അനധികൃത ടാക്സികൾക്കെതിരെ നടപടിയെടുക്കണമെന്ന് എം.പി
മനാമ : രാജ്യത്തിന്റെ സുരക്ഷക്കും നിയമങ്ങൾക്കും ഭീഷണിയായ അനധികൃത ടാക്സി ഡ്രൈവർമാർക്കെതിരെ ഗവണ്മെന്റ് ശക്തമായ നടപടിയെടുക്കണമെന്ന് പാർലമെന്റ് അംഗം ഒസാമ അൽ ഖാജ ആവശ്യപ്പെട്ടു. നിയമവിരുദ്ധ ടാക്സികൾക്കെതിരെ നടപടി എടുക്കുന്നില്ലെങ്കിൽ കൂടുതൽ പേർ അനധികൃത ടാക്സി സർവ്വീസ് നടത്തുമെന്നും എം.പി ഒസാമ അൽ ഖാജ മുന്നറിയിപ്പ് നൽകി. അനധികൃത ടാക്സി ഡ്രൈവർമാർ അംഗീകൃത ടാക്സി ഡ്രൈവർമാർക്ക് ഭീഷണിയാണെന്നും അൽ ഖാജ പറഞ്ഞു.
ഏഷ്യൻ പൗരൻമാരാണ് അനധികൃത ടാക്സി സർവ്വീസുകൾ നടത്തുന്നതിൽ മിക്കതും. ഇവർ ഉപഭോക്താക്കളിൽ നിന്ന് കൂടുതൽ പണം ഈടാക്കുന്നതായും അൽ ഖജാ പറഞ്ഞു. അനധികൃത ടാക്സി സർവ്വീസുകൾ രാജ്യത്തിന്റെ സന്പദ് വ്യവസ്ഥ, വിനോദസഞ്ചാരം എന്നിവയ്ക്ക് ദോഷം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. ഡ്രൈവിങ് ലൈസൻസുകൾ നൽകുന്നതിന് മുന്പ് കൂടുതൽ അന്വേഷണങ്ങൾ നടത്തണമെന്നും അൽ ഖജാ പറഞ്ഞു. അനധികൃതമായി ജോലി ചെയ്യുന്നവരെ തടയുന്നതിനുള്ള നിയമങ്ങൾ രാജ്യത്ത് നടപ്പിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആഭ്യന്തര മന്ത്രാലയം, ഇസ്ലാമിക് അഫയേഴ്സ്, എൻഡോവ്മെന്റ് മന്ത്രാലയം, പബ്ലിക് പ്രോസിക്യൂഷൻ, ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി എന്നിവർ അനധികൃത താമസക്കാരെയും അനധികൃത ടാക്സി സർവ്വീസുകൾ നടത്തുന്നവരെയും കണ്ടുപിടിക്കുന്നതിനും അറസ്റ്റ് ചെയ്യുന്നതിനും വിചാരണ നടത്തി നാടുകടത്തുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.


