പെൻഷൻ പ്രായപരിധി നീട്ടുന്ന മൂന്ന് ബില്ലുകൾ തള്ളാൻ ശുറ സമിതിയുടെ ശുപാർശ
പ്രദീപ് പുറവങ്കര
മനാമ: മരിച്ചുപോയ മാതാപിതാക്കളുടെ പെൻഷൻ ആൺമക്കൾക്ക് ലഭിക്കുന്നതിനുള്ള പ്രായപരിധി 22-ൽ നിന്ന് 24 വയസ്സായി ഉയർത്തുന്ന മൂന്ന് ബില്ലുകൾ തള്ളാൻ സാധ്യത. നിലവിൽ തന്നെ വരവിനേക്കാൾ കൂടുതൽ തുക ചെലവഴിക്കുന്ന പെൻഷൻ ഫണ്ടുകളെ ഇത് കൂടുതൽ പ്രതിസന്ധിയിലാക്കുമെന്ന് ശുറ സമിതി മുന്നറിയിപ്പ് നൽകി.
സർക്കാർ, സ്വകാര്യമേഖല, സൈനിക പെൻഷൻ പദ്ധതികൾ എന്നിവയുമായി ബന്ധപ്പെട്ട ഈ ബില്ലുകൾ ഞായറാഴ്ച നടക്കുന്ന ശുറ കൗൺസിൽ അംഗങ്ങളുടെ ചർച്ചയ്ക്കും വോട്ടെടുപ്പിനും വരും. സർവകലാശാലകളിലോ ഉന്നത വിദ്യാഭ്യാസത്തിലോ പഠിക്കുന്ന ആൺമക്കൾക്ക് പെൻഷൻ ലഭിക്കുന്നതിനുള്ള പ്രായപരിധി 26-ൽ നിന്ന് 28 വയസ്സായോ അല്ലെങ്കിൽ പഠനം പൂർത്തിയാകുന്നതുവരെയോ (ഇതിൽ ഏതാണോ ആദ്യം സംഭവിക്കുന്നത് അതുവരെ) നീട്ടി നൽകുന്നതാണ് ഈ ബില്ലുകൾ.
എന്നാൽ, പുതിയ വരുമാന സ്രോതസ്സുകളില്ലാതെ കൂടുതൽ കാലം പെൻഷൻ നൽകാൻ ഫണ്ടുകൾക്ക് ശേഷിയില്ലെന്ന് ചൂണ്ടിക്കാട്ടി ഈ മൂന്ന് ബില്ലുകളും അംഗങ്ങൾ തള്ളണമെന്ന് ശുറ സർവീസസ് കമ്മിറ്റി ആവശ്യപ്പെട്ടു. ഇതുപ്രകാരം നിലവിൽ പെൻഷൻ വാങ്ങുന്ന ആൺമക്കൾക്ക് രണ്ട് വർഷം കൂടി അധികമായി തുക ലഭിക്കും. കൂടാതെ ഉയർന്ന പ്രായപരിധി കാരണം ആനുകൂല്യത്തിന് അർഹരായവരുടെ എണ്ണവും വർദ്ധിക്കും.
പെൻഷൻ ഫണ്ടുകളുടെ ചെലവ് വർദ്ധിക്കുമെന്ന് സാമ്പത്തിക കാര്യ സമിതി മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും, ഇതിലൂടെ സംസ്ഥാന ബജറ്റിന് നേരിട്ട് അധിക ബാധ്യതയുണ്ടാകില്ലെന്നാണ് കണ്ടെത്തൽ. എന്നാൽ എത്രത്തോളം തുകയുടെ വർദ്ധനവുണ്ടാകുമെന്ന് വ്യക്തമല്ല.ആനുകൂല്യം ലഭിക്കുന്ന ആൺമക്കളുടെ എണ്ണമോ അവരുടെ പ്രതിമാസ പെൻഷനോ സംബന്ധിച്ച കൃത്യമായ കണക്കുകൾ ലഭ്യമല്ല. 2024-ലെ കണക്കുപ്രകാരം ഫണ്ടുകളിൽ നിന്നുള്ള ചെലവ് വരുമാനത്തേക്കാൾ കൂടുതലാണെന്ന് സോഷ്യൽ ഇൻഷുറൻസ് ഓർഗനൈസേഷൻ (SIO) വ്യക്തമാക്കി. 2020-ലെയും 2022-ലെയും പരിഷ്കരണങ്ങൾ ഫണ്ടുകളുടെ ആയുസ്സ് കുറച്ചുകൂടി നീട്ടാൻ സഹായിച്ചിരുന്നെങ്കിലും ചെലവ് ഇപ്പോഴും വരുമാനത്തേക്കാൾ കൂടുതലാണ്.
