സെൻട്രൽ മാർക്കറ്റിൽ പണം തട്ടിയെടുക്കൽ വ്യാപകമാകുന്നു
മനാമ : സെൻട്രൽ മാർക്കറ്റിൽ എത്തുന്നവരുടെ പണം പല തരത്തിൽ അപഹരിക്കപ്പെടുന്നു. മാർക്കറ്റിൽ നിന്നും സാധനങ്ങൾ വാങ്ങി പോകുന്നവരുടെ പേഴ്സ് കവർച്ച ഇപ്പോൾ വർദ്ധിച്ചു വരികയാണ്. കഴിഞ്ഞ മാസം സെൻട്രൽ മാർക്കറ്റിൽ െവച്ച് വാഹനം വാഗ്ദാനം ചെയ്തു അടുത്തുകൂടിയ അജ്ഞാതൻ മലയാളിയെ കവർച്ച ചെയ്തതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം മറ്റൊരു മലയാളി തട്ടിപ്പിന്നിരയായത്.
സെൻട്രൽ മാർക്കറ്റിൽ നിന്ന് സാധനങ്ങൾ വാങ്ങി പുറത്തേയ്ക്ക് വരികയായിരുന്ന മലയാളിയുടെ വസ്ത്രത്തിലേയ്ക്ക് ഉമിനീർ പോലുള്ള ഒരു ദ്രാവകം തെറിപ്പിക്കുകയും പിന്നീട് അറിയാതെ പറ്റിപോയതാണെന്ന രീതിയിൽ അത് തുടച്ചു കൊടുക്കുകയും ചെയ്തു. കുറച്ചു സമയം കഴിഞ്ഞ് നോക്കുന്പോഴാണ് പാന്റിന് പിറകിലെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന പേഴ്സ് കാണാനില്ലെന്ന കാര്യം മനസ്സിലായത്. തുടർന്ന് സെൻട്രൽ മാർക്കറ്റ് മുഴുവൻ അരിച്ച് പെറുക്കിയെങ്കിലും ആരെയും കണ്ടെത്താനായില്ല. പേഴ്സിൽ 250 ദിനാർ ഉണ്ടായിരുന്നതായി മലയാളി പറഞ്ഞു.
സെൻട്രൽ മാർക്കറ്റ് കേന്ദ്രീകരിച്ച് നടക്കുന്ന ഇത്തരം കവർച്ചകൾ കരുതിയിരിക്കണമെന്നും വളരെ തന്ത്രപരമായാണ് കവർച്ചക്കാർ ആളുകളെ പറ്റിക്കാൻ ഇറങ്ങിയിരിക്കുന്നതെന്നുമാണ് ഇത്തരം സംഭവങ്ങൾ വ്യക്തമാക്കുന്നത്.


