ബഹറിനിലെ തെരുവ് നായ ഭീഷണി ഇല്ലാതാക്കാൻ ക്യാന്പയിൻ
മനാമ: രാജ്യത്തെ തെരുവ് നായ ഭീഷണി ഇല്ലാതാക്കാൻ ക്യാന്പ്യയിനുമായി നഗരകാര്യ അസൂത്രണ മന്ത്രാലയം രംഗത്ത്. റസിഡൻഷ്യൽ ഏരിയയിൽ രൂക്ഷമാകുന്ന തെരുവ് നായ ശല്യത്തെ തുടർന്നാണ് ക്യാന്പയിൻ നടത്തുന്നതെന്ന് മന്ത്രാലയം അറിയിച്ചു.
പ്രശ്ന പരിഹാരാർത്ഥം വിവിധ ഔദ്യോഗിക സംവിധാനങ്ങൾ രൂപീകരിച്ചതായും മന്ത്രാലയം അറിയിച്ചു. രണ്ട് ഘട്ടങ്ങളായാണ് പദ്ധതി ആരംഭിക്കുക. മുനിസിപ്പൽ കൗൺസിൽ, ആഭ്യന്തര മന്ത്രാലയം, സിവിൽ സൊസൈറ്റി സ്ഥാപനങ്ങൾ എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. പ്രചാരണത്തിന്റെ ആദ്യ ഘട്ടത്തിൽ വിവിധ റസിഡൻഷ്യൽ ഏരിയകളിൽ നിന്നും അപകടകാരികളായ നായകളെ പിടികൂടും. അതിന് ശേഷം ഇവയെ വെറ്റിനറി കേന്ദ്രത്തിൽ എത്തിച്ച ശേഷം കൊല്ലാനും ക്യാന്പയിൻ ലക്ഷ്യമിടുന്നുണ്ട്.
ക്യാന്പയിന്റെ രണ്ടാം ഘട്ടത്തിൽ അപകടകാരികളല്ലാത്ത നായകളെ പിടികൂടുകയും, ഇവയെ വിവിധ സംരക്ഷണ കേന്ദ്രങ്ങളിൽ എത്തിക്കാനുമാണ് ലക്ഷ്യം. തെരുവ് നായ വിഷയത്തിൽ വിവിധ പരിപാടികളാണ് മന്ത്രാലയം ഈ വർഷം ആവിഷ്കരിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുവ് നായ്ക്കൾ ബുദ്ധിമുട്ടുണ്ടാക്കുന്നതായി മുന്പ് റിപ്പോർട്ട് ഉണ്ടായിരുന്നു.

