സർക്കാർ കരാറുകളിൽ തുക ലഭിച്ചാൽ മാത്രം വാറ്റ്; വ്യാപാരികൾക്ക് ആശ്വാസമാകുന്ന നിയമഭേദഗതിയുമായി ബഹ്‌റൈൻ


പ്രദീപ് പുറവങ്കര

മനാമ: സർക്കാർ കരാറുകളുമായി ബന്ധപ്പെട്ട തുക ലഭിച്ച ശേഷം മാത്രം മൂല്യവർദ്ധിത നികുതി (VAT) അടച്ചാൽ മതിയാകുന്ന പുതിയ നിയമഭേദഗതി ബഹ്‌റൈൻ പാർലമെന്റിന്റെ പരിഗണനയിൽ. സർക്കാർ തലത്തിലുള്ള പണമടവ് വൈകുന്നത് മൂലം കരാറുകാരും വ്യാപാരികളും നേരിടുന്ന സാമ്പത്തിക ഞെരുക്കം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ബിൽ കൊണ്ടുവരുന്നത്. ധനകാര്യ മന്ത്രാലയത്തിന്റെ വിയോജിപ്പുകൾ തള്ളി സാമ്പത്തിക കാര്യ സമിതി ഏകകണ്ഠമായി അംഗീകരിച്ച ഈ നിർദ്ദേശം ചൊവ്വാഴ്ച നടക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ ചർച്ച ചെയ്ത് വോട്ടിനിടും.

സർക്കാർ കരാറുകളിലെ ബില്ലുകൾ മാറാൻ സാധാരണയായി മൂന്ന് മുതൽ ആറ് മാസം വരെ സമയമെടുക്കാറുണ്ടെന്നും, ചില കുടിശ്ശികകൾ ഒരു വർഷത്തിലേറെയായി തീർപ്പാകാതെ കിടക്കുന്നുണ്ടെന്നുമാണ് പാർലമെന്ററി രേഖകൾ വ്യക്തമാക്കുന്നത്. എന്നാൽ, കരാർ തുക കയ്യിൽ കിട്ടുന്നതിന് മുൻപ് തന്നെ വിതരണക്കാർക്ക് വാറ്റ് അടയ്ക്കേണ്ടി വരുന്നത് ജീവനക്കാരുടെ ശമ്പളവും മറ്റ് ദൈനംദിന പ്രവർത്തനച്ചെലവുകളും കണ്ടെത്താൻ പോലും പണമില്ലാത്ത പ്രതിസന്ധി സൃഷ്ടിക്കുന്നു. ഈ ബുദ്ധിമുട്ട് ഒഴിവാക്കാനായി, സർക്കാർ വിതരണങ്ങൾക്ക് പണം ലഭിക്കുമ്പോൾ മാത്രം വാറ്റ് അടച്ചാൽ മതിയാകുന്ന തരത്തിൽ വാറ്റ് നിയമത്തിലെ ആർട്ടിക്കിൾ 13 ഭേദഗതി ചെയ്യാനാണ് ബിൽ നിർദ്ദേശിക്കുന്നത്.

അതേസമയം, നാഷണൽ ബ്യൂറോ ഫോർ റവന്യൂ മുഖേന പ്രതികരിച്ച ധനകാര്യ മന്ത്രാലയം ഈ ഭേദഗതിയെ എതിർത്തു. പ്രത്യേക ഇളവുകളും ചട്ടങ്ങളും കൊണ്ടുവരുന്നത് നികുതി ഭരണസംവിധാനത്തെ സങ്കീർണ്ണമാക്കുമെന്നും എല്ലാ നികുതിദായകർക്കും തുല്യ പരിഗണന ലഭിക്കുന്ന രീതിയെ ബാധിക്കുമെന്നുമാണ് മന്ത്രാലയത്തിന്റെ നിലപാട്. വാറ്റ് അടയ്ക്കുന്നത് വൈകുന്നത് സർക്കാരിന്റെ വരുമാനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് സാമ്പത്തിക ഉപദേഷ്ടാവ് ഡോ. അബ്ദുല്ല അൽ സാദിഖും ആശങ്ക പ്രകടിപ്പിച്ചു.

എന്നാൽ, പുതിയ മാറ്റം നികുതി വരുമാനം ലഭിക്കുന്നത് താൽക്കാലികമായി വൈകിപ്പിച്ചേക്കാമെങ്കിലും സർക്കാരിന്റെ ആകെ നികുതി ശേഖരണത്തിൽ കുറവുണ്ടാക്കില്ലെന്ന് പാർലമെന്ററി പഠന റിപ്പോർട്ട് വ്യക്തമാക്കുന്നു. പണമൊഴുക്ക് തടസ്സപ്പെടുന്നത് വ്യാപാരികളെ കടക്കെണിയിലാക്കാനും, ജീവനക്കാരെ പിരിച്ചുവിടാനും, ബിസിനസ് പ്രവർത്തനങ്ങൾ വെട്ടിച്ചുരുക്കാനും നിർബന്ധിതരാക്കുമെന്ന് പഠനം മുന്നറിയിപ്പ് നൽകുന്നു. സൗദി അറേബ്യ, ബ്രിട്ടൻ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ നിലവിലുള്ള സമാനമായ നികുതി രീതികൾ ഉദാഹരിച്ച റിപ്പോർട്ട്, ഇത് നടപ്പിലാക്കുമ്പോൾ കർശനമായ ഇൻവോയ്‌സ് പരിശോധനകളും വ്യക്തമായ അക്കൗണ്ടിംഗ് നിയമങ്ങളും ഉറപ്പാക്കണമെന്നും നിർദ്ദേശിക്കുന്നു. എംപിമാരായ ഹസൻ ഇബ്രാഹിം, ഡോ. അലി അൽ നുഐമി, ഹമദ് അൽ ഡോയ് എന്നിവരാണ് ഈ ബിൽ പാർലമെന്റിൽ സമർപ്പിച്ചത്.

article-image

sdfsdf

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed