ഇന്ത്യൻ സ്കൂൾ തിരഞ്ഞെടുപ്പ് : ആരോപണ പ്രത്യാരോപണങ്ങൾ ഉയരുന്നു
ഇന്ത്യൻ സ്കൂൾ ഭരണസമിതി സ്കൂൾ സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുന്നുതായി യു.പി.എ
മനാമ : ഇന്ത്യൻ സ്കൂൾ ഭരണസമിതിലേയ്ക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷവും വാഗ്ദാനങ്ങൾ നൽകിയും മുൻപ് പ്രഖ്യാപിച്ച പല കാര്യങ്ങളും പുതിയതായി നടപ്പിലാക്കിയതെന്ന് പറഞ്ഞ് രക്ഷിതാക്കളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ഭരണസമിതിയുടെ ഭാഗമായതിനാലാവാം സ്കൂളിലെ രക്ഷിതാക്കളുടെ മുഴുവൻ ഡാറ്റയും ഉപയോഗിച്ച് രക്ഷിതാക്കളെ വിളിക്കുകയും മറ്റ് മാർഗ്ഗങ്ങളിലൂടെ ബന്ധപ്പെടുകയും ചെയ്യുകയാണ്. ഇപ്പോഴത്തെ ചെയർമാൻ മത്സരിക്കുന്ന പാനലിന്റെ പ്രചാരണത്തിനായി സ്കൂളിൽ നിന്നെന്ന പോലെയാണ് രക്ഷിതാക്കൾക്ക് അവരുടെ യോഗത്തിനുള്ള ക്ഷണം ലഭിക്കുന്നത്. നിരന്തരമായി ആവശ്യപ്പെട്ടിട്ടും മറ്റ് ബന്ധപ്പെട്ട ഭരണസമിതി ഭാരവാഹികൾക്ക് പോലും നൽകാതിരുന്ന സമയത്താണ് സ്വന്തം ആവശ്യത്തിനായി ഡാറ്റ ദുരുപയോഗം ചെയ്യുന്നതെന്ന് യു.പി.എ ആരോപിച്ചു.
ദിവസങ്ങൾക്ക് മുൻപ് അഡ്മിഷൻ നേടിയ രക്ഷിതാക്കൾക്ക് പോലും ചെയർമാന്റെ പാനലിന്റെ ക്ഷണവും വിവരങ്ങളും ലഭിക്കുന്നു. ജനാധിപത്യ മര്യാദയുടെ ഭാഗമായി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മുഴുവൻ സ്ഥാനാർത്ഥികൾക്കും പാനലിനും രക്ഷിതാക്കളെ ബന്ധപ്പെടുവാനായുള്ള ഡാറ്റ നൽകേണ്ടതാണ്. ഇലക്ഷൻ പ്രഖ്യാപിച്ചു കഴിഞ്ഞാൽ പിന്നെ ഭരണസമിതിയും പ്രതിപക്ഷവും എന്ന വ്യത്യാസമില്ലാതെ മത്സരിക്കുന്ന എല്ലാവർക്കും തുല്യാവകാശമാണ്. ഇത്തരം വളരെ പ്രധാനമായ മര്യാദകൾ പോലും കാറ്റിൽ പറത്തികൊണ്ടാണ് ഈ ഭരണ സമിതി നീങ്ങിക്കൊണ്ടിരിക്കുന്നത്. മൂന്ന് വർഷം ഒന്നും ചെയ്യാതെ തിരഞ്ഞെടുത്ത മെന്പർമാരെ കൂടെ നിർത്താൻ പോലും സാധിക്കാതെ തന്നിഷ്ടവും കച്ചവട താൽപര്യക്കാരായ ഏതാനും പേരെ മാത്രം മുന്നിൽ നിർത്തിയും കളിക്കുന്ന നാടകങ്ങളുടെ ബാക്കി പാത്രമായി മാത്രമേ ഈ നീക്കത്തെയും കാണുവാൻ കഴിയൂ. ഇലക്ഷൻ ഓഫീസർമാരുടെ തീരുമാനങ്ങൾക്കനുസരിച്ചാണ് സാധാരണ ഡാറ്റ കൈമാറാറുള്ളത്. എന്നാൽ നിലവിലെ ചെയർമാൻ മത്സരിക്കുന്ന പാനലിലെ മുഴുവൻ സ്ഥാനാർത്ഥികൾക്കും ഡാറ്റ കൈമാറുകയും അവർ അത് കൈകാര്യം ചെയ്യുകയും ചെയ്യുന്നു എന്നത് ഗുരുതരമായ അവകാശലംഘനവും ധാർഷ്ട്യവും ആണ് എന്ന് യു.പി.എ പത്ര കുറിപ്പിലൂടെ ആരോപിച്ചു.
