ലണ്ടൻ ആസിഡ് ആക്രമണ ഭീതിയിൽ : കഴിഞ്ഞ വർഷം 454 കേസുകൾ റിപ്പോർട്ട് ചെയ്തു
ലണ്ടൻ : ലണ്ടൻ നഗരത്തിലെ ജനങ്ങൾ തെരുവിലിറങ്ങാൻ പോലും കഴിയാത്ത അവസ്ഥയിലാണ്. ആസിഡ് ആക്രമണം നടത്തിയ ശേഷമുള്ള മോഷണം വ്യാപകമായതാണ് ജനങ്ങളെ പരിഭ്രാന്തിയിലാക്കിയിരിക്കുന്നത്.
2016ൽ 454 കേസുകളാണ് ഇത്തരത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. മോഷ്ടാക്കൾ യാത്രക്കാരുടെ മുഖത്തേക്ക് ആസിഡ് ഒഴിച്ച ശേഷം വാഹനങ്ങളും മൊബൈൽ ഫോണും പണവുമെല്ലാം തട്ടിയെടുക്കുന്നതായാണ് റിപ്പോർട്ട്. പരാതികൾ നൽകുന്നുണ്ടെങ്കിലും കുറ്റവാളികളെ പിടികൂടാൻ പോലീസിന് കഴിയുന്നില്ലെന്നും പരക്കെ ആക്ഷേപമുണ്ട്.
ആസിഡ് വാങ്ങുന്നതിൽ നിയന്ത്രണമേർപ്പെടുത്തി പ്രശ്നത്തിന് പരിഹാരമുണ്ടാക്കാനാണ് ശ്രമമെന്ന് അധികൃതർ പറയുന്നു. കൃത്യമായ തിരിച്ചറിയൽ രേഖകളുള്ളവർക്ക് മാത്രമേ ആസിഡ് നൽകാവൂ എന്ന് നിർദേശം നൽകിയിട്ടുണ്ടെന്നും അധികൃതർ പറയുന്നുണ്ടെങ്കിലും തെരുവിൽ നേരിടേണ്ടി വരുന്ന ആക്രമണങ്ങളുടെ നിരക്ക് കൂടിവരികയാണെന്ന് പൊതുജനം പറയുന്നു.