കൂടുതൽ കാലത്തേക്ക് പെൻഷൻ നൽകുന്നത് ഫണ്ടുകളുടെ സാമ്പത്തിക സ്ഥിതിയെ കൂടുതൽ വഷളാക്കും. ദീർഘകാലത്തെ ചെലവുകൾ കണക്കാക്കാനും, ഫണ്ടുകൾക്ക് എത്രത്തോളം താങ്ങാൻ കഴിയുമെന്ന് വിലയിരുത്താനും, പണം എവിടെനിന്ന് കണ്ടെത്തണമെന്ന് തീരുമാനിക്കാനും ഒരു ആക്ച്വറിയൽ പഠനം നടത്തണമെന്ന് SIO ആവശ്യപ്പെട്ടു. കൂടാതെ, ദീർഘകാലത്തേക്ക് പെൻഷൻ ലഭിക്കുന്നത് യുവാക്കളെ ജോലിക്ക് ശ്രമിക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കുമെന്നും, ഇത് ഫണ്ടുകളിലേക്ക് ലഭിക്കേണ്ട സംഭാവനകളും നിക്ഷേപ വരുമാനങ്ങളും കുറയാൻ ഇടയാക്കുമെന്നും SIO വാദിച്ചു.
ബില്ലുകൾക്ക് പിന്നിലെ യുക്തിയെ സർവീസസ് കമ്മിറ്റി ചോദ്യം ചെയ്തു. ജോലി ചെയ്യാൻ പ്രായമായ യുവാക്കൾക്ക് സ്ഥിരവരുമാനം നൽകാനുള്ളതല്ല പെൻഷൻ എന്നും, സ്വന്തമായി ജീവിക്കാന് വകയില്ലാത്തവരെ സഹായിക്കാനാണ് അതെന്നും സമിതി വാദിച്ചു. നവംബർ 8 ലെ മൂന്ന് റിപ്പോർട്ടുകളിൽ, പുതിയ ഫണ്ടിംഗ് ഇല്ലാതെ പെൻഷൻ കാലയളവ് നീട്ടുന്നത് മുൻകാല പെൻഷൻ പരിഷ്കരണങ്ങളുടെ നേട്ടങ്ങളെ ഇല്ലാതാക്കുമെന്നും ഭാവിയിലെ ആവശ്യങ്ങൾ നിറവേറ്റാൻ പണമില്ലാത്ത സ്ഥിതി ഉണ്ടാക്കുമെന്നും സമിതി മുന്നറിയിപ്പ് നൽകി. സർക്കാർ നിലപാടിനൊപ്പം നിന്നുകൊണ്ട് മിലിട്ടറി പെൻഷൻ ഫണ്ടും ഈ മാറ്റങ്ങളെ എതിർത്തിട്ടുണ്ട്.
1976-ലെ സോഷ്യൽ ഇൻഷുറൻസ് നിയമത്തിലെ 78-ാം വകുപ്പ്, 1975-ലെ ഗവൺമെന്റ് റിട്ടയർമെന്റ് നിയമത്തിലെ 27-ാം വകുപ്പ്, 1976-ലെ മിലിട്ടറി റിട്ടയർമെന്റ് നിയമത്തിലെ 26-ാം വകുപ്പ് എന്നിവ ഭേദഗതി ചെയ്യുന്നതാണ് ഈ മൂന്ന് ബില്ലുകൾ. നേരത്തെ എം.പിമാർ ഈ ബില്ലുകൾ പാസാക്കിയിരുന്നതാണ്.
ghghghhh