പ്രതിപക്ഷം പരാജയ ഭീതിയിലെന്ന് പി.പി.എ
മനാമ : രക്ഷിതാക്കളല്ലാത്ത മുൻ ചെയർമാന്മാരുടെ ചിത്രങ്ങളുമായി പ്രചാരണത്തിനിറങ്ങിയ പ്രതിപക്ഷ പാർട്ടികൾ പരാജയ ഭീതിയിൽ ആരോപണങ്ങൾ അഴിച്ചുവിടുന്നു എന്ന് പി.പി.എയുടെ ചെയർമാൻ സ്ഥാനാർത്ഥി പ്രിൻസ് നടരാജൻ വാർത്താക്കുറിപ്പിൽ അറിയിച്ചു. രക്ഷിതാക്കളുടെ ഫോൺ നന്പറുകൾ ഉൾപ്പെടുന്ന സ്കൂൾ രേഖകൾ മുൻവർഷങ്ങളിൽ ആർക്കും ചോർത്തിയെടുത്ത് സ്വകാര്യ ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കാവുന്ന വിധം കുത്തഴിഞ്ഞതായിരുന്നു. അവയെല്ലാം അംഗീകൃതമായ നിലയിൽ മാത്രം ലഭ്യമാക്കുന്നവിധം ക്രമീകരിക്കുന്നതിൽ ഇപ്പോൾ ഭരിക്കുന്ന കമ്മറ്റി വിജയിച്ചിട്ടുണ്ട്. രക്ഷിതാക്കളുടേ ഫോൺ നന്പറുകൾ മത്സരിക്കുന്ന സ്ഥാനാർത്ഥികൾ രേഖാമൂലം ആവശ്യപെട്ടാൽ തിരഞ്ഞെടുപ്പ് വരണാധികാരിയിൽ നിന്നും ലഭിക്കുന്നതാണ്. പക്ഷേ, തിരഞ്ഞെടുപ്പിനല്ലാതെ മറ്റ് ആവശ്യങ്ങൾക്ക് ഇത്തരം വിവരങ്ങൾ ഉപയോഗിക്കുന്നതിൽ നിന്നും വിലക്കുന്ന സമ്മതപത്രം ഒപ്പിട്ട് നൽകേണ്ടിവരും. ഇത്തരം വിവരങ്ങൾ ലഭ്യമക്കണം എന്ന ആവശ്യം ഇപ്പോൾ ഭരിക്കുന്ന കമ്മറ്റിക്ക് മുൻപിൽ ഇതിനുമുൻപും പലപ്രാവശ്യം എത്തിയിട്ടുള്ളതാണ്. സമ്മതപത്രം ഒപ്പിട്ട് നൽകാത്ത ആർക്കും രക്ഷിതാക്കളുടെ ഫോൺ നന്പറുകൾ നൽകാൻ സാധ്യമല്ലഎന്ന് അധികൃതർ അറിയിച്ചിട്ടുള്ളതുമാണ്. ബഹ്റൈനിലെ ഏത് സ്ഥാപനത്തിലും അംഗങ്ങളുടെ വിവരങ്ങൾ നൽകുന്നതിന് ചില നിബന്ധനകൾ ബാധകമാണ്.
