ഹുർമുസ് കടലിടുക്കിലെ പ്രതിസന്ധി; ബഹ്‌റൈനിലേക്കുള്ള ചരക്ക് നീക്കം പ്രതിസന്ധിയിൽ


പ്രദീപ് പുറവങ്കര 

മനാമ: ഹുർമുസ് കടലിടുക്ക് വഴി വാണിജ്യ കപ്പലുകൾക്ക് സഞ്ചരിക്കാൻ കഴിയാത്ത സാഹചര്യത്തെതുടർന്ന് ബഹ്‌റൈനിലേക്കുള്ള ചരക്ക് നീക്കത്തിൽ വൻ തടസ്സങ്ങൾ നേരിടുന്നു. സുരക്ഷാ ഭീഷണിയും യുദ്ധസാഹചര്യവും കണക്കിലെടുത്ത് ഇൻഷുറൻസ് കമ്പനികൾ കവറേജ് പിൻവലിച്ചതോടെ ഹുർമുസ് കടലിടുക്ക് വഴിയുള്ള യാത്ര നിലച്ചതാണ് പ്രതിസന്ധിക്ക് പ്രധാന കാരണം. ഇതേത്തുടർന്ന് ആഗോള ഷിപ്പിംഗ് കമ്പനികൾ ബുക്കിംഗുകൾ മരവിപ്പിക്കുകയും കനത്ത അടിയന്തര സർചാർജുകൾ ഏർപ്പെടുത്തുകയും ചെയ്തു. ബഹ്‌റൈനിലെ ഖലീഫ ബിൻ സൽമാൻ പോർട്ടിലേക്കുള്ള പ്രവേശനം നിലവിൽ ഷിപ്പിംഗ് ലൈനുകൾ നിർത്തിവെച്ചിരിക്കുകയാണ്.

മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനി പോലുള്ള വൻകിട കമ്പനികൾ ഉൾക്കടലിലേക്കുള്ള ചരക്കുകൾ ഹുർമുസ് കടലിടുക്കിന് പുറത്തുള്ള സുരക്ഷിത തുറമുഖങ്ങളിൽ ഇറക്കിത്തുടങ്ങി. ബഹ്‌റൈനിലേക്കുള്ള കണ്ടെയ്നറുകൾ ഇത്തരം തുറമുഖങ്ങളിൽ ഇറക്കുന്നതിനും തുടർന്ന് ഇവിടേക്ക് എത്തിക്കുന്നതിനും ഷിപ്പർമാർക്ക് 800 ഡോളർ കണ്ടിൻജൻസി ഫീസ് ഉൾപ്പെടെ അധിക ബാധ്യത വരുന്നുണ്ട്. ഹാപാഗ്-ലോയ്ഡ്, കോസ്കോ തുടങ്ങിയ കമ്പനികൾ അപ്പർ ഗൾഫ് മേഖലയിലേക്കുള്ള ബുക്കിംഗുകൾ പൂർണ്ണമായും മരവിപ്പിച്ചിരിക്കുകയാണ്.

എപി മോളർ-മാഴ്സ്ക് ജൂൺ 5 മുതൽ പുതിയൊരു റൂട്ടിംഗ് സംവിധാനം ആരംഭിച്ചിട്ടുണ്ട്. ഇത് പ്രകാരം ബഹ്‌റൈൻ, കുവൈത്ത്, ഖത്തർ, ഇറാഖ്, യു.എ.ഇ എന്നിവിടങ്ങളിലേക്കുള്ള ചരക്കുകൾ ഇപ്പോൾ ജിദ്ദ വഴി കൊണ്ടുപോകുന്നതിന് പകരം ഒമാനിലെ സലാല, യു.എ.ഇയിലെ ഖോർ ഫക്കാൻ എന്നീ ഹബ്ബുകളിലാണ് ഇറക്കുന്നത്. അവിടെനിന്ന് കരമാർഗ്ഗം ഷാർജയിലെത്തിച്ച് ഫീഡർ സർവീസുകൾ വഴി ലക്ഷ്യസ്ഥാനങ്ങളിൽ എത്തിക്കുന്ന രീതിയാണ് ഇപ്പോൾ നടപ്പിലാക്കുന്നത്. ഖലീഫ ബിൻ സൽമാൻ പോർട്ടിനെ ഒരു ഇൻലാൻഡ് ക്ലിയറൻസ് ഡിപ്പോ ആയി പ്രവർത്തിപ്പിക്കാൻ എ.പി.എം ടെർമിനൽസ് ബഹ്‌റൈൻ പ്രത്യേക ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്.

ഈ പുതിയ ഗതാഗത രീതി മൂലം സാധനങ്ങൾ എത്തിച്ചേരാൻ 10 മുതൽ 14 ദിവസം വരെ അധിക സമയം വേണ്ടിവരും. പ്രതിസന്ധി തുടങ്ങിയതിന് ശേഷം ചില റൂട്ടുകളിൽ ചരക്ക് ഗതാഗത നിരക്ക് 750 ശതമാനത്തിലധികം വർദ്ധിച്ചതായാണ് ലോജിസ്റ്റിക്സ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഹുർമുസ് കടലിടുക്കിലെ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിൽ, ഇറക്കുമതിക്കാർ തങ്ങളുടെ ഷിപ്പിംഗ് കണക്കുകൾ പുനഃപരിശോധിക്കണമെന്നും അടിയന്തര ചരക്ക് നീക്കങ്ങൾക്ക് കൂടുതൽ തുക ചെലവാക്കേണ്ടി വരുമെന്നും ഷിപ്പിംഗ് കമ്പനികൾ മുന്നറിയിപ്പ് നൽകുന്നു.

article-image

fdsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed