ബഹ്റൈൻ ലൈറ്റ് ഫെസ്റ്റിവൽ കാണാൻ ആയിരങ്ങൾ
മനാമ : ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ ബഹ്‌റൈൻ ബേയിൽ ആരംഭിച്ച ലൈറ്റ് ഫെസ്റ്റ്‌വൽ കാണുന്നതിന് ആയിരങ്ങൾ എത്തിച്ചേരുന്നു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള കലാകാരന്മാർ ഒരുക്കിയ വ്യത്യസ്ത വിളക്ക് ദൃശ്യങ്ങൾ ദൃശ്യവിസ്മയം തന്നെയാണ് തീർക്കുന്നത്. മലയാളികൾ അടക്കമുള്ള നിരവധി പേരാണ് നിത്യവും ലൈറ്റ് ഫെസ്റ്റിവൽ കാണാൻ എത്തുന്നത്.
പിക്കോ ബഹ്‌റൈൻ ഒരുക്കിയ വേവ്സ് ഓഫ് ബഹ്‌റൈൻ, അന്താരാഷ്ട്ര കലാകാരനായ കാശ് ഷിറാൻ ഒരുക്കിയ ഒറിഗാമി, യുകെയുടെ കമ്മ്യൂണിക്കേഷൻ ഗാപ്, യുഎസ്എയുടെ ഉർച്ചിൻസ്, ഇറ്റലിയുടെ പിൻവീൽസ്, ഫ്രാൻസിന്റ ബൗക്കറ്റ് ജേഴ്‌സ്, യുഎസ്എ യുടെ സോണിക് റൺവേ, കാനഡയുടെ ലൈറ്റ് സോവേഴ്സ് തുടങ്ങി കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യ മികവാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.
ഇവിടം സന്ദർശിക്കുന്നവർക്കായി നറുക്കെടുപ്പിലൂടെ സമ്മാനവും സംഘാടകർ ഒരുക്കിയിട്ടുണ്ട്. പ്രവേശന കവാടത്തിൽ ലഭ്യമാകുന്ന പാസ്പോർട്ട് റാഫിൾ പ്രമോഷൻ സ്വീകരിച്ച ശേഷം മുഴുവൻ പ്രദർശന കേന്ദ്രങ്ങളിലും എത്തുന്നവർ അവിടെയുള്ള വളണ്ടിയർമാരിൽ നിന്നും അതിൽ സ്റ്റാന്പ് പതിപ്പിച്ച ശേഷം അവസാന കേന്ദ്രത്തിന്റെ തിരികെ പ്രദർശന കവാടത്തിലോ ഒരുക്കിയിട്ടുള്ള പെട്ടിയിൽ പേരും സിപിആർ നന്പറും എഴുതി നിക്ഷേപിച്ചവർക്കാണ് റാഫിളിൽ പങ്കെടുക്കാൻ സാധിക്കുക. വിജയിച്ചവരെ പിന്നീട് സംഘാടകർ വിവരം അറിയിക്കും. മികച്ച പാർക്കിംഗ് സൗകര്യവും ഉണ്ട്. പ്രവേശനം തീർത്തും സൗജന്യമാണ്. ഡിസംബർ 2വരെ പ്രദർശനം തുടരും.