ഇപ്പോൾ രക്ഷിതാക്കളുടെ ഫോൺ നന്പറുകൾ ആവശ്യപ്പെട്ട് ആരോപണം ഉന്നയിച്ച കക്ഷി തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നേ ഒരു ദശാബ്ദം മുൻപ് സ്കൂൾ ഭരിച്ച ചെയർമാന്റെ പേരിൽ രക്ഷിതാക്കൾക്ക് മെസേജ് അയച്ചിരുന്നു, അതിനെതിരെ മറ്റൊരു പ്രതിപക്ഷ കക്ഷി രേഖാമൂലം പരാതിയും സ്കൂൾ അധികൃതൽക്ക് നൽകിയിട്ടുണ്ട്. അതിനെപ്പറ്റി അന്വേഷണം നടക്കുന്നതായി പ്രിൻസ് നടരാജൻ അറിയിച്ചു. വ്യക്തിതാൽപര്യങ്ങൾക്ക് വേണ്ടിയും സ്ഥാനമാനങ്ങൾക്ക് വേണ്ടിയും തിരഞ്ഞെടുപ്പ് അടുക്കുന്പോൾ ആരുമായും കൂട്ടുകൂടുകയും ആരോപണങ്ങൾ അഴിച്ചുവിടുകയും ചെയ്യുന്നവരെ രക്ഷിതാക്കൾ തിരിച്ചറിയുക തന്നെ ചെയ്യും. സ്കൂളിന്റെ സാന്പത്തിക നില മെച്ചപ്പെടുത്തുവാൻ ഇപ്പോൾ ഭരിക്കുന്ന കമ്മറ്റി രണ്ട് ഫെയറുകൾ വിജയകരമായി നടത്തി. മുൻകമ്മറ്റികളുടെ ഭരണകാലത്ത് നടന്ന ഫെയറുകളിൽ ഒരിക്കൽ പോലും 60% കൂടുതൽ പണം പിരിഞ്ഞ് കിട്ടിയിട്ടില്ല. കിട്ടാത്ത പണത്തെക്കുറിച്ച് രേഖയുമില്ല എന്നത് നിർഭാഗ്യകരമാണ്. പക്ഷേ, കഴിഞ്ഞ രണ്ട് ഫെയറുകളിലും വാദ്ഗാനമായി ലഭിച്ചതിന്റെ 99% തുകയും പിരിഞ്ഞ് കിട്ടി എന്നത് അഭിമാനാർഹമായ നേട്ടമാണെന്നും വാർത്തകുറിപ്പിൽ പ്രിൻസ് നടരാജൻ അവകാശപ്പെട്ടു.
ഒരേ കന്പനി തന്നെ നടത്തിയുരുന്ന ട്രാൻസ്പോർട്ട് വിഭജിച്ച് രണ്ട് കന്പനികൾക്കായി നൽകിയതുകൊണ്ട് മെച്ചപ്പെട്ട സേവനം മാത്രമല്ല സാന്പത്തിക നേട്ടവും ലഭിച്ചു എന്ന് കാണിച്ച ഓഡിറ്റ് റിപ്പോർട്ടുകൾ കഴിഞ്ഞ രണ്ട് വർഷങ്ങളിലെ ജനറൽ ബോഡിയിൽ സമർപ്പിപ്പിച്ചിട്ടുള്ളതാണ്. പ്രതിപക്ഷപാർട്ടികൾക്ക് ചില മുൻചെയർമാന്മാരുടെ ഭൂതം ആവേശിച്ചിരിക്കുകയാണെന്ന് പി.പി.എ തിരഞ്ഞെടുപ്പ് കൺവീനർ വിപിൻ കുമാർ പറഞ്ഞു. പിൻസീറ്റ് ഭരണം പി.പി.എ നടത്താൻ ഉദ്ദേശിക്കുന്നില്ലെന്നും കൺവീനർ അറിയിച്ചു.


