ബഹ്റൈൻ പ്രവാസികളുടെ യാത്രാസ്വപ്നങ്ങൾ മാറുന്നു
കൂടുതൽ പേരും ഇഷ്ടപ്പെടുന്നത് ജോർജിയ അടക്കമുള്ള രാജ്യങ്ങൾ
മനാമ : ഒരു അവധി കിട്ടിയാൽ ഉടനെ നാട്ടിലേയ്കക്ക് വെച്ചുപിടിക്കുന്ന ശീലത്തിൽ നിന്ന് കുടുംബവുമായി ഇവിടെ താമസിക്കുന്ന പ്രവാസികൾ മാറിവരുന്നതായി ട്രാവൽ രംഗത്തെ വിദഗ്ദ്ധർ പറയുന്നു. ഓരോ തവണയും യൂറോപ്യൻ രാജ്യങ്ങളിലേയ്ക്കടക്കം വ്യത്യസ്ത ട്രാവൽ പാക്കേജുകൾ പ്രഖ്യാപ്പിക്കുന്പോൾ തന്നെ മുന്പ് ബഹ്റൈൻ സ്വദേശികളായിരുന്നു കൂടുതലായി വന്നിരുന്നതെങ്കിൽ ഇന്ന് നിരവധി ഇന്ത്യക്കാരും ഇതിൽ പങ്കെടുക്കാനായി എത്തുന്നു.
ജോർജിയ, തായ്‌ലൻഡ്, അസർ ബൈജാൻ, ഫിലിപ്പീൻസ്, ചൈന, ഈജിപ്ത്, ഫ്രാൻസ്, പാരിസ്, യുകെ, അമേരിക്ക വരെയുള്ള ടൂർ പാക്കേജുകളാണ് ഇപ്പോൾ മലയാളികൾ അടക്കമുള്ള പ്രവാസികൾക്ക് പ്രിയമാകുന്നത്. നാട്ടിലേയ്ക്ക് മടങ്ങി പോകേണ്ടി വന്നാൽ പിന്നെ ഇത്തരം യാത്രകൾ സാധ്യമാകില്ലെന്ന തോന്നലും ഇതിന് കാരണമാകുന്നുണ്ട്. അതോടൊപ്പം ചില രാജ്യങ്ങളിൽ ലഭിക്കുന്ന ഉന്നത വിദ്യാഭ്യാസ സൗകര്യങ്ങളും നിരവധി പേരെ തങ്ങളുടെ കുട്ടികളെ അവിടെ ചേർക്കാൻ പ്രേരിപ്പിക്കുന്നുണ്ട്.
ഇന്ത്യയിൽ മെഡിക്കൽ സീറ്റുകൾ ലഭിക്കാൻ ഇപ്പോൾ ലക്ഷങ്ങളും കോടിയും കൊടുക്കേണ്ടി വരുന്പോൾ ജോർജിയ, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിലെ മെഡിക്കൽ പഠനചിലവ് താരതമ്യേന കുറഞ്ഞിട്ടുള്ളതും ഈ രാജ്യങ്ങളിലേക്ക് പ്രവാസികളുടെ ശ്രദ്ധ തിരിയാൻ കാരണമായിട്ടുണ്ട്. ഇത് ബഹ്റൈനിലെ ട്രാവൽ വിപണിയുടെ വളർച്ചയ്ക്ക് സഹായകരമാകുന്നുണ്ട്. ഈ രാജ്യങ്ങൾക്കൊപ്പം തന്നെ ഇന്ത്യയിലെ തന്നെ ഡൽഹി, മുംബൈ, ഹൈദരാബാദ് തുടങ്ങിയ ടൂറിസ്റ്റ് കേന്ദ്രങ്ങൾ വഴി നാട്ടിലേയ്ക്ക് പോകാൻ ആഗ്രഹിക്കുന്നവരുടെയും എണ്ണം വർദ്ധിക്കുകയാണ്. ഹോട്ടൽ, ഭക്ഷണം അടക്കമുള്ള വിമാന ടിക്കറ്റ് എടുത്തുകൊണ്ടുള്ള പല തരത്തിലുള്ള മികച്ച പാക്കേജുകളാണ് ഇപ്പോൾ പ്രവാസികൾക്കായി ട്രാവൽ ഏജൻസികൾ നൽകി വരുന്നത്.


