ഭരണസമിതി തെരഞ്ഞെടുപ്പിന് ഒരുങ്ങി ഇന്ത്യൻ സ്കൂൾ: ഡിസംബർ 11-ന് സാധ്യത


പ്രദീപ് പുറവങ്കര

മനാമ: ബഹ്റൈനിലെ പ്രവാസി സമൂഹത്തിന്റെ പ്രധാന കമ്മ്യൂണിറ്റി വിദ്യാലയമായ ഇന്ത്യൻ സ്കൂൾ ബഹ്റൈൻ വീണ്ടും ഭരണസമിതി തെരഞ്ഞെടുപ്പിലേക്ക്. തെരഞ്ഞെടുപ്പ് ഡിസംബർ 11-ന് നടത്താൻ സാധ്യതയുണ്ടെന്ന് വാർത്താസമ്മേളനത്തിൽ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വർഗീസ് അറിയിച്ചു. ഇതിനായി ബന്ധപ്പെട്ട മന്ത്രാലയങ്ങളിൽ നിന്നുള്ള അന്തിമ അനുമതിക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. 11,400-ഓളം വിദ്യാർത്ഥികൾ രണ്ട് കാമ്പസുകളിലായി പഠിക്കുന്ന ഇന്ത്യൻ സ്കൂൾ ബഹ്റൈൻ, ഗൾഫ് മേഖലയിലെ തന്നെ ഏറ്റവും പഴക്കമേറിയതും വലിയതുമായ സി.ബി.എസ്.ഇ സ്കൂളുകളിലൊന്നാണ്. പൊതുതെരഞ്ഞെടുപ്പുകളെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള ആവേശകരമായ പ്രചാരണങ്ങൾക്കാണ് ഈ സ്കൂൾ തെരഞ്ഞെടുപ്പുകൾ സാക്ഷ്യം വഹിക്കാറുള്ളത്. നിലവിൽ കഴിഞ്ഞ രണ്ട് ടേമുകളിലായി 'പ്രോഗ്രസീവ് പാരന്റ്സ് പാനൽ' ആണ് സ്കൂൾ ഭരണസമിതിയെ നയിക്കുന്നത്. മുഖ്യ പ്രതിപക്ഷമായ 'യുണൈറ്റഡ് പാരന്റ്സ് പാനലിന്റെ' പ്രതിനിധിയായ ബിജു തോമസ് മാത്രമാണ് നിലവിലെ ഭരണസമിതിയിലെ ഏക പ്രതിപക്ഷ അംഗം.

നിലവിലെ ഭരണസമിതിയുടെ കഴിഞ്ഞ മൂന്ന് വർഷത്തെ (2023–2026) പ്രവർത്തന കാലയളവിൽ അക്കാദമിക്, അടിസ്ഥാന സൗകര്യ, സാങ്കേതിക വികസന രംഗങ്ങളിൽ സമാനതകളില്ലാത്ത മുന്നേറ്റമാണ് കൈവരിച്ചതെന്ന് ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വർഗീസ് പറഞ്ഞു. 75 വർഷത്തെ പ്രവർത്തന പാരമ്പര്യം വിളിച്ചോതുന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് വൈവിധ്യമാർന്ന പരിപാടികളാണ് സംഘടിപ്പിച്ചത്. ബഹ്‌റൈൻ എഡ്യൂക്കേഷൻ ആൻഡ് ട്രെയിനിംഗ് ക്വാളിറ്റി അതോറിറ്റിയുടെ (BQA) പരിശോധനയിൽ സ്കൂളിന്റെ റേറ്റിംഗ് 'സാറ്റിസ്ഫാക്ടറി'യിൽ നിന്ന് 'ഗുഡ്' ആയി ഉയർന്നത് ഭരണസമിതിക്കും അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ലഭിച്ച വലിയ അംഗീകാരമാണ്.

സെൻ ബഹ്‌റൈനുമായി (Zain Bahrain) സഹകരിച്ച് 4,00,000 ബഹ്‌റൈനി ദീനാർ ചെലവഴിച്ച് രണ്ട് കാമ്പസുകളിലുമായി 350 അഡ്വാൻസ്ഡ് ഇന്ററാക്ടീവ് ഡിജിറ്റൽ പാനലുകൾ സ്ഥാപിച്ചുകൊണ്ട് സ്മാർട്ട് ക്ലാസ് റൂം പദ്ധതി നടപ്പിലാക്കി. കാനൂ ക്ലീൻമാക്സ് റെന്യൂവബിൾസുമായി ചേർന്ന് 1,099 kWp ശേഷിയുള്ള സോളാർ പവർ പ്ലാന്റ് സ്ഥാപിച്ചതിലൂടെ പ്രതിവർഷം വരുന്ന 19,000 ദീനാറിന്റെ വൈദ്യുതി ചെലവ് വൻതോതിൽ കുറയ്ക്കാൻ സാധിക്കും. പാരന്റ് ആപ്പ് വഴി സ്കൂൾ ബസുകൾ തത്സമയം ട്രാക്ക് ചെയ്യാനുള്ള സൗജന്യ സൗകര്യം റിഫ കാമ്പസിൽ നടപ്പിലാക്കിയതും പ്രധാന നേട്ടങ്ങളിൽ ഒന്നാണ്. ഐ.ഐ.ടി മദ്രാസുമായി (IIT Madras) സഹകരിച്ച് 9 മുതൽ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി 'സ്കൂൾ കണക്ട്' പ്രോഗ്രാമും, എ.എഫ്.എസ് (AFS) മെഷീനുകൾ വഴി ഓൺലൈൻ ഫീസ് അടയ്ക്കാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.

സി.ബി.എസ്.ഇ 10-ാം ക്ലാസ് പരീക്ഷയിൽ 99.99 ശതമാനവും 12-ാം ക്ലാസിൽ 98.09 ശതമാനവും വിജയമാണ് സ്കൂൾ കൈവരിച്ചത്. ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സിലൂടെ 19 വിദ്യാർത്ഥികൾ രാജ്യ പുരസ്കാർ അവാർഡിന് അർഹരായി. 48 വർഷം പഴക്കമുള്ള ടാഗോർ മന്ദിരത്തിന് പകരം പുതിയ പ്ലാറ്റിനം ജൂബിലി മന്ദിരം നിർമ്മിക്കുന്നതിനായി പൂളൈഡ്സ് കൺസ്ട്രക്ഷൻ കമ്പനിയുമായി (PCC) കരാറിലെത്താനും തീരുമാനമായി. ഇതിനായുള്ള താല്പര്യ പത്രം (LOI) നിർമ്മാണ കമ്പനിക്ക് നൽകുമെന്നും ചെയർമാൻ അറിയിച്ചു.

ഇതോടൊപ്പം വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിർദ്ദേശാനുസരണം സ്കൂളിന് കൊമേഴ്‌സ്യൽ രജിസ്‌ട്രേഷൻ (CR) നേടുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും, നിലവിലെ രക്ഷിതാക്കൾക്ക് പങ്കാളിത്തമുള്ള പുതിയ ഭരണസംവിധാനത്തിലേക്ക് സ്കൂൾ മാറുമെന്നും ഭാരവാഹികൾ അറിയിച്ചു. തെരഞ്ഞെടുക്കപ്പെടുന്ന 7 രക്ഷിതാക്കളും പ്രിൻസിപ്പലും അടങ്ങുന്ന ഭരണസമിതിയായിരിക്കും സി.ആറിന്റെ ഭാഗമാകുക. കുട്ടികളുടെ പഠനം പൂർത്തിയാകുന്നതോടെ രക്ഷിതാക്കൾ അല്ലാതാകുന്ന അംഗങ്ങളെ മാറ്റി, തെരഞ്ഞെടുപ്പിൽ അടുത്തതായി ഏറ്റവും കൂടുതൽ വോട്ടുകൾ നേടിയ വ്യക്തി ഡയറക്ടർ ബോർഡ് അംഗമാകുന്ന തരത്തിലായിരിക്കും ഈ സംവിധാനം നിലവിൽ വരിക. ഇതിനായുള്ള അനുകൂല തീരുമാനം ബന്ധപ്പെട്ട അധികാരികളിൽ നിന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ചെയർമാൻ വ്യക്തമാക്കി.

സ്കൂളുമായി ബന്ധപ്പെട്ട് ഉയരുന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങളെ തള്ളിക്കളയുന്നതായി വ്യക്തമാക്കിയ ചെയർമാൻ, വ്യക്തിപരമായ തേജോവധം ചെയ്യുന്ന പ്രവർത്തനങ്ങളെ ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്നും കൂട്ടിച്ചേർത്തു. മുൻപ് സ്കൂൾ ഭരണസമിതിക്ക് നേതൃത്വം നൽകിയ ചിലരുടെ തെറ്റായ നടപടികളുടെ ഫലമാണ് കഴിഞ്ഞ വർഷങ്ങളിൽ സ്ഥാപനം അനുഭവിക്കേണ്ടി വന്നതെന്നും, ആവശ്യമായ യോഗ്യതയില്ലാത്ത അധ്യാപകരുടെ നിയമനം മുതൽ വലിയ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ക്ലബ്ബുകളുടെ മറവിൽ ഇന്ത്യൻ സ്കൂൾ പോലുള്ള പ്രസ്ഥാനങ്ങളെ തകർക്കാൻ നടത്തുന്ന ശ്രമങ്ങളെ രക്ഷിതാക്കൾ തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു.

വാർത്താസമ്മേളനത്തിൽ സ്കൂൾ സെക്രട്ടറി വി. രാജപാണ്ഡ്യൻ, അസിസ്റ്റന്റ് സെക്രട്ടറിയും അക്കാദമിക് അംഗവുമായ രഞ്ജിനി മോഹൻ, ഫിനാൻസ് ആൻഡ് ഐ.ടി അംഗം ബോണി ജോസഫ്, പ്രോജക്ട്സ് ആൻഡ് മെയിന്റനൻസ് അംഗം മിഥുൻ മോഹൻ, കമ്മിറ്റി അംഗം ബിജു ജോർജ്, ട്രാൻസ്പോർട്ട് അംഗം മുഹമ്മദ് നയാസ് ഉള്ള, പ്രിൻസിപ്പൽ ശാന്ത കുമാർ ദസരി എന്നിവരും പങ്കെടുത്തു.

article-image

aa

You might also like

  • Lulu Exchange
  • Straight Forward

Most Viewed