അനധി­കൃ­തമാ­യി­ രാജ്യത്ത് പ്രവേ­ശി­ക്കാ­നു­ള്ള 453 നീ­ക്കങ്ങൾ തടഞ്ഞതാ­യി­ ആഭ്യന്തരമന്ത്രാ­ലയം


മനാമ : വ്യാജരേഖകൾ ഉപയോഗിച്ച് രാജ്യത്ത് അനധികൃതമായി പ്രവേശിക്കാൻ വിദേശികൾ നടത്തിയ ശ്രമങ്ങൾ തടഞ്ഞതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഇത്തരത്തിലുള്ള 453 കേസുകളാണ് ഈ വർഷം റിപ്പോർട്ട് ചെയ്തത്. നാഷണൽ പാസ്പോർട്ട് ആന്റ് റെസിഡൻസി അഫയേഴ്സ് ഡിപ്പാർട്ട്മെന്റാണ് ബഹ്‌റൈനിൽ എത്തിയ ആയിരിക്കണക്കിന് സന്ദർശകരെ പരിശോധിച്ച് അനധികൃത പ്രവേശനങ്ങൾ തടഞ്ഞത്. മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം വിവിധ മാർഗ്ഗങ്ങളിലൂടെ 25,679,185 പേർ ഈ വർഷം രാജ്യത്ത് പ്രവേശിച്ചു. 

വ്യാജ പാസ്പോർട്ട്, എൻഒസി, വ്യാജ വിസ, മറ്റുള്ളവരുടെ പാസ്പോർട്ടുകൾ എന്നിവ ഉപയോഗിച്ച് രാജ്യത്ത് അനധികൃതമായി കടക്കാൻ ശ്രമിച്ചവരാണ് പിടിയിലായതെന്ന് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഫോർ പോർട്സ്, പാസ്പോർട്ട് ആന്റ് റെസിഡൻസി അഫയേഴ്സ് ബ്രിഗേഡിയർ അബ്ദുൾ റഹ്‌മാൻ സലേഹ് അൽ സിനാൻ പറഞ്ഞു. പിടിക്കപ്പെട്ടവരെ മേൽനടപടികൾ സ്വീകരിച്ചശേഷം ബന്ധപ്പെട്ട സുരക്ഷാ വകുപ്പുകൾക്ക് കൈമാറിയതായും അദ്ദേഹം പറഞ്ഞു. അനധികൃതമായി രാജ്യത്ത് പ്രവേശിക്കാൻ ശ്രമിക്കുന്നവരെ കണ്ടെത്താൻ ജീവനക്കാർക്ക് പരിശീലനം നൽകുമെന്നും അദ്ദേഹം പറഞ്ഞു. 

ചില രാജ്യങ്ങളിൽ വ്യാജ പാസ്പോർട്ടുകൾ ഉപയോഗിച്ച് ഭീകരർ നുഴഞ്ഞുകയറുന്നതിനാലാണ് കർശ്ശനമായ പരിശോധനകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തുകയും യാത്രാ രേഖകൾ പരിശോധിക്കുകയും ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംശയാസ്പദമായ രേഖകൾ ഉള്ളവരെ ചോദ്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. വിദേശികൾ ഉൾപ്പെടെയുള്ള ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ശ്രമിക്കുന്നുണ്ടെന്നും അവർ അത് ചൂഷണം ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു. കുടിയേറ്റക്കാർ നിയമവിരുദ്ധമായി പ്രവേശിക്കുന്നത് ആഗോള, പ്രാദേശിക പ്രശ്നമാണെന്നും ഇത് ബഹ്‌റൈനിൽ മാത്രം ഒതുങ്ങുന്നില്ലെന്നും അബ്ദുൾറഹ്‌മാൻ സലേഹ് അൽ സിനാൻ പറഞ്ഞു. മനുഷ്യാവകാശത്തെ ബഹുമാനിച്ചാണ് ഈ പ്രശ്നത്തെ കൈകാര്യം ചെയ്യുന്നതെന്നും തൊഴിലാളികൾക്ക് ബുദ്ദിമുട്ടുണ്ടാക്കുന്നില്ലെന്ന് ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed