ വൈകുന്നേരം 8 മണിക്ക് സെന്റ് ക്രിസ്റ്റഫർ കത്തീഡ്രലിൽ െവച്ച് വികാരി റവ. സുജിത് സുഗതന്റെ കാർമികത്വത്തിലായിരിക്കും നടക്കുക.
ഇവ കൂടാതെ ബഹ്റൈനിലെ ക്രിസ്ത്യൻ എപ്പിസ്കോപ്പൽ സഭകളുടെ കൂട്ടായ്മയായ കേരള ക്രിസ്ത്യൻ എക്യൂമിനിക്കൽ കൗൺസിലിന്റെ (കെ.സി.ഇ.സി) നേതൃത്വത്തിൽ ജനുവരി ഒന്നിന് ബഹ്റൈൻ ഇന്ത്യൻ സ്കൂളിൽ െവച്ച് മുൻ വർഷങ്ങളിലെപോലെ ക്രിസ്തുമസ്-ന്യൂ ഈയർ പ്രോഗ്രാം നടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

