37 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് ഈശ്വരൻ നന്പൂതിരി മടങ്ങുന്നു
മനാമ : 37 വർഷത്തെ ബഹ്റൈൻ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങാൻ ഒരുങ്ങുകയാണ് അമേരിക്കൻ എക്സ്പ്രസിൽ ജോലി ചെയ്യുന്ന ഈശ്വരൻ നന്പൂതിരി. കണ്ണൂർ ചെറുതാഴം ഹനുമാരന്പലത്തിനടുത്ത് താമസിക്കുന്ന ഈശ്വരൻ നന്പൂതിരി ആദ്യമായി കേരളത്തിന് വെളിയിലേയ്ക്ക് എത്തുന്നത് തന്റെ 24ാമത്തെ വയസിലാണ്. നാട്ടിലെ കൃഷിപണിയും ക്ഷേത്ര ശാന്തിവൃത്തിയും മാത്രം വശമുള്ളത് കൂടാതെ പ്രീഡിഗ്രി വിദ്യാഭ്യാസവും ഐ.ടി.ഐ ടർണ്ണർ സർട്ടിഫിക്കറ്റും ഉണ്ട് എന്നുള്ളതാണ് ബഹ്റൈനിലെ സുഹൃത്ത് വിസ നൽകാമെന്ന് വാഗ്ദാനം ചെയ്തപ്പോൾ ഉണ്ടായ ആത്മവിശ്വാസം. ഹിന്ദിയിലും ഇംഗ്ലീഷിലും കുഴപ്പമില്ലാതെ ആശയവിനിമയം നടത്താമെന്നുള്ള വിശ്വാസവും മനസ്സിന് ധൈര്യമേകി. അന്നത്തെ ബോംബെയിൽ നിന്നുള്ള ആദ്യ വിമാനയാത്രയുടെ ആശങ്കകൾ അവസാനിച്ചപ്പോൾ എത്തിച്ചേർന്നത് അന്ന് വളരെ കുറച്ച് മലയാളികൾ മാത്രമുള്ള ഈ പവിഴദ്വീപിൽ. 1979ലായിരുന്നു അത്.
ഇന്നത്തെ ബഹ്റൈനുമായി തട്ടിച്ചു നോക്കുന്പോൾ വെറും മരുഭൂമി എന്ന് മാത്രം പറയാവുന്ന ഇടങ്ങൾ. 79 മുതൽ 84 വരെ ഒരു ക്ലീനിങ് കന്പനിയിൽ ജോലി ചെയ്തു. അതിനിടയിൽ ഡ്രൈവിംഗ് ലൈസൻസ് സ്വന്തമാക്കി. ഇംഗ്ലീഷും ഹിന്ദിയും സംസാരിക്കാനറിയാവുന്നതിനാൽ ക്ലീനിംഗ് കന്പനി കരാർ എടുത്ത ഓഫീസുകളിലെല്ലാം പെട്ടെന്ന് സ്വാധീനമുണ്ടാക്കാൻ കഴിഞ്ഞത് പലപ്പോഴും ഗുണകരമായി. അത് പലപ്പോഴും സഹപ്രവർത്തകർക്കിടയിൽ ചെറിയ അസ്വസ്ഥതകൾക്കും കാരണമായി. അതുകൊണ്ട് മൂന്ന് വർഷം കഴിഞ്ഞപ്പോൾ നാട്ടിലേയ്ക്ക് മടങ്ങി കൃഷിപ്പണിയിൽ വ്യാപൃതനായി.
ശേഷം, 1989ൽ സിനിമാവ്യവസായി ആയിരുന്ന മണ്ണിൽ മുഹമ്മദിന്റെ ഉടമസ്ഥതയിലുള്ള കന്പനിയിൽ വീണ്ടും ജോലിക്ക് ചേർന്നു. 89 മുതൽ 90 വരെ അവിടെ തുടർന്നു, പിന്നീട് 91ൽ സ്റ്റാർ ക്ലീനിങ് കന്പനിയിലും തുടർന്ന് 96ൽ അമേരിക്കൻ എക്സ്പ്രസിൽ, ക്ലറിക്കൽ തസ്തികയിലും കഴിഞ്ഞ ആഗസ്റ്റ് 31 വരെയും ജോലി ചെയ്തു. തിരിഞ്ഞ് നോക്കുന്പോൾ മറക്കാൻ പറ്റാത്ത ഓർമ്മകളാണ് ബഹ്റൈൻ സമ്മാനിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
നിശ്ചയ ദാർഢ്യമുള്ള ഭരണകർത്താക്കൾ ഇന്നോളം നമ്മുടെ നാടിന് നൽകുന്ന സ്നേഹവും ഉദാരമനസ്കതയും തന്നെയാണ് തന്നെപോലുള്ളവർക്കും ലക്ഷക്കണക്കിന് പ്രവാസികൾക്കും ജീവിതം കെട്ടിപ്പടുക്കുവാൻ സാധിച്ചതെന്ന് ഈശ്വരൻ നന്പൂതിരി സ്മരിക്കുന്നു. ഭാര്യ സുവർണ്ണിനി, മക്കളായ മുരളി കൃഷ്ണൻ (ഗൾഫ് ഡയബെറ്റിസ് സെന്ററിൽ ചീഫ് അക്കൗണ്ടന്റ്), മുകേഷ് (ചീഫ് എഞ്ചിനിയർ, അമേരിക്കൻ എക്സ്പ്രസ്) എന്നിവരും പേരക്കുട്ടികളും ബഹ്റൈനിൽ തന്നെയുണ്ട്. അതുകൊണ്ടു തന്നെ നാട്ടിലേയ്ക്ക് മടങ്ങിയാലും ബഹ്റൈനുമായുള്ള ബന്ധം തുടരുമെന്നും അദ്ദേഹം പറഞ്ഞു.


