ആഭ്യന്തര ടൂ­റി­സം മേ­ഖല വി­കസി­പ്പി­ച്ച് ബഹ്റൈൻ‍


മനാമ : ബഹ്റൈൻ‍ ഗൾ‍ഫ് രാജ്യങ്ങളുടെ ഇടയിൽ‍ നേരത്തേ തന്നെ ടൂറിസത്തിന് ഏറെ പ്രധാന്യം നൽ‍കി വരുന്ന രാജ്യമാണ്. ഇതിന്റെ ഭാഗമായി ടൂറിസ്റ്റുകൾ‍ക്കായി നിരവധി ഹോട്ടലുകളും, അപ്പാർ‍ട്ടമെന്റ് സൗകര്യങ്ങളും ഇവിടെ പ്രവർ‍ത്തിക്കുന്നുണ്ട്. രാജ്യത്തിന്റെ സാന്പത്തിക മേഖലയെ താങ്ങി നിർ‍ത്തുന്ന പ്രധാന മേഖലയും ടൂറിസം തന്നെയാണ്. അൽ‍പ്പകാലം തുടർ‍ന്നിരുന്ന മാന്ദ്യത്തിന് ശേഷം ഗവണ്‍മെന്റ് തന്നെ മുൻ‍കെയൈടുത്ത് ടൂറിസം മേഖലയിൽ‍ നടപ്പാക്കി വരുന്ന പുതിയ നിയമങ്ങൾ‍ ടൂറിസത്തിന് ഏറെ പ്രോത്സാഹനം നൽ‍കുന്നുണ്ട്. ഇതിന്റെ ഭാഗമായി ഇപ്പോൾ ടൂറിസ്റ്റ് വിസ, സന്ദർശക വിസകൾ ഓൺ ലൈനായി  ലഭിക്കുന്നതിനുള്ള  നിയമ നടപടികൾ ഉദാരമാക്കിയിട്ടുണ്ട്. ഇത്തരം പ്രവർ‍ത്തനങ്ങൾ‍ കാരണം കഴിഞ്ഞ വർ‍ഷത്തേക്കാൾ‍ അധികം ആളുകൾ 2017ൽ‍ ഇവിടെ സന്ദർ‍ശനത്തിനായി എത്തിയതായാണ് ബഹ്‌റൈൻ‍ ടൂറിസം ആന്റ് എക്‌സിബിഷൻ‍സ് അതോറിറ്റിയുടെ കണക്കുകൾ സൂചിപ്പിക്കുന്നത്.

സാമുദ്രിക വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ആരോഗ്യ−വിദ്യാഭ്യാസ മേഖലകൾ‍ക്കും പരിഗണന നൽ‍കി കൊണ്ടാണ് ടൂറിസം മേഖലയിൽ‍ രാജ്യം കുതിച്ചത്. 2018ഓടെ 15.2 ദശലക്ഷം സഞ്ചാരികളെയും രണ്ട് ദശലക്ഷം വിനോദ സഞ്ചാരികളെയും രാജ്യത്ത് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പ്രവർ‍ത്തനങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. വിനോദസഞ്ചാരികളെയും, സന്ദർശകരെയും സഹായിക്കുന്നതിനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കണമെന്ന് പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ നിർദ്ദേശിച്ചത് ഈ രംഗത്തു കൂടുതൽ വികസനം നടക്കുന്നതിനും വഴിയൊരുക്കിയിട്ടുണ്ട്. നിരവധി പുതിയ ഹോട്ടലുകളാണ് ഇപ്പോൾ‍ ഇവിടെ ആരംഭിച്ചിരിക്കുന്നത്.

ഇതോടൊപ്പം ടൂറിസ്റ്റുകളെ ആകർ‍ഷിക്കാനായി നിരവധി മേളകളും ഇപ്പോൾ‍ സംഘടിപ്പിച്ച് വരുന്നുണ്ട്. ഷോപ്പ് ബഹ്റൈൻ‍ എന്ന പേരിൽ‍ ആരംഭിച്ച പദ്ധതി അത്തരമൊന്നായിരുന്നു. ഷോപ്പിംഗും വിനോദവും സമന്വയിപ്പിച്ചുകൊണ്ടുള്ള പരിപാടിയാണ് ഇത്. ഇതിന്റെ ഭാഗമായി ഇന്ത്യയടക്കം ഏഴ് രാജ്യങ്ങളിൽ‍ ബഹ്‌റൈൻ‍ നേരിട്ട് തന്നെ ടൂറിസം ഓഫീസ് ആരംഭിക്കുകയും ചെയ്തു. ഇന്ത്യ പോലെയുള്ള രാജ്യങ്ങളിൽ‍ നിന്ന് ബഹ്റൈനിലേയ്ക്ക് കൂടുതൽ‍ സഞ്ചാരികളെ എത്തിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. സ്വയം ടിക്കറ്റും താമസസൗകര്യവും ഏർ‍പ്പാടാക്കുന്പോൾ‍ ചെലവുവരുന്നതിനേക്കാൾ‍ 40 ശതമാനം കുറവ് വരെയുള്ള പാക്കേജ് തയ്യാറാക്കിയാണ് അവർ‍ സന്ദർശകരെ ആകർഷിച്ചത്.

ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ഫുഡ് ഫെസ്റ്റിവൽ പത്ത് ദിവസങ്ങളിലായാണ് നടന്നത്. രാജ്യത്തെ ഭക്ഷണപ്രേമികൾക്കും മറ്റു ജിസിസി രാജ്യങ്ങളിലുള്ളവരെയും ലക്ഷ്യം വെച്ച് നടന്ന ഈ മേളയും വിജയം കണ്ടു. ബഹ്‌റൈൻ‍ ഗ്രാന്റ്പ്രിക്‌സിലൂടെ തിളക്കമാർ‍ന്ന  വിജയഗാഥകളാണ് രാജ്യം രചിച്ചു കൊണ്ടിരിക്കുന്നത്. കൂടാതെ സീ ഫെസ്റ്റിവൽ, ജ്വല്ലറി അറേബ്യ തുടങ്ങിയ പ്രദർ‍ശനങ്ങളും സമീപകാലത്ത് ഏറെ ജനശ്രദ്ധ പിടിച്ചു പറ്റി. ഇന്ത്യയും സൗദിയും ലക്ഷ്യമിട്ട് ബഹ്‌റൈനിൽ‍ ഒരുങ്ങിയ ആഡംബര വിവാഹവും രാജ്യത്തിന്റെ ടൂറിസം ഭൂപടത്തിൽ മാറ്റത്തിന്റെ തുടക്കം സൃഷ്ടിച്ചു. ബഹ്‌റൈൻ എക്സിബിഷൻ സെന്ററിൽ നടന്ന റീട്ടെയിലേഴ്‍സ് ഫെസ്റ്റിവൽ‍, ഇരുപ്പത്തിയൊന്നോളം രാജ്യങ്ങളിൽ നിന്നായി 750ൽ കൂടുതൽ പ്രദർശകർ പങ്കെടുത്ത ഓട്ടം ഫെയർ, ബഹ്റൈൻ ആർട് എക്രോസ് ബോർഡർ’ (ബാബ് 2017)  ‘ഇൻ‍വെസ്റ്റ് ഇൻ‍ ബഹ്റൈൻ‘ എന്ന തലക്കെട്ടിൽ‍ നടന്ന നിക്ഷേപക സമ്മേളനം, കരകൗശല പ്രദർ‍ശന മേള, ബഹ്‌റൈൻ‍‍ അന്താരാഷ്ട്ര സംഗീതോത്സവം, തുടങ്ങിയവയെല്ലാം ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടക്കുന്നത്.

ബഹ്റൈന്റെ പാരന്പര്യവും പൈതൃകയും സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ ഇവിടുത്തെ വ്യാപാര ചരിത്രത്തിൽ‍ സുപ്രധാന പങ്കുവഹിക്കുന്ന സ്ഥലമായ മനാമസൂഖും ബാബുൽ‍ ബഹ്റൈനും നവീകരിച്ചതും ടൂറിസം വികസനത്തിന്റെ ഭാഗം തന്നെയായിരുന്നു. ബഹ്റൈൻ‍ കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻ‍സ് സൽ‍മാൻ‍ ബിൻ‍ ഹമദ് ആൽ‍ ഖലീഫ പ്രത്യേകം താൽ‍പര്യമെടുത്താണ് നവീകരണ പദ്ധതി നടപ്പാക്കിയത്. ഗൾ‍ഫ് ടൂറിസത്തിന്റെ തലസ്ഥാനമായി മനാമയെ പ്രഖ്യാപിച്ചതും ടൂറിസത്തിന്റെ മറ്റൊരു ശ്രദ്ധേയമായ കാര്യമാണ്. 

ട്രാവൽ ഏജൻസികൾക്കും ടൂറിംഗ് പാക്കേജുകൾ നടപ്പിലാക്കുന്ന ഈവന്റ് കന്പനികൾക്കും കൂടുതൽ അവസരങ്ങൾ ലഭ്യമാകുന്ന അന്താരാഷ്ട്ര തലത്തിലുള്ള വലിയ മേളകളും ഈവന്റുകളും വരുംദിവസങ്ങളിലും രാജ്യത്ത് എത്തുമെന്നാണ് ഈ മേഖലയിലുള്ളവരുടെ കണക്കുകൂട്ടൽ. പ്രത്യേകിച്ച് വരാനിരിക്കുന്ന ദേശീയ ദിനാഘോഷ ദിനങ്ങളെ ഏറെ പ്രതീക്ഷയോടെയാണ് ഇവർ‍ നോക്കികാണുന്നത്.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed