വോളിബോളിനെ പുതുതലമുറ കൈവിടുന്നു : ടോം ജോസഫ്
രാജീവ് വെള്ളിക്കോത്ത്
മനാമ : ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജോലി സാധ്യതയുള്ള കായിക ഇനമായിരുന്നിട്ട്കൂടി വോളിബോൾ മേഖലയെ പുതിയ തലമുറ കൈവിടുകയാണെന്ന് പ്രമുഖ വോളി താരവും അർജ്ജുന അവാർഡ് ജേതാവുമായ ടോം ജോസഫ്. ബഹ്‌റൈൻ കേരളീയ സമാജത്തിൽ ആരംഭിച്ച വോളിബോൾ ടൂർണ്ണമെന്റിൽ ഗൾഫ് ദിവാനിയ്ക്കു വേണ്ടി മത്സരിക്കാൻ എത്തിയ അദ്ദേഹം ഇന്ന് ഫോർ പിഎം ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് പുതിയ തലമുറ വോളിബോളിനെ അവഗണിക്കുന്നതായി പറഞ്ഞത്. അതിനു കാരണം മറ്റു കളികൾക്ക് കിട്ടുന്നത്രയും പ്രചാരവും പ്രതിഫലവും വോളിബോളിന് ലഭിക്കുന്നില്ലെന്നത് തന്നെയാണ്. ഐപിഎൽ പോലെയുള്ള കളികളിൽ ലക്ഷങ്ങൾ കളിക്കാർക്ക് ലഭിക്കുന്പോൾ വോളിബോൾ കളിക്കാരന് പരമാവധി 25000 രൂപയാണ് ലഭിക്കുക എന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇന്ത്യയിലെ വൻകിട കന്പനികൾ പലതും ടീമുകളിൽ കളിക്കാൻ ആളില്ലാത്ത അവസ്ഥയാണ്. ദേശീയ തലത്തിൽ മത്സരങ്ങൾ വരുന്പോൾ കളിക്കാരെ ഇറക്കുമതി ചെയ്യേണ്ട അവസ്ഥയാണ് ഇപ്പോൾ ഉള്ളതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 20 വർഷക്കാലം വോളിബോളിനു വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചിട്ടും അവാർഡുകൾക്ക് പരിഗണിച്ചത് പോലും വളരെ വൈകിയാണ്. അവഗണനകളുടെ തുടർക്കഥകൾക്കൊടുവിൽ തുടർച്ചയായ പത്താം തവണ അപേക്ഷിച്ചിട്ടും തനിക്കു അർജ്ജുന അവാർഡ് ലഭിക്കാതിരിക്കാനാണ് ഫെഡറേഷൻ അടക്കം ശ്രമിച്ചത്. പതിനൊന്നാം തവണയും അപേക്ഷിച്ച് അവസാന ദിവസത്തിനു തൊട്ട്മുന്പാണ് ഇത്തവണയും അപേക്ഷ പരിഗണനയ്ക്കു എത്തിയിട്ടില്ലെന്ന് മനസ്സിലായത്. ഒടുവിൽ അവസാന ദിവസം വീണ്ടും നേരിട്ട് അപേക്ഷ നൽകുകയായിരുന്നു.
197 സെന്റിമീറ്റർ ഉയരമുള്ള ടോം ജോസഫ് വളരെ വേഗമാണ് ദേശീയ-അന്തർദേശീയ വോളിബോൾ മത്സരങ്ങളിൽ ഉയരങ്ങൾ കീഴടക്കിയത്. ഏറെക്കാലം ഇന്ത്യൻ വോളിബോളിനു വേണ്ടി കോർട്ടിൽ തീപാറുന്ന പ്രകടനങ്ങൾ കാഴ്ചവെച്ച ടോം രണ്ട് ഏഷ്യൻ ഗെയിംസ്, നാല് ഏഷ്യൻ ചാന്പ്യൻഷിപ്പ്, ലോക ചാന്പ്യൻഷിപ്പ് യോഗ്യതാ മത്സരം തുടങ്ങി നിരവധി മത്സരങ്ങളിൽ ഇന്ത്യക്കുവേണ്ടി നേട്ടങ്ങൾ കൊയ്തിട്ടുണ്ട്.
സഹോദരന്റെ കാലടികൾ പിന്തുടർന്നാണ് ടോമും വോളിബോൾ കോർട്ടിലെത്തുന്നത്. 1995ൽ കോഴിക്കോട് സായ് സെന്ററിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ മുഴുവൻ സമയ കളിക്കാരനായി. 1997ൽ ഇന്ത്യൻ ജൂനിയർ ടീമംഗമായി. ഏറെത്താമസിയാതെ ഇന്ത്യൻ സീനിയർ ടീമിലും എത്തി. 1999ലെ കാഠ്മണ്ഡു സാഫ് ഗെയിംസിലെ പ്രകടനമാണ് ടോമിനെ രാജ്യാന്തര തലത്തിൽ ശ്രദ്ധേയനാക്കുന്നത്. അന്ന് ടീമിൽ സഹോദരനോടൊപ്പമാണ് ഇന്ത്യയ്ക്ക് വേണ്ടി കളിച്ചത്. ജന്മദേശമായ കോഴിക്കോട് പൂരംപാറ എൽപി സ്‌കൂളിലെ ചെറിയ ഗ്രൗണ്ടിലാണ് വോളിബോൾ കളിച്ചു വളർന്നത്. ഹൈസ്‌കൂൾ വിദ്യാഭ്യാസവും കഴിഞ്ഞ ശേഷം സായിയിൽ സെലക്ഷന് വേണ്ടി പോയി. ഉയരമുള്ള ശരീരപ്രകൃതിയും വോളിബോളിനോടുള്ള ആത്മാർഥതയും പിന്നെ ഈ കായിക താരത്തിനെ അർജ്ജുന അവാർഡ് വരെ എത്തിച്ചു. ഇത്രയും വർഷം തുടർച്ചയായി വോളിബോളിൽ രാജ്യത്തെ പ്രതിനിധീകരിച്ച മറ്റൊരു താരവുമുണ്ടായിട്ടില്ല. 1999ൽ നേപ്പാളിലും 2004ൽ പാകിസ്ഥാനിലും, 2006ൽ കൊളൊംബോയിലും നടന്ന സാഫ് ഗെയിംസ്, 2002ലെ ബുസാൻ ഏഷ്യൻ ഗെയിംസ്, 2009ലെ ദോഹ ഏഷ്യൻ ഗെയിംസ്, രണ്ടുതവണ ഇറാനിലും ഒരോതവണ കൊറിയയിലും ചൈനയിലും നടന്ന ഏഷ്യൻ ചാന്പ്യൻഷിപ്പുകൾ 2002ലെ റഷ്യൻ ഇന്‍റർനാഷണലിലടക്കം എട്ടുതവണ ബെസ്റ്റ് പ്ലെയർ, കൂടാതെ അന്പതോളം അന്താരാഷ്ട്രാ ടൂർണ്ണമെന്‍റുകൾ. 1998മുതലിങ്ങോട്ടുള്ള ടോംജോസഫ് എന്ന താരത്തിന്‍റെ നേട്ടങ്ങൾ പരിശോധിച്ചാൽ അനവധിയാണ്.
പാകിസ്ഥാനെതിരെയുളള മത്സരത്തിൽ ഇന്ത്യ ജയിച്ചുകയറിയത് ടോമിന്റെ സ്മാഷുകളുടെ കരുത്തിലായിരുന്നു. ആ വർഷം സാഫ് കിരീടവും ഇന്ത്യ നേടി. തുടർന്ന് നിരവധി വേദികളിൽ ടോം ഇന്ത്യയുടെ വിജയനായകനായി. ഭാരത് പെട്രോളിയത്തിൽ ഉദ്യോഗസ്ഥനായ ടോമിന്റെ ഭാര്യ അദ്ധ്യാപികയായ ജാനറ്റ് ആണ്. മക്കളായ റിയ, സ്റ്റുവർട്ട് എന്നിവരും ടോമിന് പിന്തുണയുമായുണ്ട്. ബഹ്‌റൈനിൽ കളിയ്ക്കാൻ എത്തുന്പോൾ മലയാളികളുടെ പിന്തുണയും പ്രോത്സാഹനവും വളരെ സന്തോഷിപ്പിക്കുന്നുണ്ട്. കാൽമുട്ടിനുള്ള വേദനയും പനിയും പിടിപെട്ടത് കളിയെ ബാധിക്കില്ലെന്ന വിശ്വാസത്തിലാണ് ടോം. ഇന്നത്തെ സെമി ഫൈനലിൽ ടോം അംഗമായ ഗൾഫ് ദിവാനിയ സൗദി അറബ്‌കോയെ നേരിടും. പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിട്ടുണ്ട്.


