വോട്ട് വ്യക്തികൾക്കോ, പാനലിനോ? : ഇൻഡിപെൻഡൻസ് ഫോറം ഗ്രൂപ്പിൽ ചർച്ച സജീവമാകുന്നു
മനാമ : സ്കൂൾ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്പോൾ പാനലുകൾക്ക് നൽകണോ അതോ ഇഷ്ടമുള്ള വ്യക്തികൾക്ക് നൽകണോ എന്ന് ഇൻഡിപെൻഡൻസ് ഫോറം ഗ്രൂപ്പിൽ ചർച്ച സജീവമാകുന്നു. പാനലുകൾക്ക് വോട്ട് രേഖപ്പെടുത്താതെ അവരവരുടെ ഇഷ്ടമനുസരിച്ച് വ്യക്തികൾക്ക് വോട്ട് ചെയ്ത് എല്ലാ പാനലിൽ നിന്നുമുള്ള മികച്ച സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്ന് ഒരു വിഭാഗം വോട്ടർമാരോട് അഭ്യർത്ഥിച്ചു. ഓരോ രക്ഷിതാക്കളും ഭരണഘടന ഉന്നയിക്കുന്ന നിബന്ധന പ്രകാരം യോഗ്യത ഉള്ളവരാണെങ്കിൽ ആർക്കും തന്നെ സ്വതന്ത്രനായി മത്സരിക്കാൻ ഉള്ള ഒരു ചട്ടക്കൂട് മാത്രമേ ഭരണഘടനയിൽ പ്രതിപാദിച്ചിട്ടുള്ളൂ എന്നതിനാലാണ് ഇത്തരമൊരു ആഹ്വാനത്തിന് ഇവർ തുനിഞ്ഞത്. അതായത് ഓരോ മത്സരാർത്ഥികളും തികച്ചും സ്വതന്ത്ര സ്ഥാനാർത്ഥികൾ ആണ്. അത്തരത്തിലുള്ള ഒരു തിരഞ്ഞെടുപ്പ് സംവിധാനത്തിൽ എങ്ങനെ പിന്നെ പാനൽ സംവിധാനം വന്നു എന്ന് ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
പാനൽ സംവിധാനം ഒരു ചൂഷണ പ്രക്രിയ ആക്കി. സുന്ദര വാഗ്ദാനങ്ങൾ നൽകി ഒരോ പാനലിൻ കീഴിൽ അവരുടെ സ്വന്തം താൽപ്പര്യമുള്ള ആളുകളെ നിർത്തി. അവരുടെ നിഗൂഢ അജണ്ട നടപ്പിലാക്കാൻ ഒരു കൂട്ടം ആളുകളുടെ ഗൂഡതന്ത്രമാണ് പാനൽ സംവിധാനമെന്നും ഇവർ പറയുന്നു. അതുകൊണ്ട് തന്നെ വർഷങ്ങളായി നിലനിന്നു പോവുന്ന ഈ ചൂഷണ പാനൽ തിരഞ്ഞെടുപ്പ് സംവിധാനത്തിൽ നിന്നും മാറി വേറിട്ട് ചിന്തിക്കാൻ ഓരോ രക്ഷിതാവിനും കഴിയണമെന്നും ഇവർ ആവശ്യപ്പെടുന്നു. പാനൽ എന്ന സംവിധാനം ഒരു കൂട്ടം തൽപ്പരകക്ഷികൾ അവരുടെ കാര്യ സാധ്യത്തിനു ഒരുക്കുന്ന ഒരു കെണി ആണെന്നും നാം മനസ്സിലാക്കണമെന്നും ഇവർ വിലയിരുത്തുന്നു. പല പാനലിൽ നിന്നും തിരഞ്ഞെടുക്കുന്നവർക്ക് പാനലിന് ചുക്കാൻ പിടിക്കുന്ന മേധാവികളുടെ ഗൂഢതന്ത്രങ്ങൾ നടപ്പിലാക്കാൻ പറ്റാതെ വരും. അതാണ് ഓരോ രക്ഷിതാക്കളും ചെയ്യേണ്ടതെന്നും ഇവർ പറയുന്നു.
എന്നാൽ ജനാധിപത്യ പ്രക്രിയയിൽ ഇന്ത്യയിൽ പോലും രാഷ്ട്രീയ പാർട്ടി സംവിധാനമാണുള്ളതെന്നും പലരെയും പല പാനലിൽ നിന്നും തിരഞ്ഞെടുത്താൽ പാനൽ സംവിധാനത്തേക്കാൾ ദോഷം ചെയ്യുമെന്നും ചെയർമാൻ സ്ഥാനാർത്ഥിക്ക് വേണ്ടി തമ്മിലടിച്ചു സ്കൂൾ ഭരണം താറുമാറാവുകയും ചെയ്യുമെന്നും അത് സ്കൂളിനെ അപകടത്തിലാക്കുമെന്നും ഒരു വിഭാഗം രക്ഷിതാക്കൾ ചൂണ്ടിക്കാണിക്കുന്നു.


