ബഹ്റിൻ ഏവർക്കും മാതൃരാജ്യം: ഹമദ് രാജാവ്
മനാമ: നി-യമവ്യവസ്ഥിതിയ്ക്ക് പ്രഥമ പരിഗണന നൽകുന്ന, മനുഷ്യത്വ മൂല്യങ്ങളെയും ആചാരങ്ങളെയും സംരക്ഷിക്കുന്ന ബഹ്‌റിൻ ലോകത്തിന്റെ ഏതു കോണിൽ നിന്നുള്ള ജനങ്ങൾക്കും മാതൃരാജ്യം തന്നെയെന്ന് ബഹ്‌റിൻ രാജാവ് ഹമദ് ബിൻ ഇസ അൽ −ഖലീഫ. ബഹ്‌റിൻ പാർലമെന്റ് സമ്മേളനത്തിന്റെ മൂന്നാം ഘട്ടം തുടങ്ങുന്നതോടനുബന്ധിച്ച് ഇസാ കൾച്ചറൽ സെന്ററിൽ സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന് പുറത്തു നിന്നുള്ള എല്ലാ ഭീഷണികളെയും അതിജീവിക്കുവാൻ രാജ്യത്തിന് എക്കാലവും സാധിക്കുമെന്നും രാജാവ് പറഞ്ഞു. രാജ്യത്തിന്റെ മൂല്യങ്ങൾ കാത്തു സൂക്ഷിക്കുക, രാജ്യത്തിന്റെ നവീകരണത്തിനും വളർച്ചയ്ക്കും പുരോഗതിക്കുമായി ഓരോരുത്തരും
ശ്രമിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. വിവിധ സംസ്കാരങ്ങളെയും മതങ്ങളെയും ഉൾക്കൊള്ളുന്ന രാജ്യത്തിന്റെ പൈതൃകം ആഗോള തലത്തിൽ ശ്രദ്ധയാകർഷിച്ചത് ചെറിയകാര്യമല്ല. പുതിയ കാലത്തെ ഭീഷണികളെ നേരിടാൻ മേഖലയിലെ മുഴുവൻ രാഷ്ട്രങ്ങളും ഒരുമിച്ച് നിൽക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിവിധ മേഖലകളിലെ ബഹ്റിൻ വനിതകളുടെ പങ്കാളിത്തവും മുന്നേറ്റവും ശ്രദ്ധേയമാണെന്നും അദ്ദേഹം പറഞ്ഞു. വനിതാ സുപ്രീം കൗൺസിലിന്റെ പ്രവർത്തകരെ അഭിനന്ദിക്കുന്നതായും അദ്ദേഹം അറിയിച്ചു. പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ നേതൃത്വത്തിൽ മികച്ച പ്രവർത്തനമാണ് സർക്കാർ നടത്തുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

