ദക്ഷിണാ മൂർത്തി മുതൽ രവീന്ദ്രൻ മാഷ് വരെ : ഭാസ്കരൻ മാഷിന്റെ പാട്ടിൽ അലിഞ്ഞ് ‘മഞ്ഞണിപ്പൂനിലാവ് ’
മനാമ : ദക്ഷിണാ മൂർത്തി മുതൽ രവീന്ദ്രൻമാഷ് വരെയുള്ള സംഗീത സംവിധായകരുടെ പാട്ടുകളിൽ നിന്ന് തിരഞ്ഞെടുത്ത 17ഓളം പാട്ടുകൾ പാടി ആസ്വാദകർക്ക് നവ്യാനുഭവമായി ബഹ്റൈൻ പ്രേരണ ഒരുക്കിയ മഞ്ഞണിപ്പൂനിലാവ് എന്ന സംഗീത പരിപാടി. ബഹ്റൈനിലെ പ്രൊഫഷണൽ അമേച്വർ ഗായകർ ഒത്ത് ചേർന്ന പരിപാടി ആദ്യാവസാനം വരെ പാട്ടുകളുടെ തിരഞ്ഞെടുപ്പ് കൊണ്ടും അവതരണ മികവ് കൊണ്ടും സംഘാടക പാടവം കൊണ്ടും മികവ് പുലർത്തി.
ആയിരക്കണക്കിന് വരുന്ന ഗാനങ്ങളിൽ ഏത് പാട്ടുകൾ പാടും എന്നതായിരുന്നു സംഘാടകരുടെ ആശങ്ക. രാജഗോപാൽ ചെങ്ങന്നൂർ, മനോജ് കൈവേലി തുടങ്ങിയവരടങ്ങിയ പാനലാണ് വിവിധ സംഗീത സംവിധായകരുടെ മികച്ച ഗാനങ്ങൾ തിരഞ്ഞെടുത്തത്. ബഹ്റൈനിലെ തിരഞ്ഞെടുക്കപ്പെട്ട ഗായകർ ഓരോ പാട്ടുകൾക്കും ശബ്ദം നൽകി. പ്രമുഖ കീബോർഡ് ആർട്ടിസ്റ്റ് മനോജ് വടകരയുടെ നേതൃത്വത്തിലുള്ള ഓർക്കസ്ട്ര എല്ലാ പാട്ടുകളും ലൈവ് ആയി പിന്നണി വായിച്ചു.
ചടങ്ങിൽ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങുന്ന സുധീഷ് രാഘവനും ബിജി ടീച്ചർക്കും പ്രേരണയുടെ ഉപഹാരം നൽകി. മാധ്യമപ്രവർത്തകനായ ഷെറിൻ പി. ഭാസ്കരൻ അനുസ്മരണ പ്രഭാഷണം നടത്തി. പി.വി സുരേഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ടി.എം രാജൻ അദ്ധ്യക്ഷത വഹിച്ചു. കെ.ആർ നായർ ചെയർമാനായും, സാബു അബ്രഹാം രക്ഷാധികാരിയുമായ സമിതിയാണ് പരിപാടിക്ക് നേതൃത്വം നൽകിയത്. ഗായകൻ കൂടിയായ ഷാജിത്ത്, രാജഗോപാൽ ചെങ്ങന്നൂർ എന്നിവർ കോ-ഓർഡിനേറ്റ് ചെയ്തു. ശശീന്ദ്രൻ, നിഖിൽ വടകര എന്നിവർ തയ്യാറാക്കിയ ഭാസ്കരൻ മാസ്റ്റർ വീഡിയോയും ഹൃദ്യമായി.


