10 ബില്ല്യൻ ഡോളറിന്റെ കരാറിൽ ബഹ്‌റൈനും അമേരിക്കയും ഒപ്പുവെച്ചു
മനാമ : ബഹ്റൈൻ, യുഎസ് കമ്പനികൾ 10 ബില്ല്യൻ ഡോളർ വിലയുള്ള വ്യാപാര ഉടമ്പടികളിൽ ഒപ്പുവെച്ചു. ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ അമേരിക്കയിലെ ഔദ്യോഗിക സന്ദർശനത്തിനിടെയാണ് സാമ്പത്തിക, വ്യാപാര, വ്യവസായ, എണ്ണ, വ്യോമയാന മേഖലകളിൽ വ്യാപാര കരാറുകൾ ഒപ്പുവച്ചത്.
ബഹ്റൈൻ ഇക്കണോമിക് ഡവലപ്മെൻറ് ബോർഡ്, അമേരിക്കൻ ചേംബർ ഓഫ് കോമേഴ്സ്, ബഹ്റൈൻ അമേരിക്കൻ ബിസിനസ് കൗൺസിൽ എന്നിവ സംഘടിപ്പിച്ച സ്വീകരണത്തിൽ വെച്ച് പ്രിൻസ് സൽമാൻ ഈ കരാറിനെ പുകഴ്‌ത്തി സംസാരിച്ചു. വാഷിംഗ്ടണിലെ അമേരിക്കൻ ചേംബർ ഓഫ് കോമേഴ്സിൽ വെച്ചായിരുന്നു സ്വീകരണം. ബഹ്റൈൻ പൗരന്മാരുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനായി രാജ്യത്തിന്റെ വികസനവും പുരോഗതിയും കൈവരിക്കാനുള്ള ഉഭയകക്ഷി വ്യാപാരബന്ധങ്ങൾ മുന്നോട്ടുകൊണ്ടുപോകാനുള്ള അവസരങ്ങൾ പിന്തുടരുന്നത്, രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫയുടെ നേതൃത്വത്തിൽ ബഹ്റൈൻ നിരന്തരം തുടരുകയാണ്.
അമേരിക്കയുമായുള്ള 10 വർഷത്തെ വ്യാപാര ഉടമ്പടി സാമ്പത്തിക, വാണിജ്യ മേഖലകളിലെ സഹകരണം വർധിപ്പിക്കുന്നതിലൂടെ ബഹ്റൈൻ-അമേരിക്ക ബന്ധത്തെ ശക്തിപ്പെടുത്താൻ സഹായിക്കുമെന്നും പ്രിൻസ് സൽമാൻ വ്യക്തമാക്കി. ബഹ്റൈനിലെ ഓപ്പൺ ബിസിനസ് അന്തരീക്ഷത്തിന്റെ ഫലമായി 200ൽപ്പരം യുഎസ് കമ്പനികളാണ് ബഹ്‌റൈനിൽ പ്രവർത്തിക്കാൻ തെരഞ്ഞെടുത്തിരിക്കുന്നത്. പ്രത്യേകിച്ച്, ആമസോൺ വെബ് സർവീസസ് അതിന്റെ ആദ്യ പ്രാദേശിക ഹെഡ്ക്വാർട്ടേഴ്സ് ബഹ്‌റൈനിൽ തുറക്കുമെന്ന് ഈയിടെ പ്രഖ്യാപിച്ചു.


